ആദ്യമല്‍സരത്തില്‍ ശ്രീലങ്കയെ ന്യൂസീലന്‍ഡ് പത്തുവിക്കറ്റിന് തകര്‍ത്തു . 137 റണ്‍സ് വിജയലക്ഷ്യം 17ാം ഓവറില്‍ കീവീസ് മറികടന്നു . ലോകി ഫെര്‍ഗുസനും മാറ്റ് ഹെന്‍‍റിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലങ്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായത് മൂന്നുപേര്‍ക്ക് മാത്രം .

ശ്രീലങ്ക പൊരുതി നേടിയ 136 റണ്‍സ് വിജയലക്ഷ്യം സെഞ്ചുറി കൂട്ടുകെട്ടൊരുക്കി കീവി ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും കൊളിന്‍ മൺ‍റോയും മറികടന്നു. ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (73), കോളിൻ മൺറോ (58) എന്നിവരുടെ അപരാജിത അർധസെഞ്ചുറികളാണ് ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും അനായാസ ജയം ന്യൂസീലൻഡിന് സമ്മാനിച്ചത്. 51 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ഗപ്റ്റിലിന്റെ ഇന്നിങ്സ്. 47 പന്തുകൾ നേരിട്ട കോളിൻ മൺറോ ആകട്ടെ, ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 58 റൺസെടുത്തു. ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ താളം കണ്ടെത്താൻ വിഷമിച്ച അതേ പിച്ചിലാണ് ഗപ്റ്റിൽ–മൺറോ സഖ്യം അപരാജിത സെഞ്ചുറി കൂട്ടുകെട്ടു തീർത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക ബൗണ്ടറിയടിച്ച് തുടങ്ങി . അടുത്തപന്തില്‍ വിക്കറ്റും . പിന്നെ ലങ്കന്‍ ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്ര. പിടിച്ചുനിന്നത് അര്‍ധസെഞ്ചുറി നേടിയ ക്യപ്റ്റന്‍ കരുണരത്നെ മാത്രം. മാത്യൂസും മെന്‍ഡിസും അക്കൗണ്ട് തുറക്കാതെ പുറത്ത് . ലോകി ഫെര്‍ഗുസനും മാറ്റ് ഹെന്‍‍റിയും മുന്നില്‍നിന്ന് നയിച്ചപ്പോള്‍ പന്തെടുത്ത കീവികളെല്ലാം വിക്കറ്റെടുത്തു .

മറ്റൊരു പോരാട്ടത്തിൽ അഫ്ഗാൻ എതിരെ ഓസീസിനും ഏഴ് വിക്കറ്റ് ജയം. ഓപ്പണർ ആരോൺ ഫിഞ്ചിന്റെയും ഡേവിഡ് വാർണറുടേയും അർധസെഞ്ചുറികളുടെ മികവിലാണ് ഓസീസിന്റെ ജയം. അഫ്ഗാനിസ്ഥാനുയർത്തിയ 208 റൺസ് വിജയലക്ഷ്യം ഓസീസ് 34.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഒസീസ് മറികടന്നു. വാർണർ 89 റൺസോടെ പുറത്താവാതെ നിന്നു.

അർധസെ‍ഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, സ്റ്റീവ് സമിത്ത് എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. 49 പന്തിൽ 66 റൺസെടുത്ത ഫിഞ്ചിനെ അഫ്ഗാൻ നായകൻ ഗുൽബാദിൻ നായിബാണ് പുറത്താക്കിയത്. ആറു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടുന്നതാണ് ഫിഞ്ചിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 96 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഉസ്മാൻ ഖവാജയും പുറത്തായി. 20 പന്തിൽ ഒരു ബൗണ്ടറി സഹിതം 15 റൺസെടുത്ത ഖവാജയെ റാഷിദ് ഖാൻ എൽബിയിൽ കുരുക്കി. മൂന്നാം വിക്കറ്റിൽ സ്മിത്തും വാർണറും 49 റൺസ് കൂട്ടിച്ചേർത്തു. 18 റൺസെടുത്ത സ്മിത്തിന്റെ വിക്കറ്റ് മുജീബുർ റഹ്മാനാണ്. നാല് റൺസെടുത്ത് മാക്സ്‌വെൽ പുറത്താവാതെനിന്നു.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ 38.2 ഓവറിൽ 207 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അർധസെഞ്ചുറി നേടിയ നജീബുല്ല സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറർ. സദ്രാൻ 49 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 51 റൺസെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റഹ്മത്ത് ഷാ (60 പന്തിൽ 43), ഹഷ്മത്തുല്ല ഷാഹിദി (34 പന്തിൽ 18), ക്യാപ്റ്റൻ ഗുൽബാദിൻ നായിബ് (33 പന്തിൽ 31), റാഷിദ് ഖാൻ (11 പന്തിൽ 27), മുജീബുർ റഹ്മാൻ (ഒൻപതു പന്തിൽ 11) എന്നിവരും അഫ്ഗാൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, ഓപ്പണർമാരായ മുഹമ്മദ് ഷെഹ്സാദ് (പൂജ്യം), ഹസ്രത്തുല്ല സസായ് (പൂജ്യം), മുഹമ്മദ് നബി (ഏഴ്), ദൗലത്ത് സദ്രാൻ (നാല്) എന്നിവർ നിരാശപ്പെടുത്തി. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ്, ആദം സാംപ എന്നിവർ മൂന്നും മാർക്കസ് സ്റ്റോയ്നിസ് രണ്ടും വിക്കറ്റ് സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്കിനാണ് ഒരു വിക്കറ്റ്.

