പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ പഴയകാലജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. ട്രാൻസ്ജെൻഡർ എന്ന സ്വത്വം വെളിപ്പെടുത്തി പോരാടി നേടിയതാണ് ഇന്ന് കാണുന്നതെല്ലാമെന്ന് രഞ്ജു പറയുന്നു. അങ്കമാലിയിൽ സ്വന്തമായി സൗന്ദര്യത്തിന്റെ ലോകം തുറന്ന സന്തോഷവും രഞ്ജു പങ്കുവെക്കുന്നു.

”ഇഷ്ടികക്കളങ്ങൾ, തടിമില്ല്, വീട്ടുജോലി എന്നിങ്ങനെ ആണ്-പെണ്ണ് എന്ന വേർതിരിവിൽ നിന്ന് മാറിനിന്ന് ജീവിക്കേണ്ടി വന്ന വ്യക്തിയാണ് ഞാൻ. സ്വന്തം ഐഡന്റിറ്റി തുറന്നുപറഞ്ഞിട്ടും അംഗീകരിക്കാത്ത സമൂഹമായിരുന്നു. അന്ന് ജീവിക്കാൻ പ്രചോദനമായത് എന്നെ പ്രസവിച്ച എന്റെ അമ്മയാണ്. ഇന്നും എന്റെ എല്ലാമെനിക്ക് അമ്മയാണ്.

”ഇരുപത്തിനാല് വർഷങ്ങൾക്ക് മുന്‍പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടിലേക്ക് ജോലിക്കെന്ന് പറഞ്ഞ് എന്നെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത് മറ്റ് പല ജോലികളും എനിക്കുണ്ടായിരുന്നു എന്ന്. അവിടുന്ന രക്ഷപെട്ടുള്ള ഓട്ടത്തിനിടെയാണ് ട്രാൻസ്ജെന്‍ഡർ കമ്മ്യൂണിറ്റിയിലെ പലരെയും പരിചയപ്പെടാൻ കഴിഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”ജീവിതം ഇനിയെങ്ങോട്ട് എന്ന് പകച്ചുനിൽക്കുന്ന അവസ്ഥ. രണ്ട് രൂപ കൊണ്ട് ദിവസം ഒരു സോഡ മാത്രം കഴിച്ച് ജീവിക്കേണ്ടി വന്ന രഞ്ജു ഇന്ന് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്. ഒരു മൾട്ടിനാഷണല്‍ കമ്പനിയുടെ എംഡിയായി. മലയാള സിനിമക്ക് പുറമെ ബോളിവുഡ് താരങ്ങൾക്കുവരെ മേക്കപ്പ് ചെയ്യാൻ കഴിഞ്ഞു.

”ഒരു സിനിമാസെറ്റിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥ എനിക്കുണ്ടായിട്ടുണ്ട്. അന്ന് ഞാൻ അതിന് കാരണക്കാരനായ ആളോട് പറഞ്ഞു, നാളെ ഈ സിനിമാമേഖല എന്റെ പിന്നിൽ ക്യൂ നിൽക്കും, അന്ന് നിങ്ങളീ ഫീൽഡിൽ ഉണ്ടാകില്ല എന്ന്. ദൈവനിശ്ചയമായിരിക്കാം അയാളിന്ന് ഈ ഫീൽഡിൽ ഇല്ല, ഞാൻ ആണെങ്കിൽ മേക്കപ്പ് മേഖലയിൽ കഴിവുകൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

”ചോദ്യ പേപ്പർ വാങ്ങാൻ രണ്ട് രൂപ എന്റെ കയ്യിൽ ഇല്ലാത്ത ഒരു സാഹചര്യം. അന്ന് രണ്ട് രൂപ തന്ന് എന്നെ ലൈംഗികമായി ചൂഷണം ചെയ്തയാളുടെ വീട് നാൽപ്പത് ലക്ഷത്തിന് ഞാൻ വാങ്ങി. ഇതൊന്നും ഞാൻ വിചാരിച്ചിരുന്നതല്ല. എല്ലാം സംഭവിച്ചതാണ്. ഇനിയും ജീവിതം മുന്നോട്ടുപേകേണ്ടതുണ്ട്. കൂടുതൽ കരുത്താർജിക്കേണ്ടിയിരിക്കുന്നു”-രഞ്ജു പറഞ്ഞു.