കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനടക്കം നാലുപേര്‍ സംഭവശേഷം ആദ്യമെത്തിയത് പാര്‍ട്ടി ഓഫിസില്‍. ചട്ടംചാലിനടുത്തെ ഓഫിസിലാണ് മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങള്‍ കൂടി പൊലീസ് പിടിച്ചെടുത്തു.
കൃത്യത്തിനുശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സംഘം തിങ്കളാഴ്ച പുലർച്ചെ വരെ ഇവിടെയുണ്ടായിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍ തങ്ങി. നേരംപുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേയ്ക്കു മാറ്റി. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിച്ചിരുന്നെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
പിന്നീട് നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ സ്വാധിനമേഖലയിലായിരുന്നു പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു കാറും, ജിപ്പും, വാനും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ രക്തക്കറയും, വാഹനം ഇടിച്ചതിന്റെ തെളിവുകളും ലഭിച്ചു. ശരത് ലാലിനേയും, കൃപേഷിനേയും വെട്ടിപരുക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച പ്രധാന ആയുധം അന്വേഷണസംഘത്തിന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പീതാംബരന്റെ വീട്ടിലെത്തി സിപിഎം മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ അടക്കമുള്ളവർ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബത്തിന്റെ വെളിപ്പെടുത്തൽ. പാർട്ടി അറിയാതെ പീതാംബരൻ തനിച്ചു കൊലപാതകം നടത്തില്ലെന്നും മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള ഭാര്യ മഞ്ജുവിന്റെയും അമ്മ തമ്പായിയുടെയും നിലപാട് രാവിലെ ചാനലുകളിലൂടെ പുറത്തുവന്നതിനു പിന്നാലെ നേതാക്കൾ വീട്ടിലെത്തി.
ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇനി എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും ഒന്നും ഭയപ്പെടേണ്ടെന്നും ഇന്നലെ വീട്ടിലെത്തിയ നേതാക്കൾ ഉറപ്പുനൽകി. പാർട്ടിക്കു വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ലെന്നും പറഞ്ഞു. പണം നൽകാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ വാങ്ങിയില്ല. പുറമേ നിന്നുവന്ന ആരൊക്കെയോ ചേർന്നാണു കൊലപാതകം നടത്തിയതെന്നും പാർട്ടിക്കു വേണ്ടി പീതാംബരൻ കുറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നുമാണു കുടുംബം കരുതുന്നത്.
തെളിവെടുപ്പിനിടെ പീതാംബരൻ കാണിച്ചുകൊടുത്തതനുസരിച്ച് പൊലീസ് കണ്ടെടുത്തതു തുരുമ്പിച്ച വടിവാളും 4 ഇരുമ്പുദണ്ഡുകളും. കൊല നടന്ന സ്ഥലത്തുനിന്നു 400 മീറ്ററോളം അകലെ സിപിഎം പ്രവർത്തകൻ ശാസ്താ ഗംഗാധരന്റെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് ഇവ കണ്ടെത്തിയത്. അതേസമയം, വെള്ളമില്ലാത്ത കിണറ്റിൽ കിടന്നിരുന്ന, പൂർണമായും തുരുമ്പിച്ച വടിവാൾ കൊലയ്ക്ക് ഉപയോഗിച്ചതാണോയെന്നു സംശയം ഉയർന്നിട്ടുണ്ട്.
ശരത്‍ലാലിന്റെയും കൃപേഷിന്റെയും ദേഹത്തെ മുറിവുകൾ ആഴത്തിലുള്ളതാണ്. കൃപേഷിന്റെ തലച്ചോറ് പിളർന്നിരുന്നു. ശരത്‍ലാലിന്റെ കാൽമുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടർന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. തുരുമ്പെടുത്ത വാൾ കൊണ്ട് ഇത്രത്തോളം വലിയ മുറിവുകളേൽപിക്കാൻ കഴിയുമോ എന്നാണു സംശയം.
ആഴത്തിലുള്ള മുറിവു സംഭവിക്കണമെങ്കിൽ മൂർച്ചയേറിയതും കനമുള്ളതുമായ ആയുധം വേണമെന്നു ഫൊറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരത്‍ലാലിന്റെ ശരീരത്തിലെ 20 മുറിവുകളും വാളിന്റെ വെട്ടേറ്റുള്ളതാണ്. നെറ്റിയിലെ മുറിവ് 23 സെന്റിമീറ്റർ നീളത്തിലുള്ളതാണ്. ചെവി മുതൽ കഴുത്തുവരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ടാക്കാൻ ഇരുമ്പു ദണ്ഡ് കൊണ്ടു പറ്റില്ല. ദണ്ഡുകൾ ഉപയോഗിച്ചുള്ള മർദനപ്പാടുകളൊന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലോ ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ചൂണ്ടിക്കാട്ടിയിട്ടുമില്ല.
ഒന്നിലേറെ വാളുകളുണ്ടെന്നു സൂചനയുണ്ടെങ്കിലും അതേക്കുറിച്ചൊന്നും വിവരം ലഭിച്ചിട്ടില്ല. മൂർച്ചയേറിയ കത്തിപോലെയുള്ള ആയുധങ്ങളും ഉപയോഗിച്ചെന്നാണു മുറിവുകളുടെ ആഴം പരിശോധിച്ചപ്പോൾ അന്വേഷണ സംഘത്തിനു മനസ്സിലായത്. കിണറ്റിൽനിന്നു കിട്ടിയ വടിവാളിന്റേതെന്നു സംശയിക്കുന്ന പിടി കൊല നടന്ന സ്ഥലത്തിനടുത്തു നിന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലെ രക്തക്കറയും തലമുടിയും ഫൊറൻസിക് ലാബിലേക്ക് അയച്ചു
പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ചു പറയുന്നതിങ്ങനെ– ‘‘പീതാംബരൻ ആദ്യം ഇരുമ്പുദണ്ഡ് കൊണ്ടു ശരത്‍ലാലിന്റെ തലയ്ക്കടിച്ചു. തുടർന്നു മറ്റുള്ളവർ വാളുകൾ കൊണ്ടും ഇരുമ്പു പൈപ്പുകൾ കൊണ്ടും വെട്ടിയും അടിച്ചും കൊലപ്പെടുത്തി. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു ആക്രമണം. രാഷ്ട്രീയ വിരോധമായിരുന്നു കാരണം.’’
കൂടുതൽ പേരെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നു വ്യക്തമാക്കിയ പൊലീസ് പ്രതികളുടെ എണ്ണം എത്രയാണെന്നു പറഞ്ഞിട്ടില്ല. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും കൊല്ലപ്പെട്ടവരുടെ ദേഹത്തുള്ള പരുക്കുകൾ അതിന്റെ ഭീകരത വെളിപ്പെടുത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് കസ്റ്റഡിയിൽ വിട്ട പീതാംബരനെ 27നു കോടതിയിൽ തിരികെ ഹാജരാക്കണം. കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായേക്കും.
Leave a Reply