ഹോങ്കോംഗ്: ചൈനീസ് അതിർത്തിയോടു ചേർന്ന യുവൻ ലോംഗ് പട്ടണത്തിലേക്കു ഹോങ്കോംഗിലെ ജനാധിപത്യവാദികൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
അനുമതി നിഷേധിച്ചിട്ടും മാർച്ച് നടത്താൻ ധൈര്യം കാട്ടിയ പതിനായിരിക്കണക്കിനു പ്രതിഷേധക്കാരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു നേരിട്ടു. കലാപം നിയന്ത്രിക്കുന്ന പോലീസ് അടക്കം രംഗത്തിറങ്ങി. മാസ്കും ഹെൽമെറ്റും ധരിച്ച പ്രതിഷേധക്കാർ കണ്ണീർവാതക ഷെല്ലുകൾ പിടിച്ചെടുത്തു തിരിച്ചെറിഞ്ഞു. പോലീസിനെതിരേ മുദ്രാവാക്യം മുഴക്കി. പിരിഞ്ഞു പോകാതിരുന്നവർക്കു നേർക്ക് പോലീസ് റബർ ബുള്ളറ്റ് പ്രയോഗിച്ചു. റാലിയിൽ 2,88,000 പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
ഹോങ്കോംഗിൽ തുടർച്ചയായ എട്ടാം വാരമാണ് ചൈനാവിരുദ്ധ പ്രക്ഷോഭം അരങ്ങേറുന്നത്. 1997ൽ ബ്രിട്ടനിൽനിന്നു ഹോങ്കോംഗിന്റെ അവകാശം ലഭിച്ച ശേഷം ചൈന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ അരങ്ങേറുന്നത്.
ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കാനുള്ള ഹോങ്കോംഗ് സർക്കാരിന്റെ നീക്കമാണു ജനങ്ങളെ പ്രകോപിതരാക്കിയത്. ഹോങ്കോംഗ് ഭരണകൂടം കരാർ താത്കാലികമായി ഉപേക്ഷിട്ടും പ്രതിഷേധം തണുത്തില്ല. കരാർ പൂർണമായി ഉപേക്ഷിക്കുക, ചൈനാ അനുകൂലിയായ ഭരണാധിപ(സിഇഒ) കാരി ലാം രാജിവയ്ക്കുക, അസംബ്ലി പിരിച്ചുവിടുക, നേരിട്ടുള്ള തെരഞ്ഞെടുപ്പു നടത്തുക തുടങ്ങിയ ആവശ്യങ്ങളുമായി പ്രക്ഷോഭം തുടരുകയാണ്.
കഴിഞ്ഞ ഞായറാഴ്ച യുവൻ ലാംഗിലെ റെയിൽവേ സ്റ്റേഷനിൽ നൂറോളം വരുന്ന അക്രമിസംഘം പ്രതിഷേധക്കാരെ തല്ലിച്ചതച്ചിരുന്നു. ട്രയാഡ് എന്ന അധോ ലോകസംഘത്തിലെ അംഗങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. ഹോങ്കോംഗിലെ ഗ്രാമീണ മേഖലയായ യുവൻ ലാംഗിലെ നിരവധിപേർ ട്രയാഡുമായി ബന്ധമുള്ളവരും ചൈനയെ അനുകൂലിക്കുന്നവരുമാണ്.
ഞായറാഴ്ചത്തെ സംഭവം പോലീസ് അവഗണിക്കുകയാണെന്നു പ്രക്ഷോഭകർ ആരോപിക്കുന്നു. ഇതിലെല്ലാം പ്രതിഷേധിച്ചാണ് ഇന്നലെ യുവൻ ലാംഗിലേക്കു മാർച്ച് നടത്തിയത്. അക്രമം ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് അനുമതി നിഷേധിച്ചത്. എന്നാൽ, മാർച്ചിന് അനുമതി നിഷേധിക്കുന്ന പതിവ് ഇതിനു മുന്പില്ലായിരുന്നുവെന്നു പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. ചൈനയുടെ കീഴിലുള്ള സ്വയംഭരണ പ്രവിശ്യയാണ് ഹോങ്കോംഗ് എങ്കിലും അവിടെ വേറിട്ട ഭരണസംവിധാനമാണുള്ളത്.
Leave a Reply