2015-ൽ മഹാരാഷ്ട്ര സർക്കാർ വാങ്ങി മ്യൂസിയമാക്കി മാറ്റിയ ഡോ.ബി ആർ അംബേദ്കറുടെ ലണ്ടനിലെ വീട് അടച്ചുപൂട്ടലിന്റെ വക്കിലാണ്. നോർത്ത് ലണ്ടനിൽ കിങ് ഹെന്റീസ് റോഡിലെ പത്താം നമ്പർ വസതിയിലാണ് 1921-22 കാലത്ത് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ പഠന കാലത്ത് അംബേദ്കർ താമസിച്ചിരുന്നത്. മോഡലായ കേറ്റ് മോസ് മുതൽ നടൻ ഡാനിയേൽ ക്രെയ്ഗ് വരെയുള്ള വിവിധ തലമുറകളിലെ പ്രശസ്തരായ പലരും ഇപ്പോഴും താമസിച്ചുവരുന്ന പ്രധാന പാര്‍പ്പിട കേന്ദ്രമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള നൂറുകണക്കിന് സന്ദർശകർ അനുദിനം വന്നുപോകുന്ന സ്ഥലമാണിത്.
2050 ചതുരശ്ര അടിയുള്ള മൂന്നു നില കെട്ടിടത്തില്‍ ആറ് കിടപ്പുമുറികളുണ്ട്. മുന്‍വാതില്‍ തുറന്നാല്‍ ആദ്യം തന്നെ മാലകള്‍ കൊണ്ട് അലങ്കരിച്ച ബാബാ സാഹിബിന്‍റെ പ്രതിമയാണ് കാണുക. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഓരോ മുറികളിലും പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. ഡൈനിംഗ് റൂം ടേബിളിലുടനീളം പണ്ട് അദ്ദേഹം ഉപയോഗിച്ച നിയമ സംബന്ധിയായ രേഖകൾ കാണാം. അകത്തെ ടേബിളില്‍ അദ്ദേഹം അഴിച്ചുവെച്ച കണ്ണടയുമുണ്ട്.
പക്ഷെ, അയൽവാസികളായ രണ്ടുപേര്‍ മ്യൂസിയത്തെ എതിർത്തുകൊണ്ട് രംഗത്തെത്തി. ലോക്കല്‍ കൌണ്‍സിലില്‍ പരാതികൊടുത്തു. ആളുകള്‍ താമസിക്കുന്നിടത്ത് മ്യൂസിയങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്ന നിയമത്തിന്‍റെ ചുവടുപിടിച്ചാണ് അവര്‍ കൌണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. എന്തായാലും അടുത്ത മാസം നടക്കുന്ന വിശദമായ ഹിയറിംഗിൽ വീടിന്റെ കാര്യത്തില്‍ തീരുമാനമാകും. ഒരുപക്ഷെ, അതൊരു ഭവനമായിത്തന്നെ നിലനിര്‍ത്തി സന്ദർശകർക്കു മുന്‍പില്‍ അതിന്‍റെ വാതിലുകൾ കൊട്ടിയടക്കപ്പെട്ടേക്കാം. അവിടെ മ്യൂസിയം നിലനില്‍ക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലാത്ത അയല്‍വാസികളും ഉണ്ട്. നൂറുകണക്കിന് ആളുകള്‍ അനുദിനം വന്നുപോകുന്നുണ്ടെങ്കിലും അതുകൊണ്ട് ആര്‍ക്കും യാതൊരു പ്രശ്നവുമില്ലെന്നും, അങ്ങിനെയൊരു സംഭവം തന്നെ അവിടെയുള്ളതായി അറിയാറില്ലെന്നും അവിടുത്തെ ഒരു താമസക്കാരന്‍ ബി.ബി.സിയോട് പറഞ്ഞു.
അംബേദ്കർ ഹൗസ് എന്നറിയപ്പെട്ട ഈ വീട് 2015-ൽ 31 ലക്ഷം പൗണ്ടിന് (ഏതാണ്ട് 27,18,60,544 ഇന്ത്യന്‍ രൂപ) മഹാരാഷ്ട്ര സർക്കാർ വിലയ്ക്കു വാങ്ങിയിരുന്നു. അവിടെ പണിത അംബേദ്കർ സ്മാരകവും മ്യൂസിയവും ആ വർഷം നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. അംബേദ്കർ സ്മാരകം നിലനിർത്തേണ്ടതിന്റെ ആവശ്യകത അവിടത്തെ പ്രാദേശിക ഭരണകൂടത്തെ ബോധ്യപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ രണ്ടു വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.
2018 ഫെബ്രുവരിയിൽ കെട്ടിടം മ്യൂസിയമായി ഉപയോഗിക്കാൻ അനുമതിക്കായി മഹാരാഷ്ട്ര സർക്കാർ മുൻകൂട്ടി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബറിൽ കൗൺസിൽ അത് നിരസിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായതിനാല്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ അറിയിച്ചത്. സന്ദര്‍ശകരുടെ ബഹളം കാരണം രാവും പകലും അവിടെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി രണ്ടു പ്രദേശവാസികള്‍ പരാതി നല്‍കുക കൂടെ ചെയ്തതോടെ കൗൺസിലില്‍ നിന്നും അനുകൂലമായൊരു വിധി പ്രതീക്ഷിക്കാന്‍ കഴിയില്ല.
Leave a Reply