ബ്രെക്സിറ്റ് എളുപ്പത്തിൽ നടക്കുവാൻ വേണ്ടി പാർലമെന്റ് പിരിച്ചുവിടണമെന്ന് ടോറി പാർട്ടിപ്രവർത്തകനും എംപിയും ആയിരിക്കുന്ന ഡൊമിനിക് റാബ് ജൂൺ 6ന് വെളിപ്പെടുത്തുകയുണ്ടായി. ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ ഒക്ടോബർ 31ന് വിടും എന്ന് ഉറപ്പു വരുത്തുന്നതിനും മറ്റ് എംപിമാർ ബ്രെക്സിറ്റിനെ തടയാനോ വൈകിപ്പിക്കാൻ ശ്രമിക്കാതെ ഇരിക്കുന്നതിനു വേണ്ടിയാണെന്നും ഇപ്രകാരം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെ എതിർത്ത് ഹൗസ് ഓഫ് കോമൺസിലെ സ്പീക്കർ ജോൺ ബെർക്കോവ് രംഗത്ത് എത്തുകയുണ്ടായി.പാർലമെന്റിനെ പിരിച്ചുവിടുന്നത് ഒരു കാരണവശാലും നടക്കില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “നോ ഡീൽ ബ്രെക്സിറ്റ് ഒരു വോട്ടെടുപ്പിലൂടെ അല്ലാതെ നടക്കില്ല. രാജ്യം ഇത്തരമൊരു രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, റാബിന്റെ ഈ തീരുമാനം ഒരു പരിഹാരമാവില്ല.” ബെർക്കോവ് തുറന്നുപറഞ്ഞു.
ബെർക്കോവിന്റെ അഭിപ്രായവുമായി മറ്റ് എംപിമാരും യോജിക്കുന്നു.മൈക്കിൾ ഗോവും ബോറിസ് ജോൺസണും മാറ്റ് ഹാൻഡ്കൊക്കും റാബിന്റെ ഈ ഒരു തീരുമാനത്തോട് പൂർണ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റെവാർട്ട് ഈ ഒരു നിർദ്ദേശത്തെ ‘ജനാധിപത്യവിരുദ്ധം’ എന്നാണ് വിശേഷിപ്പിച്ചത്. പല ടോറി പാർട്ടി നേതാക്കളും ഇതിനോടകം പ്രതികരിച്ചു. റാബിന്റെ ഈ തീരുമാനത്തെ ‘ശുദ്ധ മണ്ടത്തരം’ എന്നാണ് ആംബർ റൂഡ് വിശേഷിപ്പിച്ചത്.
” പാർലമെന്റ് പിരിച്ചു വിടുവാൻ തീരുമാനിക്കുന്നത് രാജ്ഞിയാണ് ” കോമൺസിന്റെ നേതാവ് മെൽ സ്ട്രയിഡ് വ്യക്തമാക്കി. ഇപ്പോഴത്തെ പാർലമെന്റ് 2017 മുതൽ പ്രവർത്തിക്കുന്നു. തെരേസ മേയുടെ രാജിയോടെ പ്രധാനമന്ത്രിയാവാൻ പല നേതാക്കളും രംഗത്തുണ്ട്. ഇവർ പല വാഗ്ദാനങ്ങളും ആണ് ജനങ്ങൾക്ക് നൽകുന്നത്. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായികൊണ്ടിരിക്കുന്ന ഈ സമയത്ത് തുടർന്ന് എന്തൊക്കെ സംഭവിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. ബ്രിട്ടനിലെ രാഷ്ട്രീയസാഹചര്യം ദിനങ്ങൾ കഴിയുന്തോറും കലുഷിതമായിക്കൊണ്ടിരിക്കുകയാണെന്ന് ഇതിലൂടെയൊക്കെ വ്യക്തമാണ്.
Leave a Reply