ചെന്നൈ: ഏഴു വയസ്സുകാരന്റെ വായില്‍നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തത് 526 പല്ലുകള്‍. ചെന്നൈയിലെ സവീത ഡന്റര്‍ കോളേജ് ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. അദ്യമായാണ് ഇത്രയധികം പല്ലുകള്‍ ഒരു വ്യക്തിയുടെ വായില്‍ കണ്ടെത്തുന്നത്.

താടിയുടെ വലതുഭാഗത്ത് കടുത്ത നീരും വേദനയുമായിരുന്നു കുട്ടിയുടെ അസുഖം. കുട്ടിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ഇത് ആദ്യമായി കണ്ടത്. നീര് വര്‍ധിച്ചു വന്നതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ‘കോംപൗണ്ട് കോംപോസിറ്റ് ഓണ്‍ഡോണ്‍ടോം’ എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിയുടെ താടിയെല്ലിന്റെ എക്‌സ്-റേയും സിടി സ്‌കാനും പരിശോധിച്ചപ്പോള്‍ പൂര്‍ണവളര്‍ച്ചയെത്താത്ത നിരവധി പല്ലുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. താടിയെല്ലിനോട് ചേര്‍ന്ന് ഒരു അറ പോലുള്ള ഭാഗത്തായിരുന്നു പല്ലുകള്‍. ഏകദേശം 200 ഗ്രാം ഭാരമുള്ള ഈ അറയ്ക്കുള്ളില്‍ ചെറുതും വലുതുമായി 526 പല്ലുകള്‍ ഉണ്ടായിരുന്നു.

അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്കിയയ്ക്ക് ഒടുവിലാണ് പല്ലുകള്‍ നീക്കംചെയ്തത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി സാധാരണനിലയിലായതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. പ്രതിഭ രമണി പറഞ്ഞു. ലോകത്തുതന്നെ ആദ്യമായാണ് ഒരാളുടെ വായില്‍ ഇത്രയധികം പല്ലുകള്‍ കാണപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.