നിത്യപ്രകാശവഴിയില്‍
സിസ്റ്റര്‍ കാര്‍മേലിന്റെ വാക്കുകള്‍ കൊണ്ടുള്ള തലോടലുകള്‍ ഫാത്തിമ ഏറ്റുവാങ്ങി. ആകര്‍ഷകമായ ആ കണ്ണുകളില്‍ കണ്ടത് സ്‌നേഹമാണ്, പ്രകാശമാണ്. സമൂഹവും ബന്ധുക്കളും ഉപേക്ഷിച്ചു പോയവരെ അന്വേഷിച്ചു കണ്ടെത്തി സ്വന്തം ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന സ്വന്തം മാതാവ്.
“”ഇനി ഞങ്ങള്‍ നിനക്കൊപ്പമുണ്ട്. ഒന്നും ഭയപ്പെടേണ്ടതില്ല.”
അവളുടെ മുഖത്തെ ആകുലതകള്‍ മാറി സന്തോഷം കണ്ണുകളില്‍ പ്രകടമായി.
മുന്നില്‍ കണ്ട അനിശ്ചിതത്വത്തിന്റെ കരിനിഴല്‍ അകന്നുപോയി. അവസാനമായി സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞത്.
“”നീ ഇന്നുമുതല്‍ പുതിയൊരു ഫാത്തിമയാണ്. ഇനി മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കുകയാണ് വേണ്ടത്. ” സിസ്റ്ററുടെ വാക്കുകള്‍ അവളില്‍ ആത്മവിശ്വാസമുണര്‍ത്തി. സിസ്റ്റര്‍ കാര്‍മേലിന്റെ സാന്നിദ്ധ്യമാണ് ഈ പുനര്‍ജന്മത്തിന് കാരണമായത്. ചെകുത്താന്മാരുടെ കോട്ടയില്‍ നിന്നും വിടുവിച്ചവള്‍. മറ്റുള്ളവരെ മനസ്സിലാക്കാനും സ്വീകരിക്കാനും മനസ്സുള്ളവള്‍. മനസ്സിനെ സ്പര്‍ശിച്ച നിമിഷങ്ങള്‍ ഓര്‍ത്തിരിക്കേ സിസ്റ്റര്‍ നോറിന്‍ അറിയിച്ചു. “”ഫാത്തിമക്ക് ഇവിടുത്തെ നിയമങ്ങളും മറ്റും കൂടുതലായി കെയര്‍ ഹോമിന്റെ മാനേജര്‍ പറഞ്ഞുതരും. ഇവിടുത്തെ ഒരു അന്തേവാസിയായി വന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇനിയും ഇഷ്ടമുള്ള വഴികളില്‍ ഇഷ്ടംപോലെ ഇവിടുന്നു പോകാനാകില്ല. നിനക്ക് പ്രായം കുറവല്ലേ? പഠിക്കാനും ഏതു തൊഴില്‍ ചെയ്യാനും അവസരമുണ്ട്. അതല്ല ഇവിടുത്തെ കൃഷികളിലോ ബേക്കറിയിലോ തൊഴില്‍ ചെയ്യണമെങ്കില്‍ അതുമാകാം. നിനക്ക് ഏതു ദൈവത്തെ വേണമെങ്കിലും വിളിച്ച് പ്രാര്‍ത്ഥിക്കാം. ഒരിക്കലും മതവിശ്വാസങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല. എനിക്ക് ഒന്നുമാത്രമേ നിന്നോടു പറയാനുള്ളൂ. പരമകാരുണ്യവനായ ദൈവത്തില്‍ അല്ലെങ്കില്‍ അള്ളാഹുവില്‍ വിശ്വസിക്കുന്നതാണ് നല്ലത്. ഇനിയും ചെകുത്താന്റെ ആത്മാവ് നിന്നെ ബാധിക്കരുത്. ” മ്ലാനമായ കണ്ണുകളോടെ അവള്‍ സിസ്റ്ററെ നോക്കി. പാപത്തിന്റെ തടവില്‍ കിടന്ന തന്നെ ഇവിടെ എത്തിച്ചതില്‍ വളരെയേറെ നന്ദിയുണ്ടെന്ന് അവള്‍ മറുപടി നല്കി. സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞു.