പകുതിയോളം താരങ്ങൾ ഓസീസിനു മുന്നിൽ പത്തിമടക്കിയെങ്കിലും രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെ കരുത്തിലാണ് അഫ്ഗാൻ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. അഞ്ചു റൺസിനിടെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമാക്കിയ അഫ്ഗാൻ ഇന്നിങ്സിന് മൂന്നാം വിക്കറ്റിൽ റഹ്മത്ത് ഷാ – ഹഷ്മത്തുല്ല ഷാഹിദി സഖ്യം കൂട്ടിച്ചേർത്ത 51 റൺസ് കൂട്ടുകെട്ടാണ് അടിത്തറയിട്ടത്. രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ ക്രീസിൽ ഒരുമിച്ച ഈ സഖ്യം 14–ാം ഓവറിന്റെ മൂന്നാം പന്തിലാണ് പിരിഞ്ഞത്. ഷാഹിദിയെ പുറത്താക്കി ആദം സാംപയാണ് കൂട്ടുകെട്ടു പൊളിച്ചത്.

20–ാം ഓവറിൽ റഹ്മത്ത് ഷായെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ച് സാംപ വീണ്ടും ആഞ്ഞടിച്ചു. 60 പന്തിൽ ആറു ബൗണ്ടറി സഹിതം 43 റൺസായിരുന്നു ഷായുടെ സമ്പാദ്യം. രണ്ടു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും മുഹമ്മദ് നബി റണ്ണൗട്ടായതോടെ അഞ്ചിന് 77 റൺസ് എന്ന നിലയിലായി അഫ്ഗാൻ. ഇതിനു ശേഷമായിരുന്നു അഫ്ഗാൻ ഇന്നിങ്സിനു ബലം പകർന്ന നായിബ് – സദ്രാൻ കൂട്ടുകെട്ട്. ഇരുവരും ചേർന്ന് 83 റൺസാണ് അഫ്ഗാൻ സ്കോർ ബോർഡിൽ ചേർത്തത്.

12.5 ഓവർ ക്രീസിൽനിന്നാണ് ഇവരുടെ സഖ്യം 83 റൺസെടുത്തത്. ഇരുവരും ചേർന്ന് അഫ്ഗാനെ അനായാസം 200 കടത്തുമെന്ന തോന്നലുയർന്നെങ്കിലും 34–ാം ഓവർ ബോൾ ചെയ്ത മാർക്കസ് സ്റ്റോയ്നിസ് തിരിച്ചടിച്ചു. ഈ ഓവറിന്റെ ആദ്യ പന്തിൽ ഗുൽബാദിൻ നായിബിനെയും അഞ്ചാം പന്തിൽ നജീബുല്ലയെയും സ്റ്റോയ്നിസ് വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തിച്ചു. 33 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 31 റണ്‍സായിരുന്നു നായിബിന്റെ സമ്പാദ്യം. സദ്രാൻ 49 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 51 റൺസെടുത്തു. സാംപയുടെ പന്തിൽ രണ്ടു സിക്സും രണ്ടു ബൗണ്ടറിയും ചേർന്നു നേടിയ 22 റൺസ് ഉൾപ്പെടെയാണിത്.

എന്നാൽ അവിടുന്നങ്ങോട്ട് ട്വന്റി20 ശൈലിയിൽ തകർത്തടിച്ച റാഷിദ് ഖാനും മുജീബുർ റഹ്മാനും ചേർന്നാണ് അഫ്ഗാൻ സ്കോർ 200 കടത്തിയത്. റാഷിദ് 22 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 27 റൺസെടുത്തു. മുജീബുർ റഹ്മാൻ ഒൻപതു പന്തിൽ ഓരോ സിക്സും ബൗണ്ടറിയും സഹിതം 13 റൺസുമായി പത്താമനായി പുറത്തായി. ദൗലത്ത് സദ്രാൻ (നാല്), ഹമീദ് ഹസ്സൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.