ലണ്ടൻ: സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരായ നാല് ജീവനക്കാരെ ജാമ്യത്തിൽ വിട്ടയച്ചു. റോയൽ ജിബ്രാൾട്ടർ പോലീസിനെ ഉദ്ധരിച്ച് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം.
യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ചാണ് ഇറാന്റെ സൂപ്പർ ടാങ്കർ ഗ്രേസ് -1 ജിബ്രാൾട്ടർ കടലിടുക്കിൽനിന്ന് ബ്രിട്ടീഷ് റോയൽ മറീനുകൾ പിടിച്ചെടുത്തത്. ഇന്ത്യക്കാരായ ജീവനക്കാരെ ജാമ്യത്തിൽ വിട്ടയച്ചുവെങ്കിലും എണ്ണക്കപ്പൽ മോചിപ്പിക്കില്ലെന്നും അന്വേഷണം തുടരുമെന്നും ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.
സൂപ്പർ ടാങ്കറിന്റെ ക്യാപ്റ്റൻ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. അവർക്ക് എല്ലാ നിയമ സഹായവും കോൺസുലാർ സഹായവും നൽകുമെന്നും കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെടാൻ അവസരം നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. കപ്പലിലെ ഇന്ത്യക്കാരായ ജവനക്കാർക്ക് എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷനും വ്യക്തമാക്കിയിരുന്നു.
യൂറോപ്യൻ യൂണിയൻ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും സിറിയയ്ക്കെതിരായ ഉപരോധം 2011 മുതൽ നിലവിലുണ്ട്. ഉപരോധം മറികടന്ന് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്.
Leave a Reply