ഉത്തർ പ്രദേശിലെ അലിഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ വേദിക്ക് തീപിടിച്ചു. അദ്ദേഹം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് സ്റ്റേജിന് താഴെ തീപിടിച്ചത്. എന്നാൽ സുരക്ഷാ സേനയുടെ കൃത്യമായ ഇടപെടൽ കൊണ്ട് തീ വേഗം കെടുത്താൻ കഴിഞ്ഞു. വേദിയിലുണ്ടായിരുന്ന എസിയിലേക്ക് വൈദ്യുതി എത്തിച്ച വയർ ചൂടുപിടിച്ച് കത്തിയതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
വേദിയിൽ വൈദ്യുതി ഉപകരണങ്ങൾ സജ്ജമാക്കാൻ കരാറെടുത്ത വ്യക്തിയെയും രണ്ടു തൊഴിലാളികളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ േകസെടുത്തിട്ടുണ്ട്. തീപിടിച്ച ഉടൻ തന്നെ സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ അപ്പോൾ തന്നെ തീകെടുത്തി. പ്രധാനമന്ത്രി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടുത്തം. എന്നാൽ പ്രസംഗം പോലും തടസപ്പെടാത്ത തരത്തിൽ സുരക്ഷാസേന ജാഗ്രത പുലർത്തി. ആരും അറിയാതെ തന്നെ സേന തീ അണയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മോദി സംസാരിച്ച് തീർന്നശേഷം കരാറുകാരെയും തൊഴിലാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Leave a Reply