ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമാ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഭീകാരാക്രമണത്തിന് പിന്നാലെ ഇയാളുടെ അവസാന സന്ദേശം അടങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കശ്മീരിലെ കാകപോറ സ്വദേശിയായ ആദില്‍ അഹമ്മദ് ധര്‍ ആണ് 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ആക്രമണം നടത്തിയത്. ഏതാണ്ട് 150 കിലോയിലധികം വരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഇടിച്ചു കയറ്റി ആദില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷം മുന്‍പാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ആദില്‍ ജെയ്‌ഷെ മുഹമ്മദില്‍ ചേരുന്നത്. സംഘടനയുടെ ഭാഗമായതിന് ശേഷം ഗുന്ദിബാഗ് വഗാസ് കമാന്‍ഡോ, ആദില്‍ അഹമ്മദ് തക്‌റന്‍വാല എന്നിങ്ങനെയുള്ള പേരുകളിലും ഇയാള്‍ അറിയപ്പെട്ടു. എന്റെ പേര് ആദിൽ, ഒരു വർഷം മുൻപാണ് ജയ്ഷെ മുഹമ്മദിൽ ചേരുന്നത്. ഈ വിഡിയോ നിങ്ങളിലെത്തുമ്പോൾ ഞാൻ സ്വർഗത്തിലായിരിക്കും. ഇതാണ് കശ്മീരിലെ ജനങ്ങൾക്കുള്ള എന്റെ അവസാനത്തെ സന്ദേശം- ആക്രമണത്തിന് ശേഷം പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളില്‍ ആദില്‍ പറയുന്നു.

റൈഫിളുകള്‍ കൈയില്‍ പിടിച്ച് ജയ്‌ഷെ മുഹമ്മദിന്റെ ബാനറിനു മുന്നില്‍ നിന്നുകൊണ്ടാണ് ആദില്‍ സംസാരിക്കുന്നത്. 2001ല്‍ ജെയ്‌ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ചാവേര്‍ സ്‌ഫോടനത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രണമാണിത്. കാശ്മീര്‍ നിയമസഭയെ ലക്ഷ്യമാക്കി അന്ന് നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു.