ശോശാമ്മ ജേക്കബ്
വാടകവീടിന്റെ ചിതലുകയറിയ വാതിൽപ്പടികൾക്കിടയിലൂടെ ഇരമ്പി കയറി നാസിക തകർത്ത മുല്ലപ്പൂഗന്ധം പെയ്തുതോർന്ന അവന്റെ കണ്ണുകളെ പതിയെ വിളിച്ചുണർത്തി. ഈവിധ ഗന്ധത്തോട് എന്തെന്നില്ലാത്ത ഒരുവിധ അഭിനിവേശം ഈയിടെയായി അവനിൽ ഉണർന്നുവരുന്നത് ആശ്ചര്യംമുളവാക്കുന്നതായിരുന്നു. സൂര്യരശ്മികൾ കടന്നുവന്ന ജനൽപ്പാളികളെ നോട്ടമിട്ട് പതിയെ കിടക്കയിൽ നിന്നും തലപൊക്കി. എഴുന്നേൽക്കുവാൻ മടികാട്ടി കിടക്കും വിധം ശരീരം തളർന്നിരിക്കുന്നു. എങ്കിലും ആ ഗന്ധം അവനെ വല്ലാതെ ഉത്തേജിപ്പിച്ചു ; പ്രകാശകണികകൾക്കു നേരെ എഴുന്നേറ്റു ഇഴഞ്ഞു നടന്ന് ജനൽപ്പടിയിൽ തൂങ്ങി മുറ്റത്തേക്ക് നോക്കി… പുതുമഴയിൽ വന്നുവീണ മഞ്ചാടിക്കുരുവും മാങ്ങാഞ്ചിമൊട്ടുകളും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. ക്ഷീണിച്ച് കറുത്ത് തൂങ്ങിയ കണ്ണുകൾ തിരയുന്നുണ്ടായിരുന്നത് ഇവയൊന്നുമല്ല! രൂക്ഷമായ മുല്ലപ്പൂഗന്ധഉറവിടമാണ്. ചുറ്റുതറകളാൽ ഭംഗിയായി കെട്ടിനിർത്തിയ ഇഷ്ടിക കൂട്ടങ്ങൾക്കിടയിൽ അവയുടെ വേര് കാൺമാറായി. അവൻ കണ്ണുകളെ വികസിപ്പിച്ച് കൂട്ടിത്തിരുമ്മി ഊർജവത്താക്കി, കൺമുമ്പിൽ നിറഞ്ഞുനിൽക്കുന്ന കുഞ്ഞിവെള്ള നിറങ്ങൾ മുല്ലപ്പൂക്കളും അവയുടെ മൊട്ടുകളും ആണെന്ന് അവൻ മനസ്സിലാക്കിയപ്പോഴേക്കും അവനിൽ ഉളവായ ജിജ്ഞാസ പലതിനെയും ഓർമ്മിപ്പിക്കുന്നവയായിരുന്നു.
ഒരുയിർത്തെഴുന്നേല്പിനായി ശ്രമിച്ചുകൊണ്ടിരുന്ന അവനിലേക്ക് ഉണർന്നുവന്ന ശ്രീദേവിയുടെ ഓർമ്മകൾ ഒരു പുൽകൊടി നാമ്പിന്റെ നീർച്ചാർത്തുപോലെ മൃദുലമായിരുന്നു. ലോകസത്യങ്ങൾക്കുപോലും പകരം വെക്കാൻ മറ്റൊന്നില്ലാത്ത അത്രമേൽ ആഴമേറിയ അവരുടെ ബന്ധത്തിന്റെ ശേഷിപ്പായി ഇപ്പോൾ കുറെ ഓർമ്മകൾ മാത്രമാണ് ബാക്കിപത്രം. മുന്തിരിങ്ങയോളം കറുപ്പും, വലിപ്പമുള്ളതുമായ കണ്ണുകൾ. നനവാർന്നതും പതുപതുത്തതുമായ മേൽതൊലികൾ, ആകർഷണ വിധേയമായി നീണ്ടു എടുത്തുകാട്ടാത്തക്കവിധത്തിലുമായി നിൽക്കുന്ന മൂക്ക്, കടുത്ത നിറത്തിൽ അത്രമേൽ വലിപ്പമർഹിക്കാതെ നിലകൊണ്ട ചുണ്ടുകൾ, നല്ല തുടുത്ത കവിളുകളാൽ അല്പം നീണ്ടുകാണപ്പെട്ട മുഖാകൃതി, തെളിഞ്ഞ വെള്ളത്തിനടിയിൽ കാണപ്പെടുന്ന മുറ്റകല്ലിന്റെ നിറവും ശ്രീദേവിക്ക് സ്വന്തമായവയായിരുന്നു. അവന്റെ മനസ്സിൽ ബന്ധിക്കപ്പെട്ടുകിടന്ന മുഖത്തെ തട്ടി മാറ്റും വിധത്തിൽ കതകിൽ കൊട്ട് കേട്ടു. ഞെട്ടിയുണർന്ന് അവൻ മന്ദം മന്ദം നടന്ന് വാതിലുകൾ തുറന്നു.
