അരക്കോടി രൂപയിലേറെ വില വരുന്ന 2 ശീവേലി വിഗ്രഹങ്ങളുമായി നാലംഗ സംഘം പൊലീസ് പിടിയിൽ.കർണാടക കൊല്ലൂർ തെക്കുംപൊയ്കയിൽ ഷിബു ഗോപിനാഥ് (28), ഇടുക്കി, കാഞ്ചിയാർ ലബ്ബക്കട വരിക്കാനിക്കൽ ജോബിൻ ജോസ് (35), തൃശൂർ, മാള, മടത്തുംപടി ഒറവൻകര വീട്ടിൽ ഒ.പി.മനോജ് (41), പുണെ, ബാബുറവു പുകേച്ചാൽ സ്ട്രീറ്റ് ശങ്കർ മന്ദിർ സുചിൻ സുരേഷ് (27) എന്നിവരെയാണ് ആന്റി ഗുണ്ടാ സ്ക്വാഡ് പിടികൂടിയത്. പിടിച്ചെടുത്ത വിഗ്രഹങ്ങളിലൊന്ന് പലതായി മുറിച്ച നിലയിലാണ്.

പലതായി മുറിച്ച വിഗ്രഹത്തിന്റെ മുഖം ചുവന്ന തുണികൊണ്ടു മറച്ചിരുന്നു. ഇത് എന്തിനാണെന്നു പലതവണ ചോദിച്ചിട്ടും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ആഭിചാര ക്രിയകൾക്കോ മറ്റോ ഇവർ വിഗ്രഹങ്ങൾ നൽകിയിരുന്നോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡാണു പ്രതികളെ കുടുക്കിയത്.

കോട്ടയം സ്വദേശിക്ക് 30 ലക്ഷം രൂപയ്ക്ക് വിഗ്രഹം വിൽക്കാൻ വന്ന ഷിബുവും മനോജുമാണു പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോൾ സംഘാംഗങ്ങളെപ്പറ്റി സൂചന കിട്ടി. അതോടെ ജോബിനും സുചിനും പിടിയിലായി.

തമിഴ്നാട്ടിലെ ക്ഷേത്രമോഷ്ടാക്കളിൽ നിന്നു വിഗ്രഹങ്ങൾ വാങ്ങി ആവശ്യക്കാർക്കു മോഹവിലയ്ക്കു വിൽക്കുകയാണു രീതി. വിദേശ രാജ്യങ്ങളിലേക്കും സംഘം വിഗ്രഹങ്ങൾ വിറ്റിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.വിഗ്രഹത്തിന്റെ ഫോട്ടോ വാട്സാപ്പിൽ അയച്ചു കൊടുത്തു വില ഉറപ്പിച്ച ശേഷം നേരിട്ടെത്തിച്ചു കൊടുക്കുകയാണു ചെയ്യുന്നത്. ജോബിന്റെ പേരിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ ചെക്ക്, വഞ്ചന കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

നാഗമാണിക്യം, നക്ഷത്ര ആമ, ആനക്കൊമ്പ്, ഇരുതലമൂരി വിൽപനയും ഇവർ നടത്തുന്നതായി പൊലീസ് പറയുന്നു.പഞ്ചലോഹ വിഗ്രഹമെന്ന വ്യാജേന പിത്തള, ഓട് ലോഹങ്ങളുടെ വിഗ്രഹം കൊടുത്തും പണം വാങ്ങുന്നുണ്ടെന്നു പൊലീസ് പറയുന്നു.

എഎസ്പി രീഷ്മ രമേശൻ, ഏറ്റുമാനൂർ സിഐ മഞ്ജുലാ‍ൽ, ആന്റി ഗുണ്ടാ സ്ക്വാഡ് എസ്ഐ ടി.എസ്.റെനീഷ്, എഎസ്ഐമാരായ വി.എസ്. ഷിബുക്കുട്ടൻ, എസ്.അജിത്ത്, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ. മനോജ്, ബിജു പി.നായർ, സജമോൻ ഫിലിപ്പ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടിച്ചത്. കോടതിയിൽ ഹാജരാക്കി.