ദില്ലിയിലെ തിമാര്‍പുറില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങിയുണ്ടായ മുറിവിനെ തുടര്‍ന്ന് 18-കാരന് ദാരുണാന്ത്യം. മൂര്‍ച്ചയേറിയ ചൈനീസ് മഞ്ചയാണ് കഴുത്തില്‍ കുരുങ്ങിയതെന്നാണ് സംശയം. ഈ ഇനം നൂലുകള്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതാണെങ്കിലും അനധികൃതമായി വില്‍ക്കപ്പെടുന്നുണ്ട്. ഉച്ചയ്ക്ക് മാര്‍ക്കറ്റിലേക്ക് പോകുന്ന വഴിക്ക് നടന്ന അപകടത്തില്‍ ദില്ലിയിലെ ഗാന്ധി വിഹാറില്‍ താമസിക്കുന്ന രവി കുമാറാണ് മരിച്ചത്. നൂല്‍ ഒരു മരത്തില്‍ നിന്ന് റോഡിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴി. എന്നാല്‍ ഇതെങ്ങിനെ കഴുത്തില്‍ ചുറ്റിയെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.
ചൈനയില്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ വിപണനത്തിനെത്തുന്ന മഞ്ച നൂലുകള്‍ 2017 ജനുവരിയിലാണ് നിരോധിച്ചത്. ദൃഢതയേറിയ ഈ നൂലുകള്‍ പൊട്ടില്ലെന്നതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം. ആരെങ്കിലും പട്ടം പറത്തിയിട്ടല്ല അപകടം ഉണ്ടായതെന്ന വാദത്തില്‍ സാക്ഷികള്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 336 വകുപ്പുകള്‍ പ്രകാരം അജ്ഞാതനെതിരെ ജീവനും വ്യക്തിസുരക്ഷയ്ക്കും ഭീഷണിയാകും വിധമുള്ള കുറ്റകരമായ അനാസ്ഥയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പമാണ് രവി കുമാര്‍ കഴിഞ്ഞിരുന്നത്. അഞ്ച് സഹോദരങ്ങളില്‍ രണ്ടാമനായിരുന്ന രവി, അടുത്തിടെയാണ് ജോലിക്ക് പോയിത്തുടങ്ങിയത്. രവിയുടെ അച്ഛന്‍ രാം കിഷോര്‍ ഒരു തട്ടുകടയില്‍ നിന്നാണ് ഉപജീവനം കണ്ടെത്തുന്നത്.
Leave a Reply