മലയാളംയുകെ ന്യൂസ് ടീം

സ്റ്റോക്ക് ഓണ്‍ ട്രെന്റ് :  ‘വലിയൊരു ശൂലമെടുത്തൊരു ക്രൂരന്‍
ബലമായ് നെഞ്ചില്‍ ശ്ലീഹായെ
കുത്തികൊണ്ടവരോടിയൊളിച്ചു
എമ്പ്രാന്മാരായവരെല്ലാം
മാര്‍ത്തോമ്മാ കടലോരക്കാട്ടില്‍
കല്ലില്‍ വീണു പ്രാര്‍ത്ഥിച്ചു’
ഗുരുവിന്റെ മുറിവേറ്റ നെഞ്ചില്‍ തൊട്ടാലേ ഞാന്‍ വിശ്വസിക്കൂ എന്ന ശാഠ്യംപിടിച്ച തോമാ, ഗുരുവിനെപ്പോലെ കുന്തത്താല്‍ നെഞ്ചില്‍ മുറിവേറ്റുകൊണ്ട് തന്റെ രക്തത്താല്‍ ഉത്ഥിതനിലുളള വിശ്വാസത്തിന് പുതിയ സാക്ഷ്യം രചിച്ചതിന്റെ ഓര്‍മ്മയാണ് ദുക്‌റാന. ഒരു കാലത്ത് കേരളക്കരയില്‍ പ്രസിദ്ധമായിരുന്ന റമ്പാന്‍ പാട്ടില്‍ ഭാരതത്തിന്റെ ശ്ലീഹായായ മാര്‍ത്തോമ്മ ശൂലത്താല്‍ നെഞ്ചില്‍ കുത്തേറ്റു രക്തസാക്ഷിത്വം വരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ‘തോരാതെ മഴപെയ്യുന്ന തോറാന’ എന്നു കാരണവന്മാരുടെ പഴമൊഴിയില്‍ പറയുന്ന ദുക്‌റാന, ലോകമെമ്പാടുമുളള മാര്‍ത്തോമാ നസ്രാണികളെ സംബന്ധിച്ചിടത്തോളം വെറുമൊരു ഓര്‍മ്മദിനമല്ല. മറിച്ച് അത് അവര്‍ക്ക് സ്വന്തം അപ്പന്റെ ഓര്‍മ്മതിരുനാളാണ്.

വിശ്വാസത്തില്‍ തങ്ങള്‍ക്ക് ജന്മം നല്കിയ, അതിനായ് ഭാരതമണ്ണില്‍ സ്വന്തം രക്തം ചിന്തി, വിശ്വാസത്തിന് സാക്ഷ്യം നല്കിയ അപ്പന്റെ തിരുനാളാണ് ദുക്‌റാന. പൗരസ്ത്യ സുറിയാനി യാമപ്രര്‍ത്ഥനയില്‍ തോമാശ്ലീഹയെ ഇന്ത്യക്കാരുടെ പിതാവ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അപ്പന്റെ ഓര്‍മ്മദിനത്തില്‍ മക്കളെല്ലാവരും ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും അപ്പനെകുറിച്ചുളള സ്‌നേഹസ്മരണകള്‍ പങ്കുവെയ്ക്കുകയും ചെയ്യുക എന്നത് നല്ല കുടുംബങ്ങളില്‍ ഉണ്ടായിരുന്ന ഒരു പാരമ്പര്യമാണ്.

ഇതുപോലെ ലോകമെമ്പാടുമുളള മാര്‍ത്തോമാ ക്രിസ്ത്യാനികൾ ദേവാലയത്തില്‍ ഒരുമിച്ചുകൂടി, വിശ്വാസത്തില്‍ തങ്ങളുടെ പിതാവായ തോമാശ്ലീഹായുടെ ധീരമായ രക്തസാക്ഷിത്വത്തിന്റെ ദീപ്ത സ്മരണകള്‍ പുതുക്കുന്ന, ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന, മാദ്ധ്യസ്ഥം യാചിക്കുന്ന, ആ നല്ല അപ്പന്‍ കാണിച്ചുതന്ന ധീരമായ മാതൃക പിന്‍തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്ന അവസരമാണ് ദുക്‌റാന തിരുന്നാള്‍.

