ന്യൂസ് ഡെസ്ക് മലയാളം യുകെ

ബാർകോഡ് ഇല്ലാത്ത സാധാരണ സ്റ്റാമ്പുകൾ തിങ്കളാഴ്ച വരെ ഉപയോഗിക്കാം. തിങ്കളാഴ്ചയ്ക്ക് ശേഷം, ഈ സ്റ്റാമ്പുകൾ ഉപയോഗിച്ച് മെയിൽ അയക്കുന്ന ഉപഭോക്താക്കളുടെ സ്വീകർത്താവിൽ നിന്ന് £1.10 സർചാർജ് ഈടാക്കും. അതേസമയം ഏതിന്റെയെങ്കിലും അനുസ്മരണത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ സ്റ്റാമ്പുകൾക്കും അതുപോലെ ബാർകോഡ് ഇല്ലാത്തതുമായ ക്രിസ്മസ് സ്റ്റാമ്പുകൾക്കും ഈ നിയമം ബാധകമല്ല. റോയൽ മെയിലിന്റെ സ്വാപ്പ് ഔട്ട് സ്കീമിലൂടെ ആളുകൾക്ക് തങ്ങളുടെ പഴയ സ്റ്റാമ്പുകൾ ബാർകോഡ് ചെയ്ത സ്റ്റാമ്പുകൾക്കായി മാറ്റാം. ഇതിന് ഇതുവരെ സമയപരിധി പറഞ്ഞിട്ടില്ല. സ്വാപ്പ് ഔട്ട് സ്കീമിന് ആവശ്യമായ ഒരു ഫോം അടുത്തിടെ എല്ലാ വീട്ടിലും എത്തിച്ചിരുന്നു. ഉപഭോക്താക്കൾക്ക് തങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് ഒരു ഫോം പ്രിന്റ് ചെയ്യാനും കഴിയും.

ഉപയോക്താക്കളുടെ ആവശ്യ പ്രകാരം പഴയ സ്റ്റാമ്പുകൾ ഉപയോഗിക്കുന്നതിനുള്ള സമയപരിധി ജനുവരി 31-ൽ നിന്ന് നീട്ടി ജൂൺ 31 -ലേക്ക് നീട്ടുകയായിരുന്നു. തിങ്കളാഴ്ചയ്ക്ക് ശേഷം, ബാർകോഡ് ഇല്ലാത്ത സ്റ്റാമ്പുകൾ ഉപയോഗിച്ച് അയയ്ക്കുന്ന മെയിലുകൾക്ക് £1.10 സർചാർജ് ഫീസ് ബാധകമാണെന്ന് റോയൽ മെയിൽ പറയുന്നു. ബാർകോഡ് ഇല്ലാത്ത സ്റ്റാമ്പുകൾ ഉപയോഗിച്ച് അയച്ച മെയിൽ സ്വീകരിക്കുന്നവർക്ക് അവരുടെ ഡെലിവറി വാങ്ങുന്നതിന് മുൻപ് സർചാർജ് നൽകണമെന്ന് ആവശ്യപ്പെടുന്ന “ഫീസ് ടു പേ” കാർഡ് ലഭിക്കും.

ഡെലിവറികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ബാർകോഡ് സ്റ്റാമ്പുകൾ അവതരിപ്പിച്ചത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പ്രൊഫൈൽ ഫീച്ചർ ചെയ്യുന്ന സാധാരണ 1, 2 ക്ലാസ് “എവരിഡേ ” സ്റ്റാമ്പുകളാണ് മാറ്റി വാങ്ങാൻ യോഗ്യതയുള്ളവയിൽ പെടുന്നത്. ബാർകോഡ് ചെയ്യാത്ത ക്രിസ്മസ് സ്റ്റാമ്പുകളും ചിത്രങ്ങളുള്ള മറ്റ് പ്രത്യേക സ്റ്റാമ്പുകളും നിലവിൽ സാധുവായതിനാൽ ഇവ മാറ്റേണ്ട ആവശ്യമില്ല.