ജോജി തോമസ്

ബ്രിട്ടണിലെ മലയാളികളുടെ ഇടയില്‍ പുതിയൊരു സംഘടന ഉദയം ചെയ്യുകയാണ്. സ്‌കോട്ട്‌ലാന്റിലെ വിവിധ മലയാളി സംഘടനകളെ കോര്‍ത്തിണക്കി കൂടുതല്‍ പ്രവര്‍ത്തന വ്യാപ്തിയുള്ള ഒരു ബഹുജന സംഘടനയാണ് രൂപീകൃതമാകുന്നതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. തുടക്കത്തിലുള്ള പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടുകളും വിലയിരുത്തുമ്പോള്‍ സ്‌കോട്ട്‌ലാന്റിലെ മലയാളികളെ മുഴുവന്‍ ഒരു കുടക്കീഴില്‍ എത്തിക്കുകയും അവിടുത്തെ മലയാളികളുടെ പൊതുസ്വത്താകുന്ന ഒരു സംഘടന കെട്ടിപ്പെടുക്കാനുമാണ് സംഘാടകര്‍ പരിശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും. എട്ടോ അതിലധികമോ അംഗങ്ങളുള്ള സൗഹൃദ-കുടുംബ കൂട്ടായ്മകളേയും അസോസിയേഷനുകളേയും ക്ലബുകളേയും ഉള്‍കൊള്ളിക്കാനാണ് യുസ്മയുടെ നീക്കം ബ്രിട്ടണില്‍ ഇന്ന് മലയാളികളുടേതായി ഉള്ള മറ്റു പല സംഘടനകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കോട്ട്‌ലാന്റിലെ മൊത്തം മലയാളി സമൂഹത്തിന്റെ പ്രാതിനിധ്യം യുസ്മയ്ക്ക് സാധ്യമാകുമെന്ന് പ്രത്യാശിക്കാം.

പല കാരണങ്ങള്‍ കൊണ്ട് ബ്രിട്ടണില്‍ മലയാളി അസോസിയേഷനുകളുടെ ബാഹുല്യം ഉണ്ടെന്നുള്ളത് വസ്തുതയാണ്. ആശയപരമായ ഭിന്നതകള്‍ മുതല്‍ സൗന്ദര്യ പിണക്കങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ട്. മലയാളി അസോസിയേഷനുകളുടെ പ്രവര്‍ത്തനരീതികള്‍ പലപ്പോഴും ഓണം, ക്രിസ്തുമസ് ആഘോഷത്തിനപ്പുറത്തേയ്ക്ക് വളര്‍ന്നിട്ടില്ലാത്തതും എടുത്തുപറയേണ്ട ന്യൂനതയാണ്. അസോസിയേഷനുകളിലെ അംഗങ്ങളുടെ എണ്ണത്തിലുള്ള പരിമിതികള്‍ പലപ്പോഴും മലയാളികള്‍ക്ക് പ്രയോജനപ്രജമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. ബ്രിട്ടണിലെ മലയാളി അസോസിയേഷനുകളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴെ കൊണ്ടുവരാന്‍ രൂപീകൃതമായ യുക്മ 10-ാം വാര്‍ഷികത്തിലേയ്ക്ക് കടക്കുകയാണെങ്കിലും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി ക്രിയാത്മകമായ ഒരു പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് ഇംഗ്ലണ്ടിലാണ്. ബ്രിട്ടണിലെ മുഴുവന്‍ മലയാളികള്‍ക്കുമായി രൂപീകൃതമായ യുക്മയ്ക്ക് സ്‌കോട്ടിഷ് മലയാളികള്‍ക്കായി ഒരു പ്രവര്‍ത്തനവും ഇല്ലാത്തതാണ് യുസ്മയുടെ രൂപീകരണത്തിന് കാരണമായത്.