ലോകത്തിന്റെ ഏതു കോണിലായാലും മലയാളികളെ സംബന്ധിച്ചു അവർ തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനും അത് കുഞ്ഞുങ്ങളിലേക്ക് പകർന്നു നൽകുവാൻ എപ്പോഴും ശ്രമിക്കുന്നു എന്നത് ഒരു സത്യമാണ്. ഇത്തരത്തിൽ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സീറോ മലബാര്‍ മാസ് സെന്ററിൽ ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടത്. ഉച്ചകഴിഞ്ഞ് 2.15 ന് എത്തിച്ചേര്‍ന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഇടവക വികാരി റവ.ഫാ. ജെയ്‌സണ്‍ കരിപ്പായി, സ്റ്റോക്ക് ഓൺ ട്രെന്റ് ട്രസ്റ്റിമാരായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർക്കൊപ്പം ഇടവകാംഗങ്ങളും ചേര്‍ന്ന് ഹൃദ്യമായ സ്വീകരിച്ചു. തുടര്‍ന്ന് തിരുന്നാൾ കൊടിയേറ്റ്..  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി ആഘോഷപൂര്‍വമായ ദിവ്യബലി… ഫാ.ജയ്‌സണ്‍ കരിപ്പായി, ഫാ.അരുണ്‍ കലമറ്റത്തില്‍, ഫാ.ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

ദിവ്യബലിക്ക് ശേഷം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുട്ടികള്‍ക്കായി വി. ഡൊമിനിക് സാവിയോയുടെ പേരില്‍ പുതിയതായി രൂപീകരിച്ച സംഘടനയായ ‘സാവിയോ ഫ്രണ്ട്‌സ് ഗ്രേറ്റ് ബ്രിട്ടന്റെ ‘ രൂപതാതല ഉദ്ഘാടനം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. ‘പാപത്തേക്കാള്‍ മരണം ‘ എന്ന ഡൊമിനിക് സാവിയോയുടെ പ്രസിദ്ധമായ ആപ്ത വാക്യം ആണ് സംഘടനയുടെ ആപ്ത വാക്യവും ദര്‍ശനവും. ലദീഞ്ഞിനെ തുടർന്ന് കുരിശുകളുടെയും മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധന്റ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. നൂറ് കണക്കിനാളുകള്‍ ഭക്തിപൂര്‍വ്വം പ്രദക്ഷിണത്തില്‍ പങ്ക് ചേർന്നപ്പോൾ സി.വൈ.എം ന്റെ ബാന്റ്, സ്‌കോട്ടീഷ് ബാന്റ് എന്നിവ അകമ്പടിയേകി.

[ot-video][/ot-video]

പ്രദക്ഷിണശേഷം സമാപനാശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് സമാപനം കുറിച്ചു. തുടര്‍ന്ന് പൊതുസമ്മേളനവും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും, കുടുംബ യൂണിറ്റുകളുടെയും സംയുക്ത വാര്‍ഷികാഘോഷവും നടന്നു. റവ.ഫാ.ജയ്‌സണ്‍ കരിപ്പായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സിറിള്‍ മാഞ്ഞൂരാന്‍ സ്വാഗതം ആശംസിച്ചു. വാര്‍ഷികാഘോഷങ്ങള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. റവ.ഫാ.അരുണ്‍ കലമറ്റത്തില്‍, സി.ലിന്‍സി, റോയി ഫ്രാന്‍സീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

[ot-video][/ot-video]

ഫാമിലി യൂണിറ്റ് ഓര്‍ഗനൈസര്‍ സിബി പൊടിപാറ, വിമന്‍സ് ഫോറം പ്രസിഡന്റ് ലിജിന്‍ ബിജു, സാവിയോ ഫ്രണ്ട്‌സ് ആനിമേറ്റര്‍ ജോസ് വര്‍ഗ്ഗീസ്,  സൺ‌ഡേ സ്കൂൾ പ്രതിനിധിയായി മോന്‍സി ബേബി, തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സുദീപ് അബ്രഹാം നന്ദി പറഞ്ഞതോടുക്കൂടി പൊതുസമ്മേളനത്തിന് തിരശീലവീണു.

