അടിയൊഴുക്കുകളും അട്ടിമറികളും ഉള്ളിലൊളിപ്പിച്ച് ഇടതിനെയും വലതിനെയും നെഞ്ചിലേറ്റുന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. വന്പന്മാരെ വീഴ്ത്തുകയും വാഴ്ത്തുകയും ചെയ്ത പാരന്പര്യം. യുഡിഎഫ് സ്ഥാനാർഥി കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാനും, എൽഡിഎഫ് സ്ഥാനാർഥിയായ അരൂർ എംഎൽഎ എ.എം. ആരിഫുമാണ് പ്രധാന എതിരാളികൾ. പിഎസ്സി മുൻ ചെയർമാനും സംസ്കൃത സർവകലാശാല മുൻ വൈസ്ചാൻസലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണന് എന്‍ഡിഎ സ്ഥാനാർഥിയാണ്. 15 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ എട്ടു തവണ ജനവിധി വലതുപക്ഷത്തിനനുകൂലമായി. ഏറ്റവും കൂടുതൽ തവണ വിജയിച്ചതു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ്.
മണ്ഡലത്തിനു പുറത്തുനിന്നുള്ള പി.ടി. പുന്നൂസ്, പി.കെ. വാസുദേവൻനായർ, കെ. ബാലകൃഷ്ണൻ, വി.എം. സുധീരൻ, വക്കം പുരുഷോത്തമൻ, കെ.സി. വേണുഗോപാൽ എന്നിവർ ആലപ്പുഴയിൽനിന്നു വിജയിച്ചു കയറി. ആലപ്പുഴക്കാരായ വിജയികൾ മൂന്നുപേർ പേർ മാത്രമാണ്. സുശീല ഗോപാലൻ, ടി.ജെ. ആഞ്ചലോസ്, കെ.എസ്. മനോജ് എന്നിവരാണവർ. ഇത്തവണ ഇടതു-വലതു സ്ഥാനാർഥികൾ ആലപ്പുഴ സ്വദേശികളാണ്. എൻഡിഎ സ്ഥാനാർഥി എറണാകുളം ജില്ലക്കാരനാണ്. ആലപ്പുഴ നഗരപ്രദേശങ്ങളിൽ രാഷ്ട്രീയജീവിതം ആരംഭിച്ചവരാണ് ആരിഫും ഷാനിമോളും. ആലപ്പുഴ നഗരസഭ ചെയർപേഴ്സണുമായിരുന്നു ഷാനിമോൾ.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗമായ ഷാനിമോൾ ഉസ്മാൻ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ, ജില്ലാ പഞ്ചായത്തംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ആലപ്പുഴയിൽ തന്നെ വിദ്യാർഥിരാഷ്ട്രീയ ജീവിതം ആരംഭിക്കുകയും പിന്നീട് അരൂർ മണ്ഡലത്തിൽനിന്നും നിയമസഭയിലേക്ക് തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ആളാണ് ആരിഫ്. ആലപ്പുഴയിലെ വോട്ടർമാരിൽ ഒരു പ്രധാന വിഭാഗമാണ് ധീവര സമുദായം. ആ സമുദായത്തിൽ നിന്നുമാണ് എൻഡിഎ സ്ഥാനാർഥിയായി കെ.എസ.് രാധാകൃഷ്ണൻ വരുന്നത്. ഏറ്റവുമധികം ഈഴവ വോട്ടർമാരുള്ള മണ്ഡലവുമാണ് ആലപ്പുഴ.
2014ൽ രാജ്യത്തെന്പാടും മോദിതരംഗം ഉണ്ടായപ്പോൾ ബിജെപി ഇവിടെ 43,000ൽപ്പരം വോട്ടുകളാണ് നേടിയത്. പക്ഷേ 2016ലെ വോട്ടിംഗ് പാറ്റേണ്‍ ഒരു കാര്യം വ്യക്തമാക്കി. ബിഡിജെഎസ് വന്നതോടുകൂടി ഏതാണ്ട് ഒരു ലക്ഷത്തോളം വോട്ടുകൾ ആ മുന്നണി അധികം നേടി. ആ വോട്ടുകളിൽ സിംഹഭാഗവും നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിൽനിന്നാണ്. എൻഎസ്എസിന്റെ മാനസിക പിന്തുണ യുഡിഎഫിനൊപ്പം ആകാനാണ് സാധ്യത.
ഡോ.കെ.എസ് രാധാകൃഷ്ണൻ എൻ.ഡി.എ സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയതോടെ ആലപ്പുഴയിൽ തിരഞ്ഞെടുപ്പിന്റെ തിരയിളക്കം കൂടി. സ്ഥാനാർഥി പര്യടനങ്ങളിലേക്ക് കടന്ന എൽഡിഎഫും നിയോജക മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കി വരുന്ന യുഡിഎഫും പ്രാഥമിക ഒരുക്കങ്ങൾക്ക് വേഗം കൂട്ടിയ എൻ.ഡി.എയും ചിട്ടയായാണ് മുന്നോട്ട് പോകുന്നത്.
അന്തരീക്ഷ ഊഷ്മാവിനൊപ്പം ഉയരുകയാണ് പ്രചാരണ ചൂടും. മന്ത്രി ജി സുധാകരൻ ആണ് ഇടതു സ്ഥാനാർഥി എ എം ആരിഫിന്റെ തേരാളി. ആത്മവിശ്വാസം ആവോളമുണ്ട്.
ചിട്ടയും ഒതുക്കവും ഉണ്ട് ഇത്തവണ യു ഡി എഫ് പ്രചാരണത്തിന്. ഷാനിമോൾക്കായി മുന്നണിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ആലപ്പുഴയുടെ എം പി ഷാനിമോൾ തന്നെയെന്ന് പറയുന്നു ജില്ലയിലെ ഏക യുഡിഎഫ് എംഎൽഎ.
ഇരുമുന്നണികളേയും വിറപ്പിക്കാൻ വാക്കുകളിൽ അഗ്നി ജ്വലിപ്പിച്ചാണ് പഴയ വൈസ് ചാൻസലറുടെ വോട്ടുപിടുത്തം. വിശ്വാസങ്ങൾക്കേറ്റ മുറിവിലേക്കാണ് ചൂണ്ടുവിരൽ. വീറും വാശിയും തിരഞ്ഞെടുപ്പിനുള്ള കാറും കോളുമായി ആലപ്പുഴയുടെ അന്തരീക്ഷത്തിൽ തെളിഞ്ഞു കഴിഞ്ഞു.
Leave a Reply