ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളായി. തിരുവനന്തപുരത്ത് സി. ദിവാകരനും വയനാട് പിപി. സുനീർ, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, തൃശൂർ രാജാജി മാത്യു തോമസ് എന്നിവരാണ് മത്സരിക്കുക.
മത്സരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. സെക്രട്ടറിയെന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നു സിപിഐ സംസ്ഥാനനിര്‍വാഹകസമിതിയില്‍ കാനം നിലപാടറിയിച്ചു. തിരുവനന്തപുരം മണ്ഡലത്തിലാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചിരുന്നത്. ഇതോടെയാണ് ദിവാകരനു നറുക്ക് വീണത്.
നാലു മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ഥി പാനല്‍ നിശ്ചയിക്കാനാണ് സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി ഇന്നുചേർന്നത്. സംസ്ഥാന നിര്‍വാഹകസമിതി നാലു മണ്ഡലങ്ങളിലേക്കും മൂന്നുപേര്‍ വീതമടങ്ങുന്ന പാനലുകള്‍ തയാറാക്കി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റും കൗണ്‍സിലുമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.
എന്നാൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ഇന്ദിര ഭവനിൽ ചേർന്ന കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പേരെടുത്തുള്ള ചർച്ചകളിലേക്ക് കടക്കാതെ പിരിഞ്ഞു. കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം ചർച്ച നടത്തി അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി .
ഡിസിസികൾ നൽകിയ പട്ടിക കൂടി പരിഗണിച്ച് ഈയാഴ്ച അവസാനത്തോടെ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് നല്‍കും. സിറ്റിങ് സീറ്റുകളില്‍ നിലവിലുള്ള എംപിമാരുടെ പേരുകള്‍ തന്നെ നല്‍കാനാണ് കെപിസിസി തീരുമാനം. എന്നാല്‍ പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ പേര് ജില്ലാ നേതൃത്വത്തിന്റെ പട്ടികയില്‍ ഇല്ല. പത്തനംതിട്ട ഡിസിസിക്ക് കെപിസിസിയുടെ വിമര്‍ശനം നേരിടേണ്ടി വന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്ന് ഡിസിസിക്ക് നിര്‍ദേശം നൽകി.
എറണാകുളത്ത് കെ.വി.തോമസിന് പകരം പുതിയ പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചാലക്കുടിയില്‍ പി.സി.ചാക്കോയുടെ പേര് ഉയര്‍ന്നുവന്നതും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മല്‍സരിക്കണമെന്ന അഭിപ്രായം ശക്തമായതും സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വി.എം. സുധീരന്‍ വ്യക്തമാക്കി. ഇക്കാര്യം കെ.പി.സി.സി തിരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിച്ചു. തന്റെ പേര് യോഗത്തില്‍ ഉയര്‍ന്നപ്പോഴായിരുന്നു പ്രതികരണം
Leave a Reply