ലണ്ടന്‍: ബ്രിട്ടനിലെ പോസ്റ്റ് ഓഫീസ് യുഗം അവസാനിക്കുന്നതായി റിപ്പോര്‍ട്ട്. ആധുനിക കാലഘട്ടത്തിലെ മെയില്‍ സമ്പ്രദായത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതോടെ പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയിലേക്ക് ഇത് നീങ്ങിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പോസ്റ്റ് ഓഫീസുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പോസ്റ്റുമാസ്‌റ്റേഴ്‌സിന്റെ വേതനത്തില്‍ ഗണ്യമായ ഇടിവ് ഉണ്ടായതായാണ് മേഖലയിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. വരുമാനത്തിലെ ഇടിവ് മേഖലയുടെ നട്ടെല്ലൊടിച്ചുവെന്ന് വേണം കരുതാന്‍. വരുമാനമില്ലാതായതോടെ രാജ്യത്തെ 2,000ത്തോളം പോസ്റ്റ് ഓഫീസുകള്‍ ഈ വര്‍ഷത്തോടെ അടച്ചു പൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇത്രയധികം പോസ്റ്റ് ഓഫീസുകള്‍ അടച്ചു പൂട്ടുന്നത് ഈ മേഖലയുടെ പൂര്‍ണമായ പതനത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ആശയവിനിമയ സംവിധാനങ്ങള്‍ ഇത്രയധികം ആധുനികവല്‍ക്കരിക്കപ്പെട്ടില്ലെങ്കില്‍ ഒരുപക്ഷേ പോസ്റ്റ് ഓഫീസുകളായിരുന്നേനെ ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്ന്. ഇവയെ കാല്‍പ്പനികവല്‍ക്കരിച്ചില്ലെങ്കില്‍ പോലും ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് തൊഴില്‍ നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ കൃത്യമായ പ്രതികരണം അറിയിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

76 ശതമാനം പോസ്റ്റുമാസ്‌റ്റേഴ്‌സിന്റെ വേതനവും രാജ്യത്തെ മിനിമം ശമ്പളനിരക്കിനും താഴെയാണെന്നതാണ് നിരാശജനകമായ മറ്റൊരു വസ്തുത. ദി നാഷണല്‍ ഫെഡറേഷന്‍ ഓഫ് സബ് പോസ്റ്റ് മാസ്‌റ്റേഴ്‌സ് നടത്തിയ സര്‍വ്വേയില്‍ കഴിഞ്ഞ വര്‍ഷം ഒരു ദിനം പോലും ഹോളി ഡേ എടുക്കാതെ തൊഴിലെടുക്കേണ്ടി വന്നിട്ടുള്ളവര്‍ 1000ത്തിലേറെയാണെന്ന് വ്യക്തമായിരുന്നു. ബ്രിട്ടനിലെ പോസ്റ്റ് ഓഫീസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. എണ്ണത്തില്‍ റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്തിയതോടെ പോസ്റ്റ് ഓഫീസുകളെ രക്ഷപ്പെടുത്താനുള്ള പദ്ധതിയൊരുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.