ലീഡ്സ്: മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയ മീകച്ച ലീഡിലേക്ക്. രണ്ടാം ദിനത്തിൽ 171/6 എന്ന നിലയിലാണ് ഓസീസ് കളി അവസാനിപ്പിച്ചത്. നാലു വിക്കറ്റ് ശേഷിക്കെ ഓസീസിന് ഇപ്പോൾ 283 റണ്‍സ് ലീഡായി. ആദ്യ ഇന്നിംഗ്സിൽ വെറും 67 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിൽ കാര്യങ്ങൾ കുറേക്കൂടി കടുപ്പമാകും. മാർനസ് ലെബുഷെയ്ൻ (53), ജയിംസ് പാറ്റിൻസണ് (2) എന്നിവരാണു രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ ക്രീസിൽ. ആദ്യ ഇന്നിംഗ്സിൽ 179 റണ്‍സിനു പുറത്തായ ഓസ്ട്രേലിയ, തുടർന്ന് ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ വെറും 67 റണ്‍സിന് ചുരുട്ടിക്കൂട്ടിയതോടെയാണു മത്സരം ചൂടുപിടിച്ചത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡിന്റെ പേസ് ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ നിലംപൊത്തുകയായിരുന്നു. ഇതോടെ ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയക്ക് 112 റണ്‍സ് ലീഡ് ലഭിച്ചു. 12 റണ്‍സെടുത്ത ജോ ഡെൻലി മാത്രമാണ് ഇംഗ്ലീഷ് നിരയിൽ രണ്ടക്കം കണ്ടത്.
12.5 ഓവറിൽ ഹെയ്സൽവുഡ് 30 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ് മൂന്നും പാറ്റിൻസണ് രണ്ടും വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിലേ ഡേവിഡ് വാർണറെ (0) നഷ്ടപ്പെട്ടു. 52 റണ്‍സ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കുന്പോഴേയ്ക്കും ഹാരിസ് (19), ഉസ്മാൻ ഖവാജ (23) എന്നിവർ പവലിയനിൽ തിരിച്ചെത്തി. ഇതിനുശേഷം ക്രീസിലെത്തിയ ഒന്നാം ഇന്നിംഗ്സിലെ രക്ഷകൻ ലെബുഷെയ്ൻ ട്രാവിസ് ഹെഡ് (25), മാത്യു വേഡ് (33) എന്നിവർക്കൊപ്പം കൂട്ടകെട്ടുകൾ സൃഷ്ടിച്ചതാണ് ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഓസീസിനെ തകർച്ചയിൽനിന്നു രക്ഷിച്ചത്. ടിം പെയ്ൻ അക്കൗണ്ട് തുറക്കുംമുന്‍പ് പുറത്തായി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ്, സ്റ്റ്യുവർട്ട് ബ്രോഡ് എന്നിവർ രണ്ടു വിക്കറ്റ് നേടി. ജോഫ്ര ആർച്ചറുടെ 45 റണ്‍സിന് ആറ് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 179-ൽ ഒതുക്കിയത്. അർധ സെഞ്ചുറി നേടിയ മാർനസ് ലെബുഷെയ്ൻ (74 റണ്‍സ്) ഓപ്പണർ ഡേവിഡ് വാർണർ (61 റണ്‍സ്) എന്നിവർ ചെറുത്തുനിന്നു. പരിക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരക്കാരനായാണ് ലെബുഷെയ്ൻ ഓസീസ് ടീമിൽ ഇടംപിടിക്കുന്നത്.
Leave a Reply