ഇന്ത്യൻ ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടും താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് അമ്പാട്ടി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലും ഇനി മുതൽ അമ്പാട്ടി റായിഡു ഉണ്ടാകില്ല.
എന്നാൽ വിരമിക്കുന്നതിനുള്ള കാരണം അമ്പാട്ടി റായിഡു വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും മാറി പുറത്തുള്ള ലീഗുകളിൽ കളിക്കാനാണ് റായിഡു ഒരുങ്ങുന്നത്. അതേസമയം, ഐപിഎല്ലിൽ നിന്നുകൂടി മാറുന്നതോടെ ബിസിസിഐയുമായുള്ള എല്ലാ സഹകരണവും അവസാനിക്കും.
ഇന്ത്യൻ ടീമിൽ മധ്യനിര ബാറ്റ്സ്മാനായി എത്തിയ റായിഡു 50 ഏകദിന മത്സരങ്ങളിൽ നിന്ന് 1694 റൺസ് സ്വന്തമാക്കി. മൂന്ന് സെഞ്ചുറിയും പത്ത് അർധ സെഞ്ചുറികളും നേടിക്കഴിഞ്ഞ താരത്തിന്റെ പ്രഹരശേഷി 79.04 ആണ്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും അമ്പാട്ടി റായിഡു കളിച്ചിരുന്നു.
ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന താരമാണ് അമ്പാട്ടി റായിഡു. ടീമിൽ താരത്തിന് ഇടം ലഭിക്കാത്തതിൽ വലിയ വിമർശനമാണ് ഉയർന്ന് കേട്ടത്. ലോകകപ്പ് ടീമിൽ നിന്ന് ശിഖർ ധവാൻ പരുക്കേറ്റ് പുറത്തായതിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്തിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഓൾറൗണ്ടർ വിജയ് ശങ്കറും പരുക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായപ്പോൾ പകരം മായങ്ക് അഗർവാളിനെയാണ് പരിഗണിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വലിയ തരത്തിലുള്ള ട്രോളുകൾക്കും അമ്പാട്ടി റായിഡു കഥാപാത്രമായി.
Leave a Reply