തൊടുപുഴ ഏഴു വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍. വിദഗ്ധസംഘം ആശുപത്രിയിലെത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണം.

ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏഴു വയസുകാരന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വെന്റിലേറ്റര്‍ മാറ്റണോ വേണ്ടയോ എന്ന് വിദഗ്ധസംഘം തീരുമാനിക്കും.

48 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. പള്‍സ് നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാകുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂര്‍ കൂടി വെന്റിലേറ്ററിന്റെ സഹായം തുടരും. കഴിഞ്ഞ ദിവസം കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. അറസ്റ്റിലായ പ്രതി അരുണ്‍ ആനന്ദിനെ ഇന്ന് തൊടുപുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വധ ശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.