മോസ്കോ: റഷ്യയിലെ എസ്7 എയർലൈൻസ് സഹ ഉടമയും റഷ്യയിലെ അതിസന്പന്നയുമായ നതാലിയ വലേറിയെവ്ന ഫിലേവ(55) വിമാനാപകടത്തിൽ മരിച്ചു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഈഗിൾബാഷ് വിമാനത്താവളത്തിനു സമീപത്തെ പാടത്ത് ഇന്നലെ ഉച്ചയോടെ തകർന്നുവീണ വിമാനം തീഗോളമായി മാറി. നതാലിയയുടെ പിതാവും അപകടത്തിൽ മരിച്ചു.
പിതാവിന്റെ വൈദ്യപരിശോധനയ്ക്കായാണ് ഫ്രാൻസിലെ കാൻസിൽനിന്ന് എപിക്-എൽടി എന്ന സ്വകാര്യ വിമാനത്തിൽ ഇവർ ജർമനിയിലേക്കു തിരിച്ചത്. പൈലറ്റ് ഉൾപ്പെടെ ആറു സീറ്റുള്ള വിമാനത്തിലുണ്ടായിരുന്ന മൂന്നുപേരും റഷ്യൻ പൗരന്മാരാണ്. അപകടകാരണം വ്യക്തമല്ലെന്നു കന്പനി അധികൃതർ അറിയിച്ചു. റഷ്യൻ സേഫ്റ്റി അഥോറിറ്റി ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നു ജർമൻ ഫെഡറൽ ബ്യൂറോ ഓഫ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷന്റെ(ബിഎഫ്യു) പ്രതിനിധി പറഞ്ഞു.
റഡാർ പരിധിയിൽനിന്നു വിമാനം അകന്നുപോയതിനെക്കുറിച്ച് പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നു ജർമനി എയർ ട്രാഫിക് കൺട്രോൾ എജൻസി ഡിഎഫ്എസ് പത്രക്കുറിപ്പിറക്കി. സാങ്കേതിക തകരാർമൂലം പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാമെന്നും പത്രക്കുറിപ്പിൽ പറയുന്നു. ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച് 4166 കോടി രൂപയുടെ ആസ്തിക്ക് ഉടമയായിരുന്നു നതാലിയ. റഷ്യയിലെ രണ്ടാമത്തെ വിമാനക്കന്പനിയായ എസ്7 എയർലൈൻസിന്റെ(സൈബീരിയൻ എയർലൈൻസ്) പ്രധാന ഓഹരിയുടമകൂടിയായിരുന്നു നതാലിയ.
Leave a Reply