ജിബിൻആഞ്ഞിലിമൂട്ടിൽ , മലയാളം യുകെ ന്യൂസ് ടീം

ഇന്ന് മെയ് 1 ലോക തൊഴിലാളി ദിനം .ലോകമെമ്പാടും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആണ് ഇത്തവണ തൊഴിലാളി ദിനം ആചരിക്കപ്പെടുന്നത്. 1886 മെയ്1നാണ് ലോക തൊഴിലാളി ദിനം ആചരിച്ചുതുടങ്ങിയത്. 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്ന് അമേരിക്കയിൽ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിച്ചു. ഈ അവകാശം നേടിയെടുക്കാൻ തൊഴിലാളി സംഘടനകൾ പണിമുടക്കി. ഈ പണിമുടക്കിനിടെ, ചിക്കാഗോയിലെ ഹെയ്‌മാർക്കറ്റിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടായി, ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും നിരവധി തൊഴിലാളികൾ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ, ഹെയ്മാർക്കറ്റ് നാർസിസസിൽ കൊല്ലപ്പെട്ട നിരപരാധികളോടുള്ള സ്മരണാർഥം മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുമെന്നും എല്ലാ തൊഴിലാളികളും ഈ ദിവസം അണിചേരുമെന്നും പ്രഖ്യാപിക്കപ്പെട്ടത്. ഇതാണ് ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം. തൊഴിലാളികളുടെ അവകാശ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്. തൊഴിലാളിക്ക് ചെയ്യുന്ന പണിക്ക് ന്യായമായ കൂലി അവകാശമാണെന്ന് പ്രഖ്യാപിച്ച് അത് സ്ഥാപിച്ചെടുക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങളെ മുന്നോട്ട് നയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ആണ്. തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി പോരാടിയ ചരിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആണെന്നതിൽ തർക്കമില്ല.

ലോകമാകമാനം തൊഴിലാളി സമൂഹം വലിപ്പച്ചെറുപ്പമില്ലാതെ ഇന്ന് വലിയൊരു പ്രതിസന്ധി നേരിടുകയാണ് . കോവിഡ് എന്ന മഹാമാരി മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ ആകെ മാറ്റിമറിച്ചിരിക്കുന്നു . കൊറോണ വൈറസ് ഇന്ന് എല്ലാ തൊഴിൽ മേഖലകളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സാധാരണക്കാരായ തൊഴിലാളികളെ ഉൾപ്പെടെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര തൊഴിലാളി സംഘടന കഴിഞ്ഞ ബുധനാഴ്‌ച റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ലോകത്ത് 1.6 ബില്യൺ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും എന്നാണ് പറയുന്നത്. ഈ കണക്ക് സൂചിപ്പിക്കുന്നത് ലോകം വലിയൊരു തൊഴിൽ പ്രതിസന്ധി കൂടി നേരിടും എന്നതാണ്. സർക്കാർ സഹായം ഇല്ലാത്ത തൊഴിൽ മേഖലയിൽ ഉള്ളവർക്കാണ് തൊഴിൽ നഷ്ടമാവുക എന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന പറയുന്നത്. തൊഴിലാളികൾ എന്നും ലോകത്തിന്റെ കരുത്താണ്.ലോകത്തിന്റെ നിലനിൽപ്പ് തന്നെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് തൊഴിലാളികളെ ചേർത്ത് നിർത്താം.അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.ഈ തൊഴിലാളി ദിനത്തിൽ സർവ്വ രാജ്യ തൊഴിലാളികളെ മുഴുവനും അഭിവാദ്യം ചെയ്യുന്നു.