ഷിബു മാത്യൂ
കേംബ്രിഡ്ജ്: വാഴ കുലയ്ക്കുന്നത് സർവ്വസാധാരണമാണെങ്കിലും വീടിനുള്ളിലെ ചെടിച്ചട്ടിയിൽ അവിശ്വസനീയമായ ഉയരത്തിൽ ഒരു വാഴ കുലയ്ക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായിരിക്കും. ആറ് പടലകളോടുകൂടിയ വാഴക്കുല ഒമ്പതടി ഉയരത്തിലാണുള്ളത്. ഇലകളുടെ നീളം ഏഴടിയ്ക്കുംമേൽ. കൺസർവേറ്ററിയിലെ ചെടിച്ചട്ടിയിൽ വളരുന്ന വാഴയ്ക്ക് ഒരാൾ പൊക്കത്തോളമുള്ള രണ്ട് തൈകളും കൂടിയുണ്ട്. അമിത ഉയരത്തിലേയ്ക്ക് വളർന്ന വാഴയിലകൾ വളച്ച് നാലു സൈഡിലേയ്ക്കുമായി ഒതുക്കിയപ്പോൾ സാമാന്യം വലുപ്പമുള്ള ഒരു കൺസർവേട്ടറി ഒരു വാഴത്തോട്ടത്തിന്റെ പ്രതീതിയായി മാറി.
യുകെയിലെ കേംബ്രിഡ്ജിൽ താമസിക്കുന്ന ബിനോയ് തോമസ്സിന്റെ വീടിനുള്ളിലാണ് ആരെയും അമ്പരിപ്പിക്കുന്ന ഭീമൻ വാഴ കുലച്ചത്. മൂന്നു വർഷവും അഞ്ച് മാസവും എടുത്ത് കുലച്ച ഈ വാഴ റോഗസ്റ്റാ ഇനത്തിൽപ്പെട്ടതാണ്. 2015ൽ അടുത്ത ഒരു സുഹൃത്തിൽ നിന്നും സംഘടിപ്പിച്ച ടിഷ്യൂ കൾച്ചറൽ വാഴച്ചെടിയായിരുന്നു ഇത്. കൈയ്യിൽ കിട്ടുമ്പോൾ ഒരു ടേബിൾ സ്പൂണിന്റെ വലുപ്പമേയുണ്ടായിരുന്നുള്ളുവെന്ന് ബിനോയ് തോമസ് പറയുന്നു. മണ്ണ് നിറച്ച ഒരു ചെറിയ പ്ലാസ്റ്റിക് ബാഗിലാണ് വാഴത്തൈ കിട്ടിയത്. പിന്നീടത് ഒരു ചെറിയ ചെടി ചട്ടിയിലേയ്ക്ക് മാറ്റി. ഒരു ഭംഗിക്കെന്നുവോളം വീടിന്റെ കൺസർവേറ്ററിയിൽ മറ്റുള്ള ചെടികളോടൊപ്പം ഈ വാഴച്ചെടിയും പതിയെ വളർന്നുതുടങ്ങി. മറ്റുള്ള ചെടികൾക്കപ്പുറം പ്രത്യേകിച്ചൊരു പരിഗണന ഈ വാഴച്ചെടിയ്ക്ക് നൽകിയിരുന്നില്ല എന്ന് ബിനോയ് തോമസ്സ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മുരടിച്ച അവസ്ഥയിലായിരുന്നു തുടക്കം. ഇതിനിടയിൽ മൂന്നു തണുപ്പുകാലവും കടന്നു പോയി. തണുപ്പ് കാലങ്ങളിൽ ചെടികൾക്ക് പൊതുവേ വളർച്ച കുറവാണല്ലോ! കൂടാതെ ഇടവിട്ടുള്ള നാട്ടിൽപോക്കും വാഴച്ചെടിയുടെ വളർച്ചയെ കാര്യമായി ബാധിച്ചു. അയൽപക്കക്കാരായ അനീഷും അനുവും പ്രകാശും ഡെന്നിയുമൊക്കെ ഇടയ്ക്കു വന്ന് അവധിക്കാലത്ത് വാഴയെ പരിചരിച്ചിരുന്നു. അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പലപ്പോഴും ഇലകൾ വാടി ഒടിഞ്ഞു വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. വെള്ളമൊഴിച്ച് വീണ്ടും