ഹീത്രോ, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങളിലും വാട്ടര്‍ലൂ റെയില്‍വേ സ്റ്റേഷനിലും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. എ ഫോര്‍ പോസ്റ്റല്‍ ബാഗുകളിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ചെറിയ ഐഇഡികളാണ് ഇവയെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ മെറ്റ് പോലീസിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതൊരു അനുബന്ധ സംഭവമെന്ന നിലയ്ക്കാണ് കണക്കാക്കുന്നതെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണെന്നും പോലീസ് അറിയിച്ചു. ഹീത്രൂവിലും വാട്ടര്‍ലൂവിലും കണ്ടെത്തിയ പാക്കേജുകളില്‍ അയര്‍ലന്‍ഡ് റിപ്പബ്ലിക്ക് സ്റ്റാമ്പുകളാണ് പതിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ഐറിഷ് പോലീസും അന്വേഷണത്തില്‍ മെറ്റ് പോലീസുമായി സഹകരിക്കുന്നുണ്ട്.
9.55ന് പാക്കേജ് ശ്രദ്ധയില്‍പ്പെട്ടതോടെ ഹീത്രൂവിലെ കോമ്പസ് സെന്റര്‍ ഒഴിപ്പിച്ചു. പാക്കേജ് തുറന്നപ്പോള്‍ അതിന് തീ പിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. എല്ലാ പോസ്റ്റല്‍ ബാഗുകളിലും സ്ഫോടകവസ്തുക്കള്‍ തന്നെയായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി സ്കോട്ട്ലന്‍ഡ് യാര്‍ഡ് വ്യക്തമാക്കി. തുറക്കുമ്പോള്‍ തീ ഉയരുന്ന വിധത്തിലായിരുന്നു ഇത് സജ്ജമാക്കിയിരുന്നത്. ഗ്രീറ്റിംഗ് കാര്‍ഡുകള്‍ക്കായി ഡിസൈന്‍ ചെയ്ത ലവ് ആന്‍ഡ് വെഡ്ഡിംഗ് സ്റ്റാമ്പുകളാണ് പോസ്റ്റല്‍ കവറുകളില്‍ പതിച്ചിരുന്നതെന്ന് അയര്‍ലന്‍ഡ് പോസ്റ്റല്‍ സര്‍വീസും സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്ന് ഹീത്രൂവിലെ കോമ്പസ് സെന്റര്‍ അടച്ചിട്ടിരിക്കുകയാണ്.
വാട്ടര്‍ലൂവില്‍ എത്തിയ കവറില്‍ അയച്ചയാളുടെ അഡ്രസ് ഡബ്ലിനിലെ ബസ് ഐറണ്‍ എന്നാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് സിറ്റി ബസ് ഓപ്പറേറ്ററായ കമ്പനി പ്രതികരിക്കുന്നത്. സ്ഫോടക വസ്തുക്കള്‍ പോസ്റ്റലായി അയച്ചു കൊടുക്കുന്ന രീതി യുകെയില്‍ വളരെ അപൂര്‍വമായി മാത്രമേ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളു.
Leave a Reply