കിഫ്ബി മസാല ബോണ്ടുകൾ പൊതു വിപണിയിലിറക്കുന്നത് ചടങ്ങായി നടത്തും. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് പരിപാടി. ലോക ശ്രദ്ധ നേടുന്ന പൊതു ചടങ്ങൽ ബോണ്ട് പുറത്തിറക്കുന്നതിലൂടെ അപൂർവ നേട്ടമാണ് സംസ്ഥാന സർക്കാറിന്റെ മസാല ബോണ്ട് കൈവരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം ലഭിച്ചിട്ടുണ്ട്. പരിപാടിയിൽ സംബന്ധിക്കുന്നതിയായി മുഖ്യമന്ത്രി കേന്ദ്ര സർക്കാറിന്റെ അനുമതി തേടും. മെയ് 17-നാണ് ചടങ്ങ്. പ്രധാനപ്പെട്ട ഓഹരികളുടേയും ബോണ്ടുകളുടേയും വിൽപന മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ചടങ്ങായി നടത്താറുള്ളത്. ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. അനുമതി ലഭിച്ചാൽ മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്ചേഞ്ചിലെ മണി മുഴക്കി വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമിടും.
കിഫ്ബി വിറ്റഴിച്ച മസാലബോണ്ട് കൂടുതലും നേടിയത് എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണവും ധനമന്ത്രിയുടെയും ധനമന്ത്രിയുടെയും കിഫ്ബി ചെയർമാന്റെയും വിശദീകരണവും ഉൾപ്പെടെ നിലനിൽക്കുന്നതിനിടെയാണ് പുതിയ നേട്ടം. ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ വിൽപനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും. കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടന്‍ പുറമേ സിംഗപ്പൂർ സ്റ്റോക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം 2150 കോടി രൂപക്ക് വിവിധ സ്വകാര്യ കമ്പനികള്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കഴിഞ്ഞു.
അടിസ്ഥാന സൗകര്യവികസനത്തിന് വിദേശവിപണിയില്‍നിന്ന് ധനസമാഹരണം നടത്തുന്നതിനായാണ് കേരള അടിസ്ഥാന വികസന നിക്ഷേപ ബോര്‍ഡ് (കിഫ്ബി) മസാല ബോണ്ട് പുറത്തിറക്കിയത്. കേരളത്തിന്റെ സവിശേഷമായ സാമ്പത്തിക സാഹചര്യങ്ങളാണ് കിഫ്ബി അഥവാ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. 1999 നവംബർ മാസത്തിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് പ്രകാരം ഈ സ്ഥാപനം നിലവിൽ വന്നു.
അതേസമയം, രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനതലത്തിലുള്ള ഒരു സംരംഭം വിദേശ വിപണിയിൽ നിന്നും മൂലധനം സമാഹരിക്കുന്നത്. 9.723 ശതമാനമാണ് ഇപ്പോൾ നേടിയുള്ള വായ്പയുടെ പലിശ നിരക്ക്. പലിശ നിരക്ക് സംബന്ധിച്ച് ആഴത്തിൽ വിശകലനം നടത്തിയിട്ടാണ് കിഫ്ബി ബോണ്ട് ഇറക്കുന്നതിനുള്ള സമയവും മറ്റും നിശ്ചയിച്ചത്. ആഭ്യന്തര മാർക്കറ്റിൽ നിന്നും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കിഫ്ബിയേക്കാൾ വളരെ ഉയർന്ന റേറ്റിംഗുള്ള ഏജൻസികൾ വായ്പയെടുത്തിട്ടുള്ളത് കുറഞ്ഞത് 9.87 ശതമാനത്തിനാണ്. അതും 100 ൽ താഴെ കോടി രൂപയുടെ ചെറിയ ബോണ്ടുകൾ. ആന്ധ്രാപ്രദേശ് സർക്കാരിന്റെ ക്യാപിറ്റൽ റീജിയൺ ഡെവലപ്പ്മെന്റ് അതോറിറ്റി ആഭ്യന്തര ബോണ്ടുകൾ ധനം സമാഹരിച്ചത് 10.32 ശതമാനത്തിനാണ്. സെൻട്രൽ ബാങ്ക് 10.8 ശതമാനത്തിനും, ഐ.ഒ.ബി 11.7 ശതമാനത്തിനും, സൗത്ത് ഇന്ത്യൻ ബാങ്ക് 11.75 ശതമാനത്തിനുമാണ് ഈ കാലയളവിൽ അഭ്യന്തര മാർക്കറ്റിൽ നിന്നും മൂലധനം സമാഹരിച്ചത്. വിശാലമായ പശ്ചാത്തലസൗകര്യ ആവശ്യങ്ങൾ നിറവേറ്റാനുള്ള വഴിയാണ് കിഫ്ബി വഴി തേടുന്നതെന്നത്.
നിലവിൽ സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക നില നേരത്തെ ഏറെ ഭദ്രമല്ല. സംസ്ഥാനത്തിന്റെ തിരിച്ചടവ് ശേഷി ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലാണ്. സംസ്ഥാനത്തിന്റെ ഡെബ്റ്റ്-റ്റു-ഡിജിപി റേഷ്യോ (സംസ്ഥാനത്തെ വായ്പാ ബാധ്യതയും ഉൽപാദനവും തമ്മിലുള്ള അനുപാതം) ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണ്. നിലവിൽ 27.36% ആണിത്. ഇക്കാരണത്താൽ പലിശനിരക്കുകൾ ഉയർന്നതായി മാറുന്നു. ഇത് അടിസ്ഥാന സൗകര്യ വികസനത്തിൽ കുറഞ്ഞ തോതിലുള്ള ചെലവുചെയ്യലിന് കാരണമാകുന്നു. ഇതിനെ മറികടത്തുകകൂടിയാണ് ബോണ്ടുകൾ വഴിയുള്ള ധനസമാഹരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്. രാജ്യത്തിന്റെ സ്വന്തം കറൻസിയിൽ തന്നെയാണ് ഈ ബോണ്ട് ഇറക്കുന്നത് എന്നതാണ് പ്രത്യേകത. ഇന്ത്യയുടെ സാംസ്കാരിക സ്വഭാവം പുലർത്തുന്ന ഒരു പേരെന്ന നിലയിലാണ് ‘മസാല’ എന്ന് ഈ ബോണ്ടുകൾക്ക് പേരിട്ടത്. മസാല ബോണ്ടുകളിൽ കറൻസി എക്സ്ചേഞ്ച് റിസ്ക് ഏറ്റെടുക്കുക നിക്ഷേപകർ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് തുക സമാഹരിക്കാനായി 2004ൽ ലോകബാങ്കാണ് ഈ ബോണ്ട് ആദ്യം പുറത്തിറക്കിയത്. ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ 2015ൽ ഗ്രീൻ മസാല ബോണ്ടുകൾ വഴി 3.15 ബില്യൺ രൂപ ശേഖരിച്ചിരുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്ന സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുക. എച്ച്ഡിഎഫ്സി ബാങ്കാണ് ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ കമ്പനി. 2016ലായിരുന്നു ഇത്. ഇതുവഴി 3000 കോടി രൂപ ഇവർ സമാഹരിക്കുകയുണ്ടായി. ദേശീയ പാതാ അതോരിറ്റി 4000 കോടി രൂപ മസാല ബോണ്ട് വഴി ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്.
Leave a Reply