പല നിക്ഷിപ്ത താല്‍പര്യങ്ങള്‍ മൂലവും ഇംഗ്ലണ്ടില്‍ പോലും മുഴുവന്‍ മലയാളികളുടെയും പൊതുസ്വത്താകാന്‍ യുക്മയ്ക്ക് സാധിച്ചിട്ടില്ല. ഒരു പൊതുസംഘടനയില്‍ കാണുന്ന ജനാധിപത്യ മര്യാദകളോ പൊതു ചര്‍ച്ചകളോ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള സംവിധാനങ്ങളോ ഇല്ലാത്തത് വലിയ ദൗര്‍ബല്യമാണ്. ഒരു വര്‍ഷത്തില്‍ 30000ല്‍ അധികം പൗണ്ട് ചിലവഴിക്കുന്ന ഒരു സംഘടനയ്ക്ക് സുതാര്യമായ ഓഡിറ്റിങ്ങ് സംവിധാനങ്ങളാവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് വാര്‍ഷിക പൊതുയോഗം അംഗീകരിക്കാതിരുന്നത് ഇത് വരെ പാസാക്കി എടുക്കാന്‍ ഭാരവാഹികള്‍ക്ക് കഴിഞ്ഞിട്ടില്ല.

യുകെയിലെ മലയാളികളുടെ പൊതു സംഘടന ഇന്നേവരെ യുകെയിലൊരിടത്തും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല എന്നത് തന്നെയാണ് മറ്റൊരു പരാജയം. സംഘടനയെ ചിലരുടെ ഇഷ്ടത്തിനൊത്ത് കൊണ്ടുപോകുന്നതിനുള്ള ഉപായമായാണ് ഇതിനെ കാണുന്നത്. വ്യക്തമായ നിയമാവലിയോടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയ്‌ക്കേ നിക്ഷിപ്ത താല്‍പര്യക്കാരുടെ പിടിയില്‍ നിന്ന് വഴുതി മാറി പൊതുനന്മയ്ക്കായി പ്രയത്‌നിക്കാന്‍ സാധിക്കൂ. നാട്ടിലെ സഹകരണസംഘം മോഡലിലുള്ള ഭാരവാഹികളുടെ തെരെഞ്ഞെടുപ്പാണ് മറ്റൊരു വൈകൃതം. ഇത് അമിതമായ രാഷ്ട്രീയ അതിപ്രസരണത്തിന് കാരണമാകുകയും കഴിവും പുത്തന്‍ ചിന്താഗതിയുള്ളവര്‍ക്ക് കടന്നുവരാന്‍ അവസരം നിഷേധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ രാഷ്ട്രീയ ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ ചേരിതിരിവുകള്‍ സൃഷ്ടിച്ച് ബ്രിട്ടണിലെ പ്രവാസി മലയാളികളുടെ സംഘടനയുടെ നേതൃത്വത്തില്‍ വരാനുള്ള പ്രവര്‍ത്തനങ്ങളുടെ സാംഗത്യം മനസിലാക്കാവുന്നതല്ല.

മലയാളികള്‍ക്ക് തീര്‍ച്ചയായും ഒരു സംഘടിത ശക്തി ആവശ്യമാണ്. പക്ഷേ ആ സംഘടിത ശക്തി ഉപയോഗിക്കുന്നത് പുരോഗമനപരമായ ആശങ്ങള്‍ക്കും മുഴുവന്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുമായിരിക്കണം. പുത്തന്‍ ആശയങ്ങളും ചലനാത്മകമായ നേതൃത്വവും ഉള്ള ഒരു സംഘടനയ്ക്ക് സമൂഹത്തിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കും. കഴിഞ്ഞ കാലഘട്ടങ്ങളില്‍ പ്രവാസി മലയാാളി സംഘടനകളില്‍ വന്ന വീഴ്ചകളില്‍ നിന്നും കുറവുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സ്‌കോട്ട്‌ലാന്റ് മലയാളികളുടെ ഉന്നമനത്തിനായി ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാവട്ടെ യുസ്മ എന്ന് നമുക്ക് പ്രത്യാശിക്കാം.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.