“”നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയാണിത്. തുടര്‍ന്നുള്ള കൗണ്‍സിലിംഗില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നുമൊക്കെ ധാരാളമായി കേള്‍ക്കാനും പഠിക്കാനുമുള്ള അവസരങ്ങള്‍ ഇവിടെയുണ്ട്. ഇനിയും ഫാത്തിമ മെര്‍ളിനൊപ്പം പോകുക. അവള്‍ മാനേജരെ കാട്ടിത്തരും.”
മെര്‍ളിന്‍ ഫാത്തിമയേയും കൂട്ടി പുറത്തേക്കു നടന്നു. അവള്‍ അവിടെനിന്ന് പോയിട്ടും അവളുടെ തുണികളില്‍നിന്ന് വന്ന വിലേയേറിയ സുഗന്ധം അകന്നുപോയില്ല.
ഭക്ഷണശേഷം ജാക്കി മുറിക്കുള്ളില്‍ വെറുതെ ഉലാത്തുകയായിരുന്നു. അപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. ഷാരോണിന്റെ നമ്പര്‍ തെളിഞ്ഞു. അവന്‍ വളരെ സന്തോഷത്തോടെ ഫോണ്‍ എടുത്തു.
“”ഷാരോണ്‍ ഇത് ജാക്കിയാണ്. ഇതാണ് എന്റെ മൊബൈല്‍ നമ്പര്‍. മുമ്പ് ഞാന്‍ വിളിച്ചിരുന്നു. ക്ലാസ്സിലായിരുന്നു അല്ല? ”
“”അതെ” ഷാരോണ്‍ മറുപടി പറഞ്ഞു.
അവര്‍ വളരെനേരം വിശേഷങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഷാരോണ്‍ തൊട്ടരുകില്‍ എത്തിയതുപോലെ അവനു തോന്നി. അവളുടെ സ്വഭാവം പോലെതന്നെ അവളുടെ സ്വരവും മധുരമാണ്. എന്നെ അഭിനന്ദിച്ചപ്പോള്‍ തോന്നിയത് അടുത്ത് നിന്ന് കൈവീശിക്കാണിക്കുന്നതായിട്ടാണ്. അവള്‍ പറഞ്ഞതുപോലെ ഭാവിക്കായി അദ്ധ്വാനിക്കുക. അവളുടെ സമീപനവും വാക്കുകളും എന്നും തന്നെ രക്ഷയിലേക്കാണ് നയിച്ചിട്ടുള്ളത്.
അവള്‍ പറഞ്ഞതാണ് യാഥാര്‍ത്ഥ്യം. ഇവിടെ കാലുകുത്തിയ നിമിഷംമുതല്‍ തന്നെ ഭയപ്പെടുത്തിയ ഭാവിയെ നേരിടാനാണ് തന്റെ ലക്ഷ്യം. വിജയകരമായി അത് പൂര്‍ത്തിയാക്കണം. അതിനിടയില്‍ തടസ്സങ്ങളും പ്രയാസങ്ങളും ഒക്കെയുണ്ടാകാം. എന്തൊക്കെ സംഭവിച്ചാലും ഞാനാഗ്രഹിക്കുന്നിടത്ത് എനിക്ക് എത്തിച്ചേരണം. കടലിന്റെ ആഴങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമേ മുത്തുമണികള്‍ ലഭിക്കുകയുള്ളൂ. ആ കരുത്തും ആത്മവിശ്വാസവുമാണ് തനിക്ക് ആവശ്യം. കടലിന്റെ ഉപരിതലത്തില്‍ കാറ്റുകൊണ്ടിരുന്നാല്‍ കടലിന്റെ ആഴം മനസ്സിലാകണമെന്നില്ല. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ യാതനകളും വേദനകളും അനുഭവിക്കാതെ പറ്റില്ല.
