പുതിയ സർക്കാരിന്റെ ആദ്യ ഒരാഴ്ചയിലെ പ്രകടനം ഒട്ടും തൃപ്തികരമല്ല എന്നുള്ള ഇപ്സോസ് മോറി സർവേ ഫലങ്ങൾ പുറത്ത് വന്നു. ബ്രിട്ടന്റെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ബോറിസ് ജോൺസൻ പ്രധാനമന്ത്രി ആയത്. പകുതിയിൽ അധികം ഭൂരിപക്ഷവും നേടി ജോൺസൻ പ്രധാനമന്ത്രി ആയപ്പോൾ ബ്രെക്സിറ്റ് എന്ന വലിയ പ്രശ്നത്തിൽ നിന്ന് ബ്രിട്ടനെ കരകയറ്റാൻ എത്തിയ രക്ഷകനായാണ് അദ്ദേഹത്തെ ജനങ്ങൾ കണ്ടത്. മാറ്റങ്ങളുടെ കാലം ആരംഭിച്ചുവെന്നും ബ്രിട്ടൻ ജനത കരുതിയിരുന്നു. ഒക്ടോബർ 31 കൊണ്ട് തന്നെ ബ്രെക്സിറ്റ് നടത്തിയിരിക്കും എന്ന കടുത്ത നിലപാടിലാണ് ജോൺസൻ. മൈക്കിൾ ഗോവ്, സാജിദ് ജാവിദ് തുടങ്ങിയ പ്രമുഖരും ജോൺസന്റെ മന്ത്രിസഭയിൽ ഉണ്ട്. പക്ഷേ കാര്യങ്ങൾ വിചാരിച്ച രീതിയിലല്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ജോൺസന്റെ ഗവണ്മെന്റിന് ജനപ്രീതി നേടാൻ സാധിച്ചിട്ടില്ലെന്ന് സർവേ ഫലങ്ങൾ തെളിയിക്കുന്നു. ഇപ്സോസ് മോറി സർവേ പ്രകാരം 18% പേർ മാത്രമാണ് പുതിയ സർക്കാരിന്റെ ആദ്യ ഒരാഴ്ചയിലെ പ്രകടനത്തിൽ തൃപ്തർ. 75% പേർ പുതിയ സർക്കാരിന്റെ പ്രകടനത്തിൽ അതൃപ്തരാണെന്ന് തെളിഞ്ഞു. -57 ആണ് നെറ്റ് സാറ്റിസ്ഫാക്ഷൻ റേറ്റിംഗ്. നാല്പത് വർഷത്തിന് ശേഷമാണ് ഒരു സർക്കാർ ഭരണത്തിന്റെ തുടക്കത്തിൽ ഇത്രയും മോശം പ്രകടനം കാഴ്ചവെക്കുന്നത്. ഇത്തരം അസംതൃപ്തിയ്ക്ക് കാരണം ബ്രെക്സിറ്റ് തന്നെയായിരിക്കാം എന്നാണ് വിലയിരുത്തൽ.

1990 ഡിസംബറിൽ ജോൺ മേജറിന്റെ പുതിയ സർക്കാരിന് നൽകിയ -31എന്ന മോശം റേറ്റിംഗിലും താഴെയാണ് ഇപ്പോഴത്തെ സർക്കാരിന്റെ സ്ഥാനം. ജോൺസന്റെ സ്വന്തം അംഗീകാര റേറ്റിംഗ് അദേഹത്തിന്റെ സർക്കാരിനെക്കാൾ ഉയർന്നതാണ്. വോട്ടെടുപ്പിൽ കൺസേർവേറ്റിവുകൾക്ക് ലേബർ പാർട്ടിയെക്കാൾ 10 പോയിന്റ് ലീഡ് ഉണ്ട്. ഏറ്റവും നല്ല പ്രധാനമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിനും ലേബർ പാർട്ടിയുടെ കോർബിനെക്കാൾ 25 പോയിന്റ് ലീഡ് ജോൺസനുണ്ട്. 52% പേർ ജോൺസണെ പിന്തുണച്ചപ്പോൾ കോർബിനെ പിന്തുണച്ചത് 27% പേർ മാത്രമാണ്. 62% ആളുകളും, അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ലേബർ പാർട്ടി അതിന്റെ നേതാവിനെ മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇപ്സോസ് മോറിലെ രാഷ്ട്രീയ ഗവേഷണവിഭാഗം മേധാവി ഗിദെയോൻ സ്കിന്നർ പറഞ്ഞു “ജെറെമി കോർബിനുമായി താരതമ്യപ്പെടുത്തുമ്പോൾ ജോൺസന് അധികം പിന്തുണ ലഭിച്ചു. പ്രധാനമന്ത്രിയായുള്ള ബോറിസിന്റെ ആദ്യ റേറ്റിംഗ് മേയുടേതിനേക്കാളും താഴെയാണ്. ”
യൂറോപ്യൻ യൂണിയൻ വിടാനുള്ള പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുന്നുവെങ്കിലും ഇപ്സോസ് മോറി സർവേ പ്രകാരം, ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ് ഉണ്ടാവുമോ എന്ന കാര്യത്തിൽ ജനങ്ങൾക്ക് സംശയം ഉണ്ടെന്ന് തെളിഞ്ഞു. കൃത്യ സമയത്ത് ബ്രെക്സിറ്റ് നടക്കുമെന്ന് 33% പേർ മാത്രമേ വിശ്വസിക്കുന്നുള്ളൂ. 74% പേരും ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടക്കുമെന്ന് വിശ്വസിക്കുന്നില്ല. അതുപോലെ തന്നെ യൂറോപ്യൻ യൂണിയൻ വിടുന്നതിന് 38% പേർ മാത്രമേ പിന്തുണ അറിയിച്ചിട്ടുള്ളു. 50% പേരും അതിനെ എതിർക്കുന്നു. അഥവാ ഒക്ടോബർ 31ന് ബ്രെക്സിറ്റ് കരാർ നടന്നില്ലെങ്കിൽ അത് ഒരു തെരഞ്ഞെടുപ്പിനും പുതിയ പാർലമെന്റ് ഉണ്ടാവുന്നതിനും കാരണമാവും. ഈ ചിന്തയെ 56% ആളുകൾ പിന്തുണയ്ക്കുകയും 29% പേർ എതിർക്കുകയും ചെയ്തു.
	
		

      
      



              
              
              




            
Leave a Reply