ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. ജീവിത ശൈലി കൊണ്ടും പ്രമേഹം പോലുള്ള അസുഖങ്ങളുടെ അനുബന്ധമായും ഹൃദയാരോഗ്യം കുറയുകയും ഹൃദയഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മറ്റു പല കാരണങ്ങളാലും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ജനിതക കാരണങ്ങള്‍ പോലും ഹൃദ്രോഗങ്ങള്‍ക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവിത ശൈലി നിയന്ത്രിക്കുകയല്ലാതെ മറ്റൊരു പ്രതിരോധവും ഈ അസുഖത്തിന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ ഹൃദയാഘാതത്തെ തളയ്ക്കാനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു കുത്തിവെയ്പ്പിലൂടെ മനുഷ്യന് ഹൃദയാഘാതം എന്ന കൊലയാളിയില്‍ നിന്ന് മോചനം നല്‍കുകയെന്നതാണ് ലക്ഷ്യം.
ജീന്‍ തെറാപ്പിയാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. 30-40 വയസിനിടെ ഹൃദയാഘാതമുണ്ടാകുന്ന ജനിതകത്തകരാറുള്ളവരില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ മരുന്ന് പരീക്ഷിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഫലപ്രദമാകുകയാണെങ്കില്‍ ഹൃദ്രോഗങ്ങള്‍ക്ക് പ്രതിരോധ മരുന്നായി ലോകമെമ്പാടും ഈ തെറാപ്പി ഉപയോഗിക്കാനാകും. ഹൃദയാഘാത സാധ്യതയുള്ള മുതിര്‍ന്നവരില്‍ ഈ തെറാപ്പി വളരെ പ്രസക്തമാണെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ കാര്‍ഡിയോളജിസ്റ്റും ജനറ്റിറ്റിക്സുമായ ശേഖര്‍ കതിരേശന് പറഞ്ഞു. ജനിതകത്തകരാറു മൂലം ഹൃദയാഘാത സാധ്യതയുള്ളവരെ മാത്രമല്ല, എല്ലാ വിധത്തിലുള്ള ഹൃദയാഘാതങ്ങള്‍ക്ക് സാധ്യതയുള്ളവരെയും ലക്ഷ്യമിട്ടാണ് ഈ മരുന്ന് വികസിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മിക്ക രാജ്യങ്ങളിലും ഏറ്റവും കൂടുതലാളുകള്‍ ഹൃദയാഘാതത്താലാണ് മരിക്കുന്നത്. ഓരോ വര്‍ഷവും 18 ദശലക്ഷം ആളുകള്‍ ഈ രോഗത്താല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹൃദ്രോഗികള്‍ക്ക് രക്തത്തിന്റെ കട്ടി കുറയാനുള്ള മരുന്നുകളും കൊളസ്ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിനുകളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളുമാണ് നല്കി വരുന്നത്. ഈ മരുന്നുകള്‍ മുടങ്ങാതെ ജീവിതകാലം മുഴുവന്‍ കഴിക്കുകയും വേണം.
Leave a Reply