തിരുവനന്തപുരം: 600 കോടി രൂപ ചെലവില്‍ രാജ്യത്തെ മൂന്നാമത്തെ വന്‍ തുരങ്കപാത നിര്‍മ്മിക്കാനൊരുങ്ങി കേരളം. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പുതിയ തുരങ്കപാത. ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കപാത നിര്‍മിക്കുന്നത്. പദ്ധതിക്കായി ഏകദേശം 600 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വലുപ്പത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്ക പാതയാണിത്.
നിലവില്‍ കുറ്റ്യാടിച്ചുരം, താമരശ്ശേരിച്ചുരം, തലശ്ശേരിച്ചുരം എന്നിവയാണ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ വയനാടുമായി ബന്ധിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ തലശ്ശേരി, കുറ്റ്യാടി ചുരങ്ങള്‍ വഴി വലിയ ചരക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ല. യാത്രാ വാഹനങ്ങളാണ് പ്രധാനമായും ഇതുവഴി പോകുന്നത്. താമരശ്ശേരിച്ചുരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കള്‍ സ്ഥിരസംഭവമായി മാറുകയും ചെയ്തിട്ടുണ്ട്. മഴക്കാലങ്ങള്‍ മണ്ണിടിഞ്ഞും വാഹനങ്ങള്‍ കേടായും മണിക്കൂറുകളാണ് യാത്രക്കാരും ചരക്ക് വാഹനങ്ങളും വഴിയില്‍ കിടക്കേണ്ടി വരുന്നത്.
പുതിയ തുരങ്കം വയാനാട്ടിലേക്കുള്ള യാത്രക്ലേശം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. 2014ലാണ് പദ്ധതിയുടെ സാധ്യതാ പഠനം നടക്കുന്നത്. ശേഷം 2016ല്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. തുരങ്കപാത നിര്‍മ്മിക്കുന്നതോടെ 30 കിലോമീറ്ററോളം ലാഭിക്കാന്‍ കഴിയും. കൊങ്കണ്‍ കോര്‍പ്പറേഷനാവും പദ്ധതി നടപ്പിലാക്കുക. രണ്ടു വരി പാതയാണ് നിര്‍മ്മിക്കുക. ഇത് കൂടാതെ തുരങ്കപാതയുടെ രണ്ടറ്റത്തും അപ്രോച്ച് റോഡും ഇരവഞ്ഞിപ്പുഴയില്‍ 70 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കും.
Leave a Reply