ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് ഗുരുതരം; സാമ്പത്തിക സ്ഥിതിയിൽ ആശങ്ക രേഖപ്പെടുത്തി റിസര്‍വ് ബാങ്ക് ഗവർണര്‍

ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് ഗുരുതരം; സാമ്പത്തിക സ്ഥിതിയിൽ ആശങ്ക രേഖപ്പെടുത്തി റിസര്‍വ് ബാങ്ക് ഗവർണര്‍
September 17 03:45 2019 Print This Article

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ രേഖപ്പെട്ടുത്തിയ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കിലെ (ജിഡിപി) ഇടിവ് ഗുരുതരമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ് രേഖപ്പെട്ടുത്തിയത്. ആഭ്യന്തര ഉത്പാദന നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞതില്‍ അമ്പരപ്പ് തോന്നുന്നെന്നും എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രതികരിച്ചു. സിഎൻബിസി- ടിവി 18 ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ജിഡിപി ഇടിവ് സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയത്.

ജിഡിപി വളര്‍ച്ചാ നിരക്ക് 5.5 ശതമാനത്തില്‍ കുറയില്ലെന്നായിരുന്നു കണക്കു കൂട്ടല്‍. ആർബിഐ 5.8 ശതമാനം വളർച്ചാ നിരക്കാണ് പ്രവചിച്ചത്. എന്നാല്‍, തീർത്തും അപ്രതീക്ഷിതമായിട്ടാണ് അഞ്ച് ശതമാനമായി കുറഞ്ഞത്. എല്ലാ പ്രവചനങ്ങളെക്കാളും നിരക്കിലുണ്ടായ കുറവ് എന്തുകൊണ്ട് സംഭവിച്ചുവെന്നത് വിലയിരുത്തി വരികയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. എന്നാൽ തിരിച്ചടിയിൽ നിന്നും കരകയറാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ള സാമ്പത്തിക ഉത്തേജക നടപടികളിലാണ് അദ്ദേഹം പ്രതീക്ഷ പുലർത്തുന്നത്. സർക്കാർ നീക്കങ്ങൾ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂചന നൽകിയ അദ്ദേഹം വളർച്ചാനിരക്ക് ശരിയായ ദിശയിലേക്ക് കൊണ്ടുവരുന്നതിനാകണം സർക്കാരിന്റെ പ്രഥമ പരിഗണന വേണ്ടതെന്നും പറഞ്ഞു.

അതേസമയം, സൗദി അറേബ്യയിലെ രണ്ട് എണ്ണ നിലയങ്ങൾക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണം ആഗോള എണ്ണ വിതരണത്തെ ബാധിക്കുകയും എണ്ണവില 10 ശതമാനത്തിലധികം ഉയരുകയും ചെയ്ത സാഹചര്യത്തെയും അദ്ദേഹം വിലയിരുത്തുന്നുണ്ട്. സൗദി അറേബ്യയിലെ അരാംകോയിലെ ഉത്പാദന വെട്ടിക്കുറവ് കറന്റ് അക്കൗണ്ട് കമ്മി (സിഎഡി)യെ ബാധിച്ചേക്കാം, നിലവിലെ സ്ഥിതി നീണ്ടുനിൽക്കുന്നെങ്കിൽ സാമ്പത്തിക രംഗത്ത് വിണ്ടും പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരം ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിന്നായിരുന്നു റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണെന്നും രാജ്യത്തെ സാമ്പത്തികാവസ്ഥ അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടുന്നതായിരുന്നു ഓഗസ്റ്റ് 30 ന് പുറത്ത് വിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles