ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ പ്ലാസ പ്രീമിയം ലോഞ്ചിനെതിരെ പൊലീസ് കേസെടുത്തു. ഇവിടെ ചായ ഉണ്ടാക്കാന്‍ ഉപയോഗിച്ച ചായപ്പൊടി പാക്കറ്റുകള്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ ചായപ്പൊടി ഉപയോഗിച്ചായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചായ ഉണ്ടാക്കി നല്‍കിയത്.
അനാരോഗ്യകരമായ രീതിയില്‍ ചായ ഉണ്ടാക്കി നല്‍കിയതിന് ഐപിസി 273 പ്രകാരം ആണ് കേസെടുത്തത്. മാര്‍ച്ച് 9ന് ഹൈദരാബാദിലെ ശംഷാദ്ബാദില്‍ റാലിയില്‍ പങ്കെടുക്കാനായാണ് രാഹുല്‍ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. പുറത്തേക്ക് പോവും മുമ്പ് ഇവിടെ വച്ച് ചായ കുടിക്കാനാണ് രാഹുല്‍ തീരുമാനിച്ചത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന തെലങ്കാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു.
ചായ ഇട്ടു നല്‍കിയെങ്കിലും ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ചായ കുടിച്ചില്ല. ഉടന്‍ തന്നെ ഫൊറന്‍സിക് അധികൃതര്‍ വിമാനത്താവളത്തിലെ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 2018നാണ് കാലാവധി അവസാനിച്ചതെന്നാണ് വിവരം. സംഭവത്തില്‍ കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് 6 മാസം തടവും 1000 രൂപ പിഴയും ഈടാക്കും.
Leave a Reply