മൊബൈല്‍ വീണ്ടും ശബ്ദിച്ചു. നോക്കിയപ്പോള്‍ ഡാനിയല്‍ സാറാണ്. സുഖവിവരങ്ങള്‍ അന്വേഷിച്ചിട്ട് യൂണിയില്‍ പോയ കാര്യങ്ങള്‍ ഒക്കെ ഡാനിയല്‍സാര്‍ ചോദിച്ചു. അവന്‍ എല്ലാം വിശദീകരിച്ചു. അവസാനമായി താമസസൗകര്യമൊക്കെ ശരിയാക്കിക്കൊണ്ടിരിക്കുന്നു എന്നു പറഞ്ഞു. അടുത്തതായി ജോലിയുടെ കാര്യമാണ്.അതിനായി രാജ്യത്തെ നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പരിന് അപേക്ഷിക്കയെന്നതാണ് ആദ്യനടപടി. അദ്ദേഹം പറഞ്ഞ നമ്പര്‍ എഴുതിയെടുക്കാന്‍ പറഞ്ഞു.
പെട്ടെന്നവന്‍ പേപ്പറും പേനയുമെടുത്ത് എഴുതിയെടുത്തു. “” താമസിക്കുന്ന അഡ്രസ് കെയര്‍ ഹോമിന്റെ കൊടുത്താല്‍ മതി. സിസ്റ്റര്‍ കാര്‍മേലിന്റെ പേര് കെയര്‍ ഓഫ് കൊടുക്കുക. താമസസൗകര്യം ആയാല്‍ ഉടന്‍ ജാക്കിയെ കൊണ്ടുവരാനായി ഞാനെത്തിക്കൊള്ളാം. ഉടനെ ഈ നമ്പരില്‍ വിളിച്ച് അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്കുക. ഈ നമ്പര്‍ ഇല്ലാത്തവര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ സാധ്യമല്ല. ഇതിന്റെ ലക്ഷ്യം നമ്മുടെ ശമ്പളത്തില്‍് നിന്ന് ചെറിയൊരു വീതം സര്‍ക്കാരിന് നല്കുക. അതുകൊണ്ടാണ് ഇവിടെ ആശുപത്രി അടക്കമുള്ള പല സര്‍ക്കാര്‍ മേഖലകളും പ്രവര്‍ത്തിക്കുന്നത്, മാത്രമല്ല പെന്‍ഷനാകുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുകയുംചെയ്യും. അല്ലാതെ ഇന്ത്യയിലേപ്പോലെ ഉദ്യോഗസ്ഥന്മാരുടെയും മന്ത്രിമാരുടെയും കീശയിലേക്ക് പോകാനല്ല.” ഡാനിയല്‍ സാര്‍ പറഞ്ഞു നിര്‍ത്തി.
ഇവിടുത്തെ അഡ്രസ് വേണമല്ലോ? ആരോടാണ് ഇപ്പോള്‍ ചോദിക്കുക. ഓഫീസില്‍ മെര്‍ളിന്‍ കാണും. നോക്കാം. തനിക്ക് ഇവിടുത്തെ അഡ്രസ് വേണമെന്ന് ഒരു പേപ്പറില്‍ എഴുതിയിട്ട് മെര്‍ളിന്റെ മുറിയിലേക്ക് നടന്നു. വരാന്തയില്‍ നിന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ ആരുമില്ല. വരാന്തയുടെ മധ്യത്തിലൂടെ മെലിഞ്ഞ ഒരു സ്ത്രീ നിഴല്‍പോലെ നടന്നകന്നത് അവന്‍ കണ്ടു. ആരെയെങ്കിലും ഒന്ന് കണ്ടാല്‍ അഡ്രസ് ചോദിക്കാമായിരുന്നു. ഇവിടുത്തെ കാര്യങ്ങള്‍ കൂടുതല്‍ അറിയില്ല. ആകെ അറിയാവുന്ന സ്ഥലം ഭക്ഷണശാലയാണ്. അവന്റെ കണ്ണുകള്‍ പലഭാഗത്തേക്കും നീണ്ടു. ഇനിയും എന്ത് ചെയ്യും. ആരെങ്കിലും ഇങ്ങോട്ടുവരുമെന്ന് അവന്‍ പ്രതീക്ഷയോടെ നിന്നു. വീണ്ടുമൊരു സ്ത്രീ വേഗതയില്‍ പോകുന്നു. സംശയത്തോടെ അവിടേക്ക് നോക്കി. ഇവള്‍ എങ്ങോട്ടാണ് പോകുന്നത്?
