മലയാളി യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് ‘ചങ്ക്’ ബ്രോ എന്ന ഇമേജ് നേടിയ താരമാണ് ഷെയ്ന്‍ നിഗം. ആദ്യമായി നായകനായെത്തിയ ‘കിസ്മത്ത്’ മുതല്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ‘ഇഷ്‌ക്’ വരെ ഓരോ ചിത്രത്തിലും തന്റെ കഥാപാത്രങ്ങളോട് പരമാവധി കൂറ് പുലര്‍ത്തുന്ന നടന്‍. മലയാളത്തിലെ യുവ നടന്‍മാര്‍ക്കിടയില്‍ ഏറ്റവും ഭംഗിയായി കാമുക വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന താരം.

എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ അനായാസം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് ചോദിച്ചാല്‍ ഷെയ്‌നിന് മറുപടിയുണ്ട്.
‘ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്,’ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ നിഗം തുറന്ന് പറഞ്ഞത്. എന്നാല്‍ ആരാണ് തന്റെ ഹൃദയം കവര്‍ന്നത് എന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല.

താന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും അടുപ്പം തോന്നിയ കഥാപാത്രം ‘കിസ്മത്തി’ലെ ഇര്‍ഫാന്‍ ആണെന്ന് അദ്ദേഹം പറയുന്നു. ഒരു പക്ഷെ അത് തന്റെ ആദ്യ നായക വേഷം ആയതുകൊണ്ടാകാമെന്നും ഷെയ്ന്‍ പറയുന്നു. തുടര്‍ന്ന് കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിലും കെയര്‍ ഓഫ് സൈറാ ബാനുവിലെ ജോഷ്വയുമാണ് തന്നോട് അടുത്ത് നില്‍ക്കുന്നത് എന്നാണ് ഷെയ്‌നിന്റെ അഭിപ്രായം. ഇര്‍ഫാന്റെയും ബോബിയുടേയും ജോഷ്വയുടേും മൂന്നിലൊന്ന് സ്വഭാവങ്ങള്‍ ചേര്‍ത്തു വച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഷെയ്ന്‍ ആയി എന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’ ആണ് ഷെയ്നിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം,ക്രിസ്റ്റി കെെത മറ്റം എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീൺ ബാലകൃഷ്ണൻ ആണ്. ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രാഹകൻ. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.

‘വലിയ പെരുന്നാൾ’, ഷാജി കരുൺ ചിത്രം ‘ഓള്’ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ഷെയ്നിന്റെ മറ്റു ചിത്രങ്ങൾ. നവാഗതനായ ഡിമല്‍ ഡെന്നീസാണ് ‘വലിയ പെരുന്നാൾ’ സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ് എന്നിവരും അണിനിരക്കുന്ന ചിത്രത്തിന്റെ നിർമ്മാണം അൻവർ റഷീദാണ്.