“ഇതെന്നാവോ? ഈ കതകിന് അകമേ നിന്നും കുറ്റിയിടരുതെന്ന് പറഞ്ഞിട്ടില്ലയോ മ്മള് പുറത്തേക്ക് പോയത്” നസിറുദ്ദീൻ ആരോടെന്നില്ലാതെ കയർത്തു. ഇതൊന്നുമേ തനിക്ക് ബാധകമല്ല എന്ന മട്ടിൽ അവൻ തിരികെ നടന്ന് കട്ടിലിന്മേൽ സ്ഥാനമുറപ്പിച്ചു.
” ശിവാ ! ഇങ്ങളോടല്ലേ മ്മള് പറയുന്നത് ഇജ്ജ് കേക്കണുണ്ടോ? ” നസിറുദ്ദീൻ കട്ടിലിന്റെയരുകിൽ ചെന്ന് നിലത്ത് കുത്തിയിരുന്നു.
“കൂടിയാ ഒന്നോ രണ്ടോ ദീസം. അതിനുമേലെ ഈ വാടകകൂരേല് നിക്കാൻ പറ്റുല്ലാട്ടാ. ഇയ്യ് എന്ത് ചെയ്യും? ”
ശിവ ജാള്യത നിറച്ച ഒരു ചെറു പുഞ്ചിരി ചുണ്ടിൽ വിരിയിച്ച് തലയുയർത്തി നസിറുദ്ദീനെ നോക്കി.
“ഇയ്യ് എത്ര ദീസമായി ഈ കിടപ്പ് കിടക്കണത്? അനക്ക് എടുക്കാനുള്ളതെല്ലാം പെറുക്കി പൂട്ടിക്കോ! ഇങ്ങള് പോര് ഞമ്മള് പെരെലോട്ട് കൊണ്ടുപോകാം. അവിടെ ഞമ്മളും ബാപ്പയും അല്ലാ ഉളള്. ഇങ്ങള് ബന്നാ അവിടെ കൂടാം. എന്തായാലും ഞമ്മടെ പെരെന്ന് ഇങ്ങളെ ആരും ഇറക്കിവിടൂല്ല. ”
നസിറുദ്ദീന്റെ ഈവിധ വാക്കുകൾ ശിവയുടെ മനസ്സിനെ പിടിച്ചുപൂട്ടുന്നവയായിരുന്നു. നസിറുദ്ദീൻ മെല്ലെ എഴുന്നേറ്റ് അകമുറി ലക്ഷ്യമാക്കി നടന്നു. പഴയ ഡ്രംഗ് പെട്ടി വലിച്ചു തുറക്കുന്നതിന്റെയും മറ്റും മൃദുമൂർച്ചസംഗീതം ശിവയുടെ മുറി വരെ മുഴങ്ങിക്കേൾക്കാമായിരുന്നു.