എന്താണ് നടക്കുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ നോക്കി. നൂറോളം പേര്‍ക്കിരിക്കാവുന്ന ഒരു ഹാളായിരുന്നു അത്. ധാരാളം സ്ത്രീകള്‍ അവിടെയിരുന്നു സിസ്റ്റര്‍ കാര്‍മേലിന്റെ പ്രഭാഷണം കേള്‍ക്കുന്നു. മൈക്കിലൂടെയുള്ള ശബ്ദം പുറത്തേക്കുവരുന്നുണ്ട്. ഇവിടെ നില്ക്കാന്‍ പാടുണ്ടോ? ആരെങ്കിലും ചോദിച്ചാല്‍ കയ്യിലെ കടലാസ് കാണിക്കാം. പുറത്തുനിന്ന് സിസ്റ്ററുടെ പ്രസംഗം കേള്‍ക്കാന്‍ തീരുമാനിച്ചു. ഒളിച്ചു നില്ക്കുന്നത് ശരിയാണോ? പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ടോ എന്നറിയാതെ എങ്ങിനെ അകത്തുകയറി ഇരിക്കും.
മനുഷ്യര്‍ ലംഘിക്കുന്ന അതിര്‍ത്തിരേഖകളെ കുറിച്ചുള്ള സിസ്റ്ററുടെ ഇംഗ്ലീഷിലുള്ള പ്രഭാഷണം നിര്‍ഗ്ഗളം പ്രവഹിക്കുകയാണ്.
“”ഹിന്ദുവിശ്വാസത്തിലെ ആരാധ്യനാണ് ശ്രീരാമന്‍. അദ്ദേഹത്തിന്റെ അനുജന്‍ ലക്ഷ്മണന്‍ വനത്തില്‍വച്ച് ജ്യേഷ്ഠന്റെ ഭാര്യയായ സഹോദരിക്ക് ഒരു ശാസന കൊടുത്തു. ലക്ഷ്മണന്‍ ഒരു വര വരച്ചിട്ട് പറഞ്ഞു. സഹോദരി ഈ രേഖ മുറിച്ചു കടക്കരുത്. ശ്രീരാമനെ തേടിയിറങ്ങിയ സീത മുറിച്ച് മുമ്പോട്ടു പോയി. അതാണ് ലക്ഷ്മണരേഖ. ലങ്കാധിപതിയായിരുന്ന രാവണന്‍ സീതയെ അപഹരിച്ച് ഇന്നത്തെ ശ്രീലങ്കയിലേക്ക് പോയി. അതിന്റെ അന്ത്യം ഒരു യുദ്ധത്തിലായിരുന്നു. യുദ്ധങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന് നാശമാണ്. ഒഴുകുന്നത് മനുഷ്യരക്തമാണ്. ജീവിതത്തില്‍ രണ്ടുപ്രാവശ്യമേ ഞാന്‍ കണ്ണീര്‍ വാര്‍ത്തിട്ടുള്ളൂ. ഒന്ന് എന്റെ പിതാവ് മരിച്ചതറിഞ്ഞ്. രണ്ട് യുദ്ധരംഗത്ത്. സമാധാനം ആഗ്രഹിക്കുന്ന ഒരു ഭരണാധിപനും ജനങ്ങളെ യുദ്ധത്തിലേക്ക് നയിക്കില്ല. യുദ്ധത്തിലേക്ക് നയിക്കുന്നവരെയാണ് കൊല്ലേണ്ടത്, അല്ലാതെ നിരപരാധികളെയല്ല.”
