പക്ഷാഘാതം ബാധിച്ച് അവയവങ്ങളുടെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷയായി പുതിയ ചികിത്സാരീതി ഉരുത്തിരിയുന്നു. ജീന്‍ തെറാപ്പി ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായി. നട്ടെല്ലിന് പരിക്ക് പറ്റി ചലനശേഷി ഇല്ലാതായവരില്‍ ഈ തെറാപ്പി ഫലപ്രദമാകുമെന്നാണ് കരുതുന്നത്. കൈകാലുകളുടെ ചലനശേഷി നഷ്ടമായ എലികളിലാണ് പരീക്ഷണം നടത്തിയത്. ഇതിനു ശേഷം എലികള്‍ക്ക് അവയവങ്ങളുടെ ചലനശേഷി തിരികെ ലഭിക്കുകയും ഭക്ഷണം കൈകളില്‍ എടുക്കാനും സ്വന്തമായി കഴിക്കാനും സാധിച്ചു. വീഴ്ചയിലും വാഹനാപകടങ്ങളിലും മനുഷ്യര്‍ക്കുണ്ടാകുന്ന സുഷുമ്‌നാ നാഡിയിലെ പരിക്കിന് സമാനമായ പരിക്കുകള്‍ എലികളില്‍ സൃഷ്ടിച്ച ശേഷമായിരുന്നു പരീക്ഷണം.

ജീന്‍ തെറാപ്പി നടത്തിയ എലികള്‍ വളരെ വേഗത്തില്‍ത്തന്നെ അവയവങ്ങളുടെ അടിസ്ഥാന ചലനശേഷി വീണ്ടെടുത്തുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. എലിസബത്ത് ബ്രാഡ്ബറി പറഞ്ഞു. പിന്നീട് സാവധാനം അവ സാധാരണ നിവയിലേക്ക് മടങ്ങി വരികയായിരുന്നു. അവയവങ്ങളുടെ സ്വാധീനം മനസിലാക്കുന്നതിനായി നടത്തിയ പരീക്ഷണങ്ങളും രണ്ടാഴ്ചക്കുള്ളില്‍ മറികടക്കാന്‍ എലികള്‍ക്കായി. സാധനങ്ങള്‍ എടുക്കുന്നതിന് പേശികള്‍ കൂടി വഴങ്ങേണ്ടതുണ്ട്. അത്തരം ശേഷികള്‍ തിരികെ ലഭിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. അഞ്ച് മുതല്‍ ആറ് ആഴ്ചകളാണ് എലികള്‍ക്ക് ഇതിനായി വേണ്ടി വന്നത്.

കിംഗ്‌സ് കോളേജ് ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, സൈക്കോളജി, ന്യൂറോസയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തില്‍ പങ്കാളികളായത്. ക്രോന്‍ഡോയ്റ്റിനേസ് എന്ന എന്‍സൈം ഉദ്പാദിപ്പിക്കുന്ന ജീനുകളാണ് സ്‌പൈനല്‍ കോര്‍ഡിലേക്ക് നേരിട്ട് കുത്തിവെച്ചത്. ഈ എന്‍സൈം സുഷുമ്‌നയിലെ കേടുപാടുകള്‍ പരിഹരിക്കുകയും നാഡീ കോശങ്ങളെ വീണ്ടും യോജിപ്പിക്കുകയുമാണ് ചെയ്യുന്നത്.