ശിവ മെല്ലെ എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് തലേന്ന് കഴിച്ച് ബാക്കിവെച്ച മസാലക്കറി മണത്ത് പൂച്ചയുടെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു അധികം ഉപ്പു നൽകാതെ എരിവ് കൂട്ടി കഴിച്ച ശീലമാണ് ശിവയ്ക്ക്. അവന്റെ ജനനം മുതൽ ഈ നാൾ വരെയും ശ്രീദേവി അവനെ ആഹാരരീതിയുടെ ആവിധ ചട്ടക്കൂട്ടിൽ തളച്ചിട്ടിരുന്നു. എത്ര ദൂരെയായാലും ശ്രീദേവി ഉണ്ടാക്കുന്ന ആഹാരം കഴിച്ച് തൃപ്തിയടയാൻ ഓടിവന്ന ശിവയെ നസിറുദ്ദീന് നന്നായിട്ടറിയാം. ആ സമയങ്ങളിൽ മുത്തുകളും, ചിപ്പികളും, ലോലാക്കുകളും നിറഞ്ഞ കടൽക്കൊട്ടാരത്തെ മുത്തമിടാൻ ഒരുങ്ങുന്ന മത്സ്യകന്യകയ്ക്ക് തുല്യമായിട്ടവൻ മാറുമായിരുന്നു. തന്റെ മുമ്പിൽ കുന്നുകൂടിയ പാത്രക്കൊട്ടാരം പതിയെ ഒന്നൊന്നായി പെറുക്കിയെടുത്ത് കഴുകിയെടുക്കുവാൻ തുടങ്ങി. പുറത്ത് സൈക്കിൾ ബെൽ മുഴങ്ങിയ നേരം നസിറുദ്ദീൻ മുൻവാതിൽ തുറക്കുന്ന ശബ്ദം കേട്ട് ശിവ അവിടേക്ക് ചെന്നു. പോസ്റ്റ്മാൻ കീശയിൽ കൈയിട്ട് നീളൻ വെള്ള പേപ്പർ പുറത്തെടുത്തു.
” ഈ മാസത്തെ അമ്മയ്ക്കുള്ള കത്ത് വന്നൂട്ടോ……. ! ഇത് തൃശ്ശൂർ മേൽവിലാസമാണല്ലോ”
പോസ്റ്റുമാൻ കത്തിലൂടെ കണ്ണോടിച്ച് ശിവയ്ക്ക് മുമ്പിലേക്ക് നീട്ടി.
‘ശ്രീദേവി സേതുമാധവൻ’ കത്തിന്റെ പുറതൊലിയിൽ കാണപ്പെട്ട ആ പേരിൽ കണ്ണുടക്കി അവനൊറ്റനില് പാലെ നിന്നു. ഉണങ്ങിയ സിന്ദൂരം പോലെ പറ്റിനിൽകുന്ന ഒരു തരം കറയാണ് ശിവയുടെ ചിന്തയിൽ ശ്രീദേവിയുടെ ഓർമ്മകൾക്ക്. ഒരോവട്ടവും അവന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി മുടിവിടർത്തി നിൽക്കുന്ന ശ്രീദേവിയുടെ രൂപം; അവന്റെ മുമ്പിൽ മലർന്ന് മരവിച്ച് ജഡമായി തീർന്നപ്പോഴും ശ്രീദേവിക്ക് മുല്ലപ്പൂഗന്ധമായിരുന്നു. പൂട്ടിയ കുഞ്ഞികണ്ണുകളും, ചുരുട്ടിപ്പിടിച്ച ചെറിയ കൈവിരലുകളും ശ്രീദേവി ചേർത്തുനിർത്തി താലോലിച്ചു വളർത്തിയ ശിവയെക്കുറിച്ച് ശ്രീദേവി നസിറുദ്ദീന്റെയടുക്കൽ ഇഴപൊട്ടാതെ പറഞ്ഞുകൊടുക്കുമായിരുന്നു. ഇരുവരുടെയും ദൃഢബന്ധം നസിറുദ്ദീനെ അസൂയാലുവാക്കിതീർത്തതിനെപ്പറ്റി ശ്രീദേവിയോട് ഒരിക്കൽ പറഞ്ഞപ്പോഴുണ്ടായ പ്രതികരണം നസിറുദ്ദീന്റെ മെയ്യും കാലും തളർത്തിയവയായിരുന്നു
” അമ്മാ…… ന്നുള്ള ശിവയുടെ നീണ്ട ആ വിളികൾ ഞാനർഹിക്കുന്ന ഒരു ശിക്ഷയാണ്.”
