മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ കടല്‍ത്തീരങ്ങളില്‍ സജീവമാകുന്നു. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം മനുഷ്യവാസമുള്ള മേഖലയിലേക്ക് സജീവമാകുന്നതായാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ആഗോള താപനം മൂലം സമുദ്ര ജലത്തിന് ചൂട് കൂടിയതിന് പിന്നാലെയാണ് ഇവ തീരങ്ങളോട് അടുക്കുന്നതെന്നാണ് നിരീക്ഷണം.
അമേരിക്കയില്‍ ഇവയുടെ ആക്രമണത്തില്‍ അംഗവൈകല്യം വരുന്നവുടേയും മരിക്കുന്നവരുടേയും എണ്ണം വര്‍ധിച്ചതിന് പിന്നാലെയാണ് ഗവേഷകര്‍ കാരണം തേടിത്തുടങ്ങിയത്. 2017 ന് മുന്‍പുള്ള വേനല്‍ക്കാലത്തെ അപേക്ഷിച്ച് വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം കൂടിയെന്നാണ് ന്യൂജേഴ്സിയിലെ കൂപ്പര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വിശദമാക്കുന്നത്.
നിലവില്‍ 5 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും സമുദ്രജലം ചൂട് പിടിക്കുന്നതിനനുസരിച്ച് കൂടുതല്‍ കേസുകള്‍ വരുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ചൂട് കൂടിയ ജലത്തിലാണ് ഇവയുടെ സാന്നിധ്യം സാധാരണ ഗതിയില്‍ കാണാറുള്ളത്. അതും വളരെ അപൂര്‍വ്വമായാണ്. മെക്സിക്കോ ഉൾക്കടലിലെ ചില മേഖലകൾ പോലെ കടലിലെ താപനില 55 ഡിഗ്രി സെൽഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വൊൾനിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാൽ ഇന്ന് കടലിന്റെ കിഴക്കൻ തീരത്തേക്കും ഇവ മാറിയതായാണു കണ്ടെത്തിയിരിക്കുന്നത്.
ഉപ്പുരസമേറിയ കടലിൽ അല്ലെങ്കിൽ കടലും മറ്റു ജലാശയങ്ങളും കൂടിച്ചേരുന്ന ഭാഗങ്ങളിൽ കാണുന്ന ഇവ വെള്ളത്തിലേക്കിറങ്ങുമ്പോൾ ശരീരത്തിലെ ചെറുമുറിവുകളിലൂടെയാണ് ശരീരത്തിന് അകത്തെത്തുന്നത്. ദേഹത്ത് ഒരു ചുവന്ന തടിപ്പായിട്ടാണ് ബാക്ടീരിയ പ്രവര്‍ത്തനം തുടങ്ങുക. വളരെ പെട്ടെന്ന് അതു വലുതാകും പിന്നാലെ മാംസം അഴുകുന്നതിന് തുല്യമാകും. ചികിത്സ തേടിയാൽ പോലും പലപ്പോഴും ബാക്ടീരിയ ബാധയേറ്റ മുറിവിന്റെ ഭാഗം മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്താന്‍ അധിക സമയം വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
അമേരിക്കയിൽ ഓരോ വർഷവും കുറഞ്ഞത് 250 പേരെയെങ്കിലും ഈ ബാക്ടീരിയ ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ബാക്ടീരിയയുടെ ഉപദ്രവം ഏറ്റവും രൂക്ഷമാവുക. മലിനജലത്തില്‍ നീന്തുമ്പോള്‍ മുറിവുകളിലൂടെ ഇവ ശരീരത്തിലെത്തുന്നു. ജലമലിനീകരണത്തിന്റെ തോത് കൂടിയതോടെ ഇതിനുള്ള സാധ്യതയും ഏറെയാണ്. കടല്‍ മത്സ്യങ്ങള്‍ക്ക് ബാക്ടീരിയ ബാധയേറ്റാല്‍ അതിലൂടെയും മനുഷ്യരിലേക്ക് ബാക്ടീരിയ ബാധയേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ഞണ്ടുകളിലും ഷെല്‍ഫിഷുകളിലുമാണ് സാധാരണ ഈ ബാക്ടീരിയയുടെ സാന്നിധ്യം കാണാറ്.
വൊൾനിഫിക്കസില്‍ നിന്ന് അണുബാധയുണ്ടാവുന്നതില്‍ ഏറിയ പങ്കും പുരുഷന്മാരാണ് എന്നതും ശ്രദ്ധേയമാണ്. പരമ്പരാഗതമായി കാണുന്ന മേഖലയിൽ നിന്നു മാറി വൊൾനിഫിക്കസ് പുതിയ ഇടങ്ങളിലേക്കെത്തിയതോടെ അമേരിക്കയില്‍ ഇതുമായി ബന്ധപ്പെട്ട ചികിത്സയെക്കുറിച്ച് ഡോക്ടർമാർക്കും ബോധവൽക്കരണം നൽകിത്തുടങ്ങിയിട്ടുണ്ട്.
Leave a Reply