വെല്‍ക്കം ഡാന്‍സോട് കൂടി കലാപരിപാടികള്‍ക്ക്  ആരംഭം കുറിച്ചു. സൺ‌ഡേ സ്‌കൂൾ കുട്ടികളുടെയും സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ള കുടുംബ യൂണിറ്റുകളെയും ഉൾപ്പെടുത്തിയുള്ള ഡാന്‍സ്, സ്‌കിറ്റ്, പാട്ട് തുടങ്ങിയ കലാപരിപാടികള്‍… സൺ‌ഡേ സ്‌കൂൾ ക്ലാസുകളിൽ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കും, 100% ഹാജര്‍ ഉള്ളവർക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനദാനത്തിന് ശേഷം രുചികരമായ സ്‌നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ സമാപനം കുറിച്ചു. തിരുനാൾ സാധാരണപോലെ നടത്തി നമ്മുടെ ജീവിതം പഴയപടി പോയാൽ തിരുനാളുകൾകൊണ്ട് ഒരു പ്രയോജനവും നമുക്ക് ലഭിക്കുകയില്ല. വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മനാളിൽ നമുക്കും ചില തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിലും പകർത്തുമ്പോൾ പെരുന്നാൾ ആഘോഷങ്ങൾ അർത്ഥപൂർണ്ണമാകുന്നു.

കണ്ണാടിയില്‍ നോക്കി പുഞ്ചിരിച്ചാല്‍ പ്രതിഫലമായി നമുക്കും ഒരു പുഞ്ചിരി ലഭിക്കും. ലോകത്തെ നോക്കി പുഞ്ചിരിച്ചാല്‍ അതു തന്നെ നമുക്കും പ്രതിഫലമായി ലഭിക്കാതിരിക്കയില്ല. മറ്റുള്ളവര്‍ക്കുനേരെ നാം ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നമ്മുക്ക് നേരെ മൂന്നു വിരലുകളാണ് തിരിഞ്ഞിരിക്കുന്നതെന്ന സത്യത്തിന് നേരെ കണ്ണടക്കുന്നവരാണ് നമ്മള്‍. തെറ്റായ വിധിയെഴുത്തുകള്‍ക്ക് മറ്റുള്ളവരെ ഇരയാക്കിയിട്ടുള്ളവരും തെറ്റായ വിധിയെഴുത്തുകള്‍ക്ക് ഇരയായിട്ടുള്ളവരുമാണ് നമ്മള്‍ ഓരോരുത്തരും.

‘വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്’ (മത്തായി : 7:1)

എന്ന വളരെ സ്പഷ്ടമായ ഒരു കല്പനയാണ് നമുക്ക് നല്കുന്നത്.

ചിലര്‍ എല്ലാം കാര്യങ്ങളെയും പുഞ്ചിരിയോടെ സമീപിക്കുന്നവരാണ്. മറ്റുചിലരാകട്ടെ, വളരെ പൊട്ടിത്തെറിക്കുന്ന സ്വാഭാവക്കാരും. ഇതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ പ്രലോഭനങ്ങള്‍ അത്രയ്ക്ക് ശക്തമാണ്. കുറ്റം പറയാൻ മാത്രമല്ല മറിച്ച് നല്ല പ്രവർത്തികൾ ചെയ്‌ത്‌ മറ്റുള്ളവർക്ക് നാം മാതൃകയാവണം.. നമ്മുടെ ജീവിതത്തിലെ പോരായ്മകളെ നമ്മുക്ക് തിരുത്താം. മറ്റുള്ളവരുടെ കുറവുകള്‍ ദൈവത്തിനു സമര്‍പ്പിക്കാം. നമുക്ക് നന്മ പറയുന്നവരും നന്മ കാണുന്നവരുമാകാം. അങ്ങനെ ക്രിസ്തീയതയുടെ മഹിമ നമ്മുടെ ജീവിതത്തിലും നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിലും പ്രതിഫലിക്കട്ടെ…

[ot-video][/ot-video]