ആ വാക്കുകൾക്കുള്ളിലെ യാഥാർത്ഥ്യത്തെ ചൂഴ്ന്നെടുക്കുവാൻ നസിറുദ്ദീൻ തയ്യാറായിരുന്നില്ല.
“ത്.. ഫൂ… ” ഉപ്പേടെ നീട്ടിയ കാർക്കിച്ചുതുപ്പൽ കേട്ട് കണ്ണുതുറന്ന് നസിറുദ്ദീൻ ജനറൽപ്പാളിയിലെ വിരി വകഞ്ഞു മാറ്റി മുറ്റത്തേക്ക് നോക്കി പറഞ്ഞു.
“ഉപ്പാ….. ഇന്ന് ന്റെ
ചെങ്ങായി വരൂട്ടാ.”
” ഇജ്ജ് എത്രാമത്തെ ബട്ടമാ നസറൂ യിത് തന്നെ പറയണത്. ഇയ്യ് ധൈര്യമായിട്ട് കൊണ്ടുവരീ.. ആദ്യം ഇയ്യ് കിടക്കപ്പായേന്ന് പോയി പല്ല് ബൃത്തിയാക്ക് ”
നസിറുദ്ദീൻ കിടക്കയിൽനിന്നെഴുന്നേറ്റ് പുരയാകെ ചുറ്റിനടന്ന് വീക്ഷിച്ചു. ചങ്ങാതി വന്നു കയറുമ്പോൾ കുറവൊന്നും പറയാൻ പാടില്ലല്ലോ. പല്ലുതേച്ച്, കുളിച്ച് തലേന്ന് രാത്രി വെള്ളത്തിലിട്ടുവച്ചിരുന്ന പഴഞ്ചോറ് അപ്പാടെ വിഴുങ്ങി, കുപ്പായമിട്ട് നസിറുദ്ദീൻ കവലയിലോട്ട് ഒറ്റ നടത്തം നടന്നു. കവലയിൽ നിന്ന് മാണിക്യത്തിന്റെ പിക്കപ്പ് വാനിൽ കയറി നടക്കാവ് വീടിന്റെ വഴിയോരതെത്തി നീട്ടി ഹോണടിച്ചു. ആളനക്കമില്ലായെന്ന് കണ്ടപ്പോൾ വണ്ടിയിൽ നിന്നിറങ്ങി ഗേറ്റ്പാളി മലർക്കെ തുറന്നു. മാണിക്യം വാതിലിനോരം ചേർത്തു പിക്കപ്പ് നിർത്തി ഹോൺ വീണ്ടും നീട്ടിയടിച്ചു.
“ഈ പഹയനിത് പൊന്തീട്ടില്ലേ? ” നസിറുദ്ദീൻ പിറുപിറുത്തു. അടുക്കളവാതിലിന്റെ പിടിയിൽ പിടിച്ചതും വാതിൽ വലിയ വായാലെ തുറന്നു. മാണിക്യം വണ്ടിയിൽ നിന്നിറങ്ങി മുണ്ടുമടക്കിൽനിന്ന് സിഗരറ്റ് കത്തിച്ച് പുകയ്ക്കുവാൻ തുടങ്ങി. നസിറുദ്ദീൻ ഒച്ച കൂട്ടാതെ അകത്തേക്ക് കയറി. മുറിയിലാകെ മുല്ലപ്പൂഗന്ധം. ശിവയുടെ മുറിയിലേക്ക് കയറിചെന്നപ്പോൾ കണ്ടത് ശ്രീദേവിയുടെ ഒട്ടുമിക്ക തുണികളും അലസമായി കട്ടിന്മേൽ ഞാണുകിടക്കുന്നു. അവയോരോന്നായി വകഞ്ഞുമാറ്റികൊണ്ടിരുന്നപ്പോൾ വട്ടമേശമേൽ മൂന്നു മടക്കുകളായി കോർത്ത് കെട്ടി വച്ചിരിക്കുന്ന മുല്ലപ്പൂമാല നസിറുദ്ദീന്റെ കണ്ണിൽപ്പെട്ടു. കമ്പിനൂൽ പാലത്തിന്റെ രണ്ടറ്റത്ത് കല്ലുകൊണ്ട് ശക്തമായി പ്രഹരിക്കുമ്പോൾ ഉണ്ടാകുന്ന കമ്പനം പോലെ അവന്റേയുളള് പിടയ്ക്കുവാൻ തുടങ്ങി.
