ചങ്ങനാശേരി: ശ്രീലങ്കയിൽ കത്തോലിക്കര്ക്കെതിരേയുണ്ടായ ആക്രമണം ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷയ്ക്ക് നേരേയുള്ള വെല്ലുവിളിയാണെന്നും സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനും ചങ്ങനാശേരി അതിരൂപതാധ്യക്ഷനുമായ ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള ചില ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണെന്നും ഇത്തരം പ്രവണതകള്‍ക്കെതിരേ വിശ്വാസസാക്ഷ്യം നല്‍കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികാര വിദ്വേഷ മനോഭാവങ്ങള്‍ പ്രകടിപ്പിക്കാതെ സഭയെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് വൈദിക സമ്മേളനം അഭിപ്രായപ്പെട്ടു. മേയ് അഞ്ച് ശ്രീലങ്കയിലെ സഭയ്ക്കു വേണ്ടിയുളള പ്രാര്‍ഥനാദിനമായി ആചരിക്കണമെന്നും എല്ലാ ഇടവകകളിലെയും സ്തോത്രക്കാഴ്ച ശ്രീലങ്കൻ സഭയ്ക്ക് നല്‍കുന്നതിനും തീരുമാനിച്ചു. മുന്നൂറിലധികം വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, വൈദിക സമിതി സെക്രട്ടറി റവ.ഡോ. ജോസ് നിലവന്തറ, റവ.ഡോ. ജേക്കബ് കോയിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാളന്മാരായ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ.ഡോ. ഫിലിപ്സ് വടക്കേക്കളം, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.
Leave a Reply