തൃശൂർ: നാലര വയസുകാരൻ എച്ച്ഐവി പോസിറ്റീവെന്നു രേഖപ്പെടുത്തി സ്വകാര്യ മെഡിക്കൽ ലാബ്. വിദഗ്ധ പരിശോധനയിൽ റിപ്പോർട്ട് തെറ്റെന്നു തെളിഞ്ഞു. ലാബിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി.
കഴിഞ്ഞദിവസം ത്വക്ക് രോഗത്തെതുടർന്ന് ചാവക്കാട് കോഴിക്കുളങ്ങരയിലെ ഡോക്ടറുടെ ക്ലിനിക്കിലെത്തിയ കൊടുങ്ങല്ലൂർ സ്വദേശിയായ നാലര വയസുകാരന്റെ ആർബിഎസ്, എച്ച്ഐവി എന്നിവ പരിശോധിക്കാൻ ഡോക്ടർ നിർദേശിച്ചു. ക്ലിനിക്കിനു സമീപത്തെ മഹാലക്ഷ്മി ലാബിലാണ് പരിശോധന നടത്തിയത്.
ലാബ് എച്ച്ഐവി രോഗബാധയുടെ നേരിയ സൂചനകളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടാണു നൽകിയത്. ലാബ് റിപ്പോർട്ട് കണ്ട ഡോക്ടറും ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളോടു വെളിപ്പെടുത്തി. തുടർന്ന് ഡോക്ടറുടെ നിർദേശത്തെതുടർന്നു കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗനൈസേഷനിലും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും വീണ്ട ും പരിശോധന നടത്തി. രണ്ട ിടത്തും എച്ച്ഐവി നെഗറ്റീവ് എന്നാണു റിപ്പോർട്ട് ചെയ്തത്.
ഇതേത്തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ മഹാലക്ഷ്മി ലാബിലെത്തി ലാബ് ഉടമയോടു മറ്റു സ്ഥലങ്ങളിൽ നടത്തിയ പരിശോധനയെക്കുറിച്ചും റിപ്പോർട്ടിനെക്കുറിച്ചും പറഞ്ഞു. എന്നാൽ ലാബ് ഉടമ കുട്ടിക്ക് എച്ച്ഐവി പോസിറ്റീവ് തന്നെയാണെന്നും തങ്ങളുടെ ലാബിൽ നടത്തിയ പരിശോധനാഫലത്തിൽ തെറ്റൊന്നുമില്ല എന്നുമുള്ള നിലപാടാണു സ്വീകരിച്ചത്.
തെറ്റായ റിപ്പോർട്ടു മൂലം തങ്ങൾ മാനസികമായി തകർന്നെന്നും മരിക്കേണ്ട അവസ്ഥയാണന്നും പറഞ്ഞപ്പോൾ ലാബിന്റെ ഉടമയായ ഡോക്ടർ “നിങ്ങൾ ആത്മഹത്യ ചെയ്താൽ എനിക്കൊന്നുമില്ല’ എന്നാണ് കുട്ടിയുടെ പിതാവിനോടും ബന്ധുക്കളോടും പറഞ്ഞത്. ഇതേതുടർന്ന് ലാബിനെതിരെ നടപടി ആവശ്യപ്പെട്ട് ചാവക്കാട് നഗരസഭ, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർക്കു പരാതി കുട്ടിയുടെ പിതാവ് പരാതി നൽകുകയായിരുന്നു.
ചാവക്കാട് പോലീസിൽ നൽകിയ പരാതി നൽകിയെങ്കിലും തെറ്റായ റിപ്പോർട്ട് നൽകിയ ലാബിനെതിരെ കേസെടുക്കാതെ ഒത്തുതീർപ്പിനുള്ള ശ്രമമാണ് ആദ്യം പോലീസ് നടത്തിയതെന്നും പിതാവ് ആരോപിച്ചു. ജില്ലാ പോലീസ് മേധാവിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.
Leave a Reply