മറയ്ക്കുള്ളിൽ നിന്ന് വളയനക്കം കേട്ട് കുറച്ചുകൂടി മുന്നോട്ട് ചെന്ന് മറയുടെ ഒരുവശത്തായി കൈകൾ കൂട്ടിപ്പിടിച്ച് പതിയെ മുട്ടിനോക്കി.
ശംഖു കഴുത്തും നീൾചുണ്ടുകളിൽ കടുചുവപ്പുനിറം പൂശി, മയക്കുന്ന പുഞ്ചിരിയുമായി ചുവപ്പ് നിറം കലർന്ന ഒഴുക്കൻ സാരി അലസമായി ചുറ്റി രോമാവൃതമായ വയറുകൾ കാട്ടി സിന്ദൂരപടലത്താൽ പൊട്ടുകുത്തി മറ്റൊരു ശ്രീദേവി രൂപമായി മാറി ശിവ നസിറുദ്ദീന്റെ മുമ്പിൽ പ്രത്യക്ഷനായി.
അഴിച്ചിട്ട മുടിച്ചർത്തുകൾക്കു പകരം തലയൊട്ടി നിൽക്കുന്ന മുടികഷണങ്ങളിൽ ഓരോന്നായി പിടിച്ചു കറക്കി പാതികിറുങ്ങിയ കണ്ണുകളുമായി ശിവ രതിസംഗീതം മൂളിയങ്ങനെ നിന്നു. തനിക്കു ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി ഒരെത്തും പിടിയും കിട്ടാതെ നിന്ന നസിറുദ്ദീനോടായി ശിവ ചോദിച്ചു.
“നിനക്കറിയോ നസിറുദ്ദീനെ….. ഈ ലോകത്തിൽ പാലിനേക്കാൾ മൃദുവായതും, പ്രകാശത്തെക്കാൾ വന്യമായതും എന്താണെന്ന്? ”
നസിറുദ്ദീൻ കണ്ണുമിഴിച്ച് ചുണ്ട് വിറപ്പിച്ച് അറിയില്ലെന്നമട്ടിൽ തലയനക്കി. ചോരപൊടിയുമെന്ന വിധേന ചുവപ്പായി തീർന്ന കണ്ണുകളാൽ ശിവ മറുപടി പറഞ്ഞു.
“പെണ്ണിന്റെ ശരീരം.”!!!!
ഞാമ്പോവ്വാ നസിറുദ്ദീനെ….. നിനക്കെന്നെ വേണോ? ”
പെണ്ണിന്റെ രതികലർന്ന പുഞ്ചിരിയാൽ ശിവ നസിറുദ്ദീനെ നോക്കി…..
“എങ്ങട്ട്?? ”
മറുപടിയെന്നോണം…. മൂറിന്റെ മയക്കുന്ന മണമുള്ള കത്ത് നസിറുദ്ദീന് നേർക്ക് നീട്ടി ശിവ വട്ടമേശപ്പുറത്തെ മുല്ലപ്പൂമാലയ്ക്ക് നേരെ നടന്നു.
നസിറുദ്ദീൻ ആകാംക്ഷയോടെ കത്ത് തുറന്നു കണ്ണോടിച്ചു.
‘ സരോജം ലോഡ്ജ്
റൂം നമ്പർ : 22
(തയ്യൽ പരിശീലന ബ്ലോക്കിനെതിർവശം, തൃശ്ശൂർ കാളിയാക്കവല)’
ശോശാമ്മ ജേക്കബ്
തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മലയാളസാഹിത്യത്തിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.
ഡിയർ അമ്മച്ചി, ആമി എന്നീ ഹ്രസ്വചിത്രങ്ങളുടെ തിരക്കഥാകൃത്ത്. ‘ ഡിയർ അമ്മച്ചി ‘ എന്ന ഹ്രസ്വചിത്രത്തിന്
നാഷണൽ ഹെൽത്ത് മിഷൻ അവാർഡ് ലഭിച്ചു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ ‘എ ‘ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൺടെന്റ് റൈറ്റർ, വിവർത്തക എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു വരുന്നു.
Leave a Reply