മാഞ്ചസ്റ്റര്‍: ഇന്ധന വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടേണ്ട ഡസനിലധികം വിമാനങ്ങള്‍ റദ്ദാക്കി. വിമാനത്താവള അധികൃതരുടെ നടപടി നൂറിലധികം യാത്രക്കാരെയാണ് വലച്ചത്. നിലവില്‍ 69 വിമാനങ്ങളാണ് റദ്ദാക്കിയതായി ഔദ്യോഗിക റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ഇന്ധന വിതരണത്തിലുണ്ടായി അപാകത പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. എന്താണ് സാങ്കേതിക തകരാറിന് കാരണമായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഞായറാഴ്ച്ച ഉച്ചയോടെയാണ് യു.കെയിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലയ്ക്കുന്നത്. ഇല്ക്ട്രിസിറ്റി വിതരണത്തിലുണ്ടായ തടസം കാരണം ഇന്ധന വിതരണം നിലയ്ക്കുകയായിരുന്നു. എഞ്ചിനിയര്‍മാര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ദ്ധര്‍ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാര്‍ക്കായി സമാന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് സാധിക്കാതെ വന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കി.
വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ 2 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നിരുന്നു. വിമാനം നിലത്തിറങ്ങിയിട്ടും രണ്ട് മണിക്കൂറോളം പുറത്തിറങ്ങാന്‍ കാത്തിരിക്കേണ്ടി വന്നത് പ്രതിഷേധത്തിനും കാരണമായി. സാങ്കേതിക തകരാര്‍ തുടരുന്നതിനാല്‍ ചില വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടിട്ടുണ്ട്. ലിവര്‍പൂളിലേക്ക് ഉള്‍പ്പെടെ അന്താരാഷ്ട്ര വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply