ഫോട്ടോ: കടപ്പാട് മാമ്മൂട് നിവാസികൾ 

പത്താം ക്ലാസില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മകള്‍ക്ക് സമ്മാനം വാങ്ങാനായി ബൈക്കില്‍ പോയ ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു. ചീരംചിറ കുന്നുംപുറത്തു മൂലയില്‍ സതീശ്കുമാര്‍ (53) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മകള്‍ അര്‍ച്ചന (16) തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. അര്‍ച്ചനയ്ക്കു സമ്മാനമായി വള വാങ്ങിക്കൊടുക്കാന്‍ അര്‍ച്ചനയെക്കൂട്ടി ബൈക്കില്‍ തെങ്ങണയിലേക്കു പോയതാണു സതീശ്.
ബൈക്ക് ഇടിച്ചുവീഴ്ത്തി നിര്‍ത്താതെപോയ കാറിനെ നാട്ടുകാര്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നു. കാര്‍ ഓടിച്ച വാകത്താനം നാലുന്നാക്കല്‍ കണ്ണന്‍ചിറ വെട്ടിക്കുന്നേല്‍ കുറ്റിയാനിയില്‍ ജിതിനെ (24) വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണു കേസ്. ജിതിന്‍ ഓടിച്ച കാര്‍ പൊലീസ് പിടിച്ചെടുത്തു.
ജിതിന്‍ മദ്യലഹരിയിലാണു കാറോടിച്ചതെന്നു പൊലീസ് പറഞ്ഞു. ഇടിയേറ്റ് ബൈക്കില്‍ നിന്നു തെറിച്ചു കാറിനു മുകളിലേക്കു വീണ സതീശിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറഞ്ഞ നിലയിലായിരുന്നു.