ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ 54 അടി ആഴമുളള കുഴല്‍കിണറില്‍ വീണ ഒന്നര വയസുകാരനെ 48 മണിക്കൂര്‍ പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി. നാദിം ഖാന് എന്ന കുട്ടിയെ വെളളിയാഴ്ച്ച വൈകുന്നേരും 5.30ഓടെയാണ് സൈന്യും ദുരന്തനിവാരണ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു കുട്ടി കിണറ്റില്‍ വീണത്.
ഒരു കര്‍ഷകന്റെ സ്ഥലത്തുളള കുഴല്‍കിണറിന്റെ അടുത്ത് കളിച്ച് കൊണ്ടിരിക്കെയാണ് നാദിം വീണ് പോയത്. മറ്റ് കുട്ടികളാണ് വീട്ടുകാരെ അപകടവിവരം അറിയിച്ചത്. കിണറ്റില്‍ നിന്നും പുറത്തെടുത്ത കുട്ടിയെ ഉടന്‍ തന്നെ അഗ്രോഹ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യത്തിന്റേയും ദുരന്ത നിവാരണ സേനയുടേയും ഗ്രാമവാസികളുടേയും സഹായത്തോടെയാണ് കുട്ടിയെ പുറത്തെടുക്കാനായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അശേക് കുമാര്‍ മീന പറഞ്ഞു.
എത്ര ആഴത്തിലാണ് കുട്ടി വീണതെന്ന് തിരിച്ചറിയാന്‍ കഴിയാഞ്ഞിരുന്നത് രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാക്കിയെന്നും കമ്മീഷണര്‍ പറഞ്ഞു. രാത്രി കാണാവുന്ന ക്യാമറ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ നിരീക്ഷിച്ചത്. അകത്ത് ഇരുട്ടായത് കൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് കുട്ടി വീണ സ്ഥലം കണക്കാക്കിയത്. കുട്ടി വളരെ ധൈര്യശാലിയാണെന്നും ജീവനും കൊണ്ട് 48 മണിക്കൂറാണ് കുട്ടി കിണറ്റില്‍ ഇരുന്നതെന്നും മീന പറഞ്ഞു.
വ്യാഴാഴ്ച്ച കുട്ടിക്ക് കിണറ്റിലേക്ക് ബിസ്കറ്റും വെളളവും ഇട്ട് കൊടുത്തിരുന്നു. ഈ ബിസ്കറ്റ് കഴിച്ചാണ് കുട്ടി അതിജീവിച്ചത്. ശ്വാസം മുട്ടാതിരിക്കാനായി ഓക്സിജനും കിണറ്റിനകത്ത് ഒരുക്കി. ഗ്രാമവാസികളെ പ്രത്യേകം അഭിനന്ദിക്കുന്നതായി മീന പറഞ്ഞു. കുഴല്‍കിണറിന് സമാനമായി മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. സംഭവത്തില്‍ കുഴല്‍കിണറിന് അടപ്പ് വെക്കാതിരുന്ന കര്‍ഷകനെതിരെ പൊലീസ് കേസെടുത്തു.
Leave a Reply