രാജ്യത്താകെ 305 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന നടി ഉൗര്‍മിള മണ്ഡോദ്കറാണ് മുംബൈ നോര്‍ത്തില്‍ സ്ഥാനാര്‍ഥി. പ്രചാരണം സജീവമായിട്ടും ഔദ്യോഗിക പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിയാത്ത മണ്ഡലങ്ങളാവുകയാണ് കേരളത്തിലെ വയനാടും വടകരയും.
ബുധനാഴ്ചയാണ് ഉൗര്‍മിള മണ്ഡോദ്കര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. വെള്ളിയാഴ്ച അവരുടെ സ്ഥാനാര്‍ഥിത്വം എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഔദ്യോഗികമായി ഇപ്പോഴും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലാത്ത ശത്രുഘ്നന്‍ സിന്‍ഹ തന്നെയാണ് പട്ന സാഹിബിലെ സ്ഥാനാര്‍ഥിയെന്നും ഏതാണ്ട് ഉറപ്പാണ്. പട്ടികകളോരോന്നായി പുറത്തു വന്നിട്ടും കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന രണ്ടു മണ്ഡലങ്ങള്‍ ഇപ്പോഴും പടിക്കുപുറത്താണ്. കേരളത്തിലെ വയനാടും വടകരയും.
വയനാട് സീറ്റ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തീരുമാനത്തിന് കാത്തുവച്ചിരിക്കുകയാണെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. അപ്പോള്‍ പിന്നെ വടകരയോ ? വടകരയില്‍ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസം കോണ്‍ഗ്രസ് വക്താവിന്‍റെ മറുപടി. തിരഞ്ഞെടുപ്പ് സമിതിയോഗങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് അന്തിമ അംഗീകാരം നല്‍കുക. എ.കെ.ആന്‍റണിയും കെ.സി വേണുഗോപാലും കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും ഈ തിരഞ്ഞെടുപ്പു സമിതിയിലെ അംഗങ്ങളാണ്.
മറ്റുസംസ്ഥാനങ്ങളിലും ചില തീരുമാനങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നാണ് നേതൃത്വത്തിന്‍റെ ന്യായം. രണ്ടാമതൊരു മണ്ഡലം തിരഞ്ഞെടുക്കണമെങ്കില്‍ വയനാടിനൊപ്പം കര്‍ണാടകയിലെ ബീദറും രാഹുലിന്‍റെ പരിഗണനയിലുണ്ടെന്നാണ് വിവരം.
Leave a Reply