തൊഴിലുറപ്പും അടിസ്ഥാന വരുമാന പദ്ധതിയും വഴി കൂടുതല്‍ പാവങ്ങളെ ഐഎഎസിനു പ്രാപ്തമാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. വയനാട്ടില്‍നിന്ന് ഐഎഎസ് ലഭിച്ച ശ്രീധന്യയെയും കുടുംബത്തെയും നേരിൽ കണ്ട ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ. ശ്രീധന്യ മലയാളി സമൂഹത്തിന് മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തിന് തന്നെ ഒരു റോള്‍മോഡലാണെന്നും, ഇത്തരം ധന്യമാരാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410 റാങ്ക് നേടി മികവ് തെളിയിച്ച കുറിച്യസമുദായത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ പട്ടികവര്‍ഗക്കാരിയാണ് ശ്രീധന്യാ സുരേഷ്. വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി ഉച്ചഭക്ഷണം കഴിച്ചത് ശ്രീധന്യയുടെ കുടുംബത്തോടൊപ്പമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ശ്രീധന്യയുമായി കൂടിക്കാഴ്ച നടത്തിയത്.

ഉച്ചയോടെ പൊതുസമ്മേളനം അവസാനിപ്പിച്ച് കോളജിലെ പ്രത്യേക മുറിയില്‍ തയ്യാറാക്കിയ ഭക്ഷണഹാളിലായിരുന്നു രാഹുൽ ശ്രീധന്യയുമായി സംസാരിച്ചത്. പട്ടികവര്‍ഗ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, വയനാട്ടിലെ സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങി അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ രാഹുലും ശ്രീധന്യയും തമ്മില്‍ ചര്‍ച്ച ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോള്‍ അമ്മയും അച്ഛനും സഹോദരനും ശ്രീധന്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ‘അര മണിക്കൂറോളം ഞങ്ങളോടൊപ്പം അദ്ദേഹം ചിലവഴിച്ചു. കൂടുതൽ സമയവും സിവിൽ സർവീസിന് തയാറെടുത്തതിനെക്കുറിച്ചും പരീക്ഷയിൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ചുമൊക്കെയാണ് ചർച്ച ചെയ്തത്. അഭിമുഖം എങ്ങനെ നേരിട്ടുവെന്നും വരാനിരിക്കുന്ന പരിശീലനത്തെക്കുറിച്ചും ചോദിച്ചു. ഐഎഎസ് തന്നെ കിട്ടണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയാണെങ്കിൽ മസൂറിയിലാകും പരിശീലനമെന്നും ഞാൻ പറഞ്ഞു. ആഗ്രഹം പോലെ തന്നെ നടക്കട്ടെ എന്ന് അദ്ദേഹം ആശീർവദിച്ചു. മാതാപിതാക്കളോടും അദ്ദേഹം സംസാരിച്ചു. എന്റെ വിജയത്തിൽ എത്രമാത്രം സന്തോഷമുണ്ടെന്ന് തിരക്കി. എങ്ങനെയാണ് എന്നെ പഠിപ്പിച്ചതെന്നും മറ്റ് കുടുംബസാഹചര്യങ്ങളും തിരക്കി. ആദിവാസി ഗോത്ര വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേർ മികച്ച വിദ്യാഭ്യാസം നേടി മുന്നോട്ട് വരേണ്ട ആവശ്യകത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് വയനാടിനെക്കുറിച്ചാണ് സംസാരിച്ചത്. എത്ര ഗോത്രവിഭാഗങ്ങളുണ്ടെന്നും അതിന്റെ ചരിത്രവും ചോദിച്ചു. വയനാട്ടിലെ ഗോത്രവർഗക്കാർ ഇപ്പോള്‍ 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം തിരക്കി. സഹോദരനോടും സംസാരിച്ചു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു. ഇംഗ്ലിഷിലാണ് അദ്ദേഹം സംസാരിച്ചത്. ഞാൻ ഇംഗ്ലിഷിൽ തന്നെ മറുപടി നൽകി”. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെക്കുറിച്ചുള്ള ശ്രീധന്യയുടെ വാക്കുകൾ ഇതാണ്. ബത്തേരി സെന്റ് മേരീസ് കോളജിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ തുടങ്ങിയവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു. എന്തായാലും ജീവിതത്തിൽ മറക്കാനാകാത്ത ദിവസമാണ് രാഹുൽ ഗാന്ധി സമ്മാനിച്ചതെന്ന് ശ്രീധന്യയും കുടുംബവും പ്രതികരിച്ചു.

410–ാം റാങ്കോടെയാണ് വയനാട്ടിലെ കുറിച്യര്‍ വിഭാഗത്തില്‍ നിന്നുള്ള സുരേഷ് –കമല ദമ്പതികളുടെ മകള്‍ വിജയിച്ചത്.ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി സിവില്‍ സര്‍വീസ് വിജയം നേടുന്നത്. പരീക്ഷാഫലം വന്ന ദിവസം ശ്രീധന്യയെ ഫോണില്‍ വിളിച്ച് രാഹുല്‍ അഭിനന്ദനം അറിയിച്ചിരുന്നു.