കരിപ്പൂര്‍ വിമാനാപകടത്തിന് രണ്ടുവര്‍ഷം തികയുന്നവേളയില്‍ കൊണ്ടോട്ടിക്കാര്‍ക്ക് സ്നേഹോപഹാരവുമായി വിമാനത്തിലെ യാത്രക്കാര്‍. കോവിഡ് ഭീതിയുടെ കാലത്ത്, കോരിച്ചൊരിയുന്ന മഴയില്‍ വിമാനം അപകടത്തില്‍പ്പെട്ടപ്പോഴും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാംമറന്ന് മുന്നിട്ടിറങ്ങിയ നാട്ടുകാര്‍ക്കായി വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്മ ആശുപത്രി കെട്ടിടം നിര്‍മിച്ചുനല്‍കും.

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് 50 ലക്ഷത്തോളം രൂപ മുടക്കി കെട്ടിടം നിര്‍മിച്ചുനല്‍കുന്നത്. ഓഗസ്റ്റ് ഏഴാം തീയതി കരിപ്പൂരിലെ അപകടസ്ഥലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച ധാരണപത്രം കൈമാറുമെന്ന് എംഡിഎഫ്. കരിപ്പൂര്‍ ഫ്ളൈറ്റ് ക്രാഷ് ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ കണ്‍വീനര്‍ സജ്ജാദ് ഹുസൈന്‍ അറിയിച്ചു.

അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പ്രദേശവാസികള്‍ക്ക് പ്രത്യുപകാരമായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കൂട്ടായ്മയുടെ ലീഗല്‍ കണ്‍വീനറായ സജ്ജാദ് ഹുസൈന്‍ പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന ആലോചന വന്നതോടെ അംഗണവാടി കെട്ടിടം, ല്രൈബറി തുടങ്ങിയ പല നിര്‍ദേശങ്ങളും വന്നിരുന്നു.

ഇതിനിടെയാണ് അപകടസ്ഥലത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തെക്കുറിച്ചും ചര്‍ച്ച വന്നത്. പാവപ്പെട്ടവര്‍ ഏറെ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണിത്. ഇതോടെയാണ് ആശുപത്രിക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒ.പി. കൗണ്ടര്‍, ഫാര്‍മസി, ഒബ്സര്‍വേഷന്‍ ഏരിയ, തുടങ്ങിയ ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളടങ്ങിയ കെട്ടിടം നിര്‍മിച്ചുനല്‍കാനാണ് പദ്ധതി.

അപകടത്തില്‍നിന്ന് ലഭിച്ച നഷ്ടപരിഹാര തുകയില്‍നിന്ന് ഒരു വിഹിതമാണ് എല്ലാവരും ഇതിലേക്ക് സംഭാവന ചെയ്യുക. അമ്പതുലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ മന്ത്രി വി.അബ്ദുറഹിമാന്‍, ടി.വി. ഇബ്രാഹിം എം.എല്‍.എ. തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് പദ്ധതിയുടെ ധാരണാപത്രം കൈമാറും.

2020 ഓഗസ്റ്റ് ഏഴാം തീയതിയാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് 1344 വിമാനം കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. 184 യാത്രക്കാരും ആറ് ജീവനക്കാരും അടക്കം ആകെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പൈലറ്റുമാര്‍ക്കും കുട്ടികളടക്കം 19 യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.