മുംബൈ: ഐഎൻഎസ് വിരാട് യുദ്ധക്കപ്പലിൽ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തിയിട്ടില്ലെന്നു മുൻ നാവികസേനാ മേധാവി റിട്ട. അഡ്മിറൽ എൽ. രാമദാസ്. യുദ്ധക്കപ്പലിൽ ലക്ഷദ്വീപിലേക്ക് രാജീവ്ഗാന്ധി ഔദ്യോഗിക യാത്രയാണു നടത്തിയതെന്ന് അഡ്മിറൽ(റിട്ട.) രാംദാസ് വ്യക്തമാക്കി. ദ്വീപ് വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കാനാണ് രാജീവ്ഗാന്ധി പോയതെന്നും ഐഎൻഎസ് വിരാടിലോ അനുഗമിച്ചിരുന്ന നാല് യുദ്ധക്കപ്പലുകളിലോ ഒരു പാർട്ടിയും നടന്നിട്ടില്ലെന്നും റിട്ട. അഡ്മിറൽ രാംദാസ് പ്രസ്താവനയിൽ പറഞ്ഞു.
കവരത്തിയിൽ ദ്വീപ് വികസന യോഗത്തിൽ പങ്കെടുക്കാനാണു രാജീവ്ഗാന്ധിയും ഭാര്യയും എത്തിയതെന്ന് അന്നത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ വജാഹത് ഹബീബുള്ള പറഞ്ഞു. രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികൾക്കുശേഷം കുടുംബാംഗങ്ങൾക്കും മറ്റ് അതിഥികൾക്കും ഒപ്പം ചേരാൻ ബംഗാരം ദ്വീപിലേക്ക് രാജീവ്ഗാന്ധി പോയെന്നും ഹബീബുള്ള കൂട്ടിച്ചേർത്തു.
1987ൽ രാജീവ്ഗാന്ധിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ എല്ലാ പ്രോട്ടോകോളും പാലിച്ചിരുന്നുവെന്ന് വൈസ് അഡ്മിറൽ വിനോദ് പാസ്റിച പറഞ്ഞു. ഐഎൻഎസ് വിരാടിന്റെ ചുമതല വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. തിരുവനന്തപുരത്തുനിന്ന് ലക്ഷദ്വീപിലേക്കു പോയ യുദ്ധക്കപ്പലിൽ വിദേശികളോ മറ്റ് അതിഥികളോ ഉണ്ടായിരുന്നില്ലെന്ന് പാസ്റിച പറഞ്ഞു.
Leave a Reply