നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് 2 വർഷം കൊണ്ട് 50 ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്. ബെംഗളൂരുവിലെ അസിം പ്രേംജി സർവകലാശാലയിലെ ദി സെന്റർ ഫോർ സസ്റ്റെയ്നബിൾ എംപ്ലോയ്മെന്റാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൊഴിലില്ലായ്മ വർധിക്കാൻ തുടങ്ങിയത് 2016 നവംബറിനുശേഷമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത് 2016 നവംബർ 8ന് ആയിരുന്നു.
നോട്ട് നിരോധനമാണ് തൊഴിൽ കുറയാൻ നേരിട്ടുള്ള കാരണമെന്ന് തെളിയിക്കുന്ന വസ്തുതകളൊന്നും പഠനത്തിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ ഈ നീക്കത്തിനു പിന്നാലെയാണ് തൊഴിൽ കുറഞ്ഞതെന്ന കണക്കുകൾ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2019’ എന്ന പേരിലുള്ള റിപ്പോർട്ടിൽ സർവകലാശാല ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാത്രമല്ല 2015–ൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനമാണ് കൂടിയത്. 2018–ല്‍ ആറുശതമാനവും. വിദ്യാസമ്പന്നരാണ് തൊഴിലില്ലാതെ വലയുന്നത് എന്നതാണ് മറ്റൊരു വസ്തുത.
സ്ത്രീകളുടെ കാര്യത്തിൽ തൊഴിൽ നഷ്ടം വളരെ ഉയർന്ന തോതിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. നോട്ട് നിരോധനം തൊഴിൽ കുറയാൻ കാരണമായോ ഇല്ലയോ എന്നതിനേക്കാൾ ആ നീക്കം ആശങ്കയുണ്ടാക്കിയെന്നും ഉടൻതന്നെ നയപരമായ ഇടപെടൽ ഉണ്ടാകേണ്ടതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെ തൊഴില്‍ കമ്പോളത്തിൽ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് വലിയ താറുമാറാണ് സംഭവിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Leave a Reply