പരിചരിക്കുമ്പോൾ വാഴ വീണ്ടും വളർന്നു തുടങ്ങും. എന്നാൽ കഴിഞ്ഞ വർഷത്തെ വേനൽക്കാലത്താണ് വാഴച്ചെടിയുടെ വളർച്ചയിൽ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങിയതെന്ന് ബിനോയ് പറയുന്നു. ഇതിനോടകം ചെറിയ രണ്ടു വാഴച്ചെടികളും കൂടി പൊട്ടി മുളയ്ക്കാൻ തുടങ്ങി. തുടർന്ന് വാഴ ചെറിയ ചട്ടിയിൽ നിന്നും അല്പം കൂടി വലിയ ചട്ടിയിലേയ്ക്ക് മാറ്റേണ്ടതായി വന്നു. ചട്ടിയിൽ നിറച്ച സാധാരണ കിട്ടാറുള്ള കംമ്പോസ്ററും മണ്ണും ചേർന്ന മിശ്രിതത്തിലാണ് വാഴ വളരുന്നത്. ആവശ്യത്തിന് വെള്ളവുമൊഴിക്കും. കഴിഞ്ഞ ഒരു വർഷമായിട്ട് ക്രമാതീതമായ വളർച്ചയായി രുന്നു. ഏകദേശം എട്ടടിപ്പൊക്കത്തിന് മുകളിലായപ്പോൾ കുലയ്ക്കാനുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കഴിഞ്ഞ മാസം ആദ്യത്തോടെ വാഴ കുലച്ചു. ആറ് പടലകൾ. ഓരോ പടലയിലും പന്ത്രണ്ട് കായ്കൾ വീതമുണ്ട്. ദിവസങ്ങൾ പിന്നിടുമ്പോഴും കായ്കൾ വലുതായിക്കൊണ്ടിരിക്കുകയാണ്.
വാഴക്കുലയുടെ പ്രശക്തി കേംബ്രിഡ്ജിന് പുറത്തേയ്ക്കും വ്യാപിച്ച് തുടങ്ങി. കേംബ്രിഡ്ജിന് അകത്തും പുറത്തു നിന്നുമായി പാശ്ചാത്യർ ഉൾപ്പെടെ നിരവധിയാളുകൾ ഇതിനോടകം ബിനോയിയുടെ വീട്ടിലേയ്ക്ക് എത്തിക്കഴിഞ്ഞു. കുലച്ചു നിൽക്കുന്ന വാഴയോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നവരും ധാരാളം. വാഴക്കുലയും വാഴച്ചുണ്ടും സ്വന്തമാക്കുന്നതിന് പലരും ഇതോടെ ശ്രമമാരംഭിച്ചു കഴിഞ്ഞു. വാഴത്തൈ ആവശ്യപ്പെടുന്നവരും ധാരാളം.ഈ വാഴയോട് ഒരു പ്രത്യേക മമതയുണ്ടെന്ന് തികഞ്ഞ കർഷക സ്നേഹിയായ ബിനോയ് തോമസ് പറയുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഈ വാഴയുടെ ഇലയിലാണ് ബിനോയിയും കുടുംബവും ഓണസദ്യ ഉണ്ണുന്നത്. അത്യാവശ്യം സുഹൃത്തുകൾക്കും വാഴയില കൊടുക്കാറുണ്ട്. കോട്ടയം ജില്ലയിലെ വി. കന്തീശങ്ങളുടെ നാടായ കോതനല്ലൂർ വെള്ളാമറ്റം കുടുംബാംഗമാണ് ബിനോയ് തോമസ്സ്. ഐഡിയലിസ്റ്റിക് ഫൈനാൻഷ്യൽ സർവ്വീസ് അഡ്വൈസറായി ജോലി ചെയ്യുന്നു. മഞ്ചുവാണ് ഭാര്യ. ലിയോൺ, ക്രിസ് എന്നിവർ മക്കളാണ്. കൂടാതെ ബിനോയിയുടെ സഹോദരൻ സിനോയ് തോമസും കുടുംബവും കേംബ്രിഡ്ജിൽ തന്നെയാണ് താമസം.
Leave a Reply