സിസ്റ്റര്‍ പറയുന്ന ഓരോ വാക്കിലും ശ്രദ്ധിച്ചു നിന്ന ജാക്കിക്ക് പ്രസംഗം തീരാറായോ എന്നൊരു തോന്നലുണ്ടായി. ഇവിടെ നില്ക്കുന്നത് ആരും കാണാന്‍ പാടില്ല. അത് തനിക്ക് മാത്രമല്ല സിസ്റ്റര്‍ക്കും കൂടി നാണക്കേടാണ്. ഏതാനും നിമിഷങ്ങള്‍ക്കകം അവന്‍ മുറിയിലേക്ക് പോയി ഉറങ്ങാന്‍ കിടന്നു.
വരാന്തയില്‍ ആരോ സംസാരിക്കുന്നത് കേട്ടവന്‍ പുറത്തേക്കു നോക്കി. മെര്‍ളിനുമായി സംസാരിച്ചുകൊണ്ട് ഒരു സ്ത്രീ. എന്താണ് അവര്‍ പറയുന്നതെന്ന് അവനു മനസ്സിലായില്ല. അവന്‍ അവരെ നോക്കി നിന്ന്. അല്പം കഴിഞ്ഞ് ആ സ്ത്രീ പോയപ്പോള്‍ അവന്‍ മെര്‍ളിന്റെ അടുത്തേക്കു ചെന്നു. അവന്‍ ആ പേപ്പര്‍ അവളെ കാണിച്ചു. അവള്‍ അവനെയും കൂട്ടി ഓഫീസ് മുറിയിലെത്തി കെയര്‍ ഹോമിന്റെ കാര്‍ഡ് അവനെ ഏല്പിച്ചു. അതില്‍ അഡ്രസ് ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വെബ്ബ് എല്ലാമുണ്ടായിരുന്നു. അവന് സന്തോഷമായി. അവന്‍ പറഞ്ഞു.
“”എനിക്ക് എന്‍.ഐ. നമ്പറിന് അപേക്ഷിക്കാനാണ്. ”
പെട്ടെന്ന് അവിടെ നിന്ന് പോകണമെന്ന് മനസ് പറഞ്ഞു. പെട്ടെന്ന് നന്ദി പറഞ്ഞ് പുറത്തു കടന്നു. ഡാനിച്ചായന്‍ തന്ന നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ എല്ലാം പറഞ്ഞുകഴിഞ്ഞപ്പോഴാണ് സമാധാനമായത്. കോളേജ് ക്ലാസുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകന്റെ ക്ലാസുകള്‍ നന്നായി ശ്രദ്ധിച്ചത് ഇവിടെ ഉപകാരപ്പെട്ടു.
വരാന്തയില്‍ ആരോ ഉച്ചത്തില്‍ ചുമക്കുന്നതായി തോന്നി അവന്‍ കതക് തുറന്നു നോക്കി. ഒരു സ്ത്രീയ ആശ്വസിപ്പിച്ചുകൊണ്ട് സിസ്റ്റര്‍ കാര്‍മേലും നോറിനും മുന്നോട്ടു പോകുന്നു. ഇടയ്ക്ക് സ്ത്രീ മൂളുന്നുണ്ട്. രോഗികളെ പരിശോധിക്കുന്ന മുറിയിലേക്ക് അവര്‍ പ്രവേശിച്ചു. എങ്ങും നിശബ്ദതയാണ്. മെര്‍ളിന്‍ ഏതോ മരുന്നുമായി വരുന്നത് കണ്ട് അവന്‍ പെട്ടെന്ന് മുറിയില്‍ കയറി കതക് അടച്ചു. മുറിക്കുള്ളിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ആരോ കതകില്‍ മുട്ടുന്നു. ആരായിരിക്കും. മെര്‍ളിനാണോ?
Leave a Reply