ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേഴ്സ് വിമാനത്തില്‍ ജര്‍മ്മനിയിലേക്ക് പറന്ന യാത്രക്കാര്‍ എത്തിച്ചേര്‍ന്നത് എഡിന്‍ബറോ വിമാനത്താവളത്തില്‍. വിമാനം എഡിന്ബറോയില് എത്തിച്ചേര്‍ന്നതിന് ശേഷമാണ് യാത്രക്കാര്‍ക്ക് തെറ്റായ സ്ഥലത്താണ് എത്തിച്ചേര്‍ന്നതെന്ന് മനസിലായത്. ആദ്യഘട്ടത്തില്‍ തങ്ങള്‍ക്ക് ഒന്നും മനസിലായില്ലെന്നും ലക്ഷ്യം സ്ഥാനം മാറിയത് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബ്രിട്ടീഷ് എയര്‍വേഴ്സിന്റെ ഡബ്ല്യു.ഡി.എല്‍ എവിയേഷന്‍ ഓപ്പറേറ്റഡ് വിമാനത്തിനാണ് അബദ്ധം പിണഞ്ഞത്. പൈലറ്റിന് നല്കിയ മാര്‍ഗ നിര്‍ദേശ രേഖയിലെ തെറ്റാണ് അബദ്ധത്തിന് കാരണം. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നതായി കമ്പനി അറിയിച്ചു. പ്രശ്നം പരിഹരിച്ച ശേഷം വിമാനം ജര്‍മ്മനിയിലേക്ക് പറക്കുകയും ചെയ്തു.
ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെ 7.47 ജര്‍മ്മനിയിലേക്ക് പറന്ന ബി.എ3271 വിമാനമാണ് ലക്ഷ്യ സ്ഥാനം മാറി ലാന്‍ഡ് ചെയ്തത്. ഏതാണ്ട് 1.13 മണിക്കൂറിന് ശേഷം വിമാനം എഡിന്ബറോയില് ഇറങ്ങി. യാത്രക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം അനുസരിച്ച് വിമാനം ജര്‍മ്മനിയിലാണ് ഇറങ്ങുന്നതെന്നാണ് ഏവരും ധരിച്ചിരുന്നത്. ലാന്‍ഡിംഗിന് ശേഷമാണ് ക്രൂ അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ അബദ്ധം മനസിലായതെന്നാണ് സൂചന. ലാന്‍ഡിംഗിന് ശേഷം എഡിന്‍ബറോ വിമാനത്താവളം നിങ്ങളെ സ്വാഗതം ചെയ്യുന്നതായി അനൗണ്‍സ്മെന്റ് എത്തി. അപ്പോള്‍ മാത്രമാണ് അബദ്ധം പിണഞ്ഞ കാര്യം യാത്രക്കാര്‍ തിരിച്ചിറയുന്നത്. വീണ്ടും ഇന്ധനം നിറച്ച ശേഷം വിമാനം യഥാര്‍ത്ഥ ലക്ഷ്യസ്ഥാനത്തേക്ക് പറക്കുകയും ചെയ്തു.
ജര്‍മ്മനിയിലേക്ക് പറന്ന ഞാന്‍ എങ്ങനെയാണ് എഡിന്ബറോയില് എത്തിച്ചേര്‍ന്നതെന്ന് ബ്രിട്ടീഷ് എയര്‍വേഴ്സ് അധികൃതര്‍ വിശദീകരിക്കാന്‍ ബാധ്യസ്ഥരാണെന്ന് യാത്രക്കാരില്‍ ഒരാള്‍ ട്വീറ്റ് ചെയ്തു. പലരും ഞെട്ടല്‍ രേഖപ്പെടുത്തിയാണ് സംഭവം സോഷ്യല്‍ മീഡയയില്‍ വിശദീകരിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസിലായതില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ പറയുന്നു.
Leave a Reply