റ്റിജി തോമസ്
ട്യൂബ് ട്രെയിൻ ഇറങ്ങിയ ഞങ്ങൾ ആദ്യ സന്ദർശനത്തിന് തിരഞ്ഞെടുത്തത് ലോകമൊട്ടാകെ നിന്ന് ലണ്ടനിൽ എത്തുന്ന സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നായ മാഡം തുസാഡ്സ് ആണ്. ലണ്ടനിലെ തിരക്കേറിയ മേരി ലിബോൾ റോഡിലാണ് പ്രശസ്തമായ മാഡം തുസാഡ്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ജീവൻ തുടിക്കുന്ന മെഴുകു പ്രതിമകൾ ആണ് മാഡം തുസാഡ്സിലെ ഏറ്റവും വലിയ പ്രത്യേകത. കലയും സംസ്കാരവും ചരിത്രവും സമുന്വയിപ്പിക്കുന്ന വർണ്ണക്കാഴ്ചകളാൽ സമ്പന്നമാണ് മാഡം തുസാഡ്സിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും.
മാഡം തുസാഡ്സിൽ പ്രവേശിക്കുമ്പോൾ മറ്റേതോ ലോകത്ത് ചുവട് വയ്ക്കുന്നത് പോലെയാണ്. ഒരുവേള ലണ്ടനിൽ തന്നെയുള്ള സ്ഥലമാണോ എന്ന് വരെ നമുക്ക് സംശയം തോന്നും. പ്രവേശന കവാടത്തിലെ മാഡം തുസാഡ്സിൻ്റെ പേരെഴുതിയ ഫലകത്തിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്താണ് ഞങ്ങൾ ആ മായിക ലോകത്തിലേയ്ക്ക് പ്രവേശിച്ചത് . സന്ദർശകരെ കാഴ്ചയുടെ പറുദീസയിലേയ്ക്ക് കൊണ്ടു ചെന്നെത്തിക്കുന്ന മാഡം തുസാഡ്സ് മറ്റൊരു ലോകത്തിൻറെ മായിക പ്രപഞ്ചം നമുക്ക് സമ്മാനിക്കും .
സന്ദർശകർ ആദ്യം പ്രവേശിക്കുന്നത് റെഡ് കാർപ്പറ്റിലേയ്ക്കാണ് . ഒരു അവാർഡ് നിശയുടെ എല്ലാ രൂപ ഭംഗിയും ചേർന്നൊരുക്കിയ റെഡ് കാർപെറ്റിൽ വിഐപി നമ്മൾ തന്നെയാണ്. പിന്നീട് കാണാൻ പോകുന്ന കാഴ്ചകളുടെ മായിക ലോകത്തിലേയ്ക്ക് എത്തിച്ചേരാൻ ഓരോ സന്ദർശകരെയും മാനസികമായി ഉത്തേജിപ്പിക്കുന്ന റെഡ് കാർപെറ്റിൽ തുടങ്ങുന്ന യാത്ര ലോകത്തിലെ ഓരോ മേഖലകളിലെയും ഇതിഹാസ തുല്യമായ പ്രശസ്തരായവരുടെ ഒരു കൂട്ടം പ്രതിമകളുടെ വിസ്മയിപ്പിക്കുന്ന ലോകത്തിലേയ്ക്കാണ് നമ്മളെ കൊണ്ടുചെന്ന് എത്തിക്കുന്നത് . സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും ചരിത്രത്തിലെയും സിനിമയിലെയും ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ ഇതിഹാസതാരങ്ങളുമായി നമ്മൾക്ക് ഫോട്ടോ എടുക്കാം. ലോകപ്രശസ്തരായ ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ മഹാന്മാരുടെ യാഥാർത്ഥ്യം എന്ന തോന്നിക്കുന്ന മെഴുക് പ്രതിമയുടെ സാമീപ്യം ചരിത്രത്തിന്റെ പല ഏടുകളിലേയ്ക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കും. ഞാനും ജോജിയും വിജോയിയും ജോയലും ലിറോഷും ഞങ്ങളുടെ ഇഷ്ട താരങ്ങൾക്ക് ഒപ്പം നിന്ന് ഫോട്ടോകൾ എടുത്തു.
ബ്രിട്ടീഷ് രാജകുടുംബത്തിനായി തന്നെ ഒരു പ്രത്യേക വിഭാഗം ഉണ്ട്. നിലവിലെ രാജാവായ ചാൾസിനും കാമിലയ്ക്കും ഒപ്പം ഫോട്ടോ എടുക്കുന്നതിന് ചെറിയ ഒരു തുക ഫീസായി നൽകണം. ഞങ്ങൾ എലിസബത്ത് രാജ്ഞിയ്ക്കും ഡയാന രാജകുമാരിയ്ക്കും ഹാരിക്കും മേഗനുമൊപ്പം ഫോട്ടോ എടുത്തു.
സച്ചിൻ ടെൻഡുൽക്കറിൻ്റെയും ഷാരൂഖാന്റെയും പ്രതിമകൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉണ്ട്. പ്രതിമകൾ മാത്രമല്ല നമ്മളെ അത്ഭുതപ്പെടുത്താൻ മാഡം തുസാഡ്സിൽ ഉള്ളത്. ഇരുട്ട് നിറഞ്ഞ ഒരു പാതയിലൂടെ പോകുമ്പോൾ പെട്ടെന്ന് മുന്നിലേയ്ക്ക് ചാടി വീഴുന്ന ഭീകരരൂപത്തെ കണ്ട് ഞങ്ങളൊട്ടാകെ ഞെട്ടി വിറച്ചു. ഇത്തരം ഒട്ടേറെ രസകരമായ അവിചാരിത മുഹൂർത്തങ്ങളാണ് ഓരോ സന്ദർശകരെയും ഇവിടെ കാത്തിരിക്കുന്നത്.
സ്പിരിറ്റ് ഓഫ് ലണ്ടൻ റൈഡ് ആണ് മാഡം തുസാഡ്സിൻ്റെ മറ്റൊരു പ്രധാന ആകർഷണം. ഒരു ടാക്സി കാറിനെ അനുസ്മരിപ്പിക്കുന്ന ചെറിയ ഒരു ക്യാബിനിൽ പ്രവേശിക്കുന്ന നമ്മളെ ഒരു റൈഡിലൂടെ ലണ്ടനിലെ ഭൂതകാല ചരിത്രത്തിലേയ്ക്ക് കൊണ്ടുപോകുന്നു. പഴയകാലത്തെ ലണ്ടൻ ഇവിടെ അതി മനോഹരമായി പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. വിവിധ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങളും സംഭവങ്ങളുമാണ് യാത്രയുടെ പ്രധാന ആകർഷണം. ആയിരത്തിഅഞ്ഞൂറാം ആണ്ട് തുടങ്ങിയുള്ള ലണ്ടൻ നഗരത്തിന്റെ പ്രധാന സംഭവവികാസങ്ങൾ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ സന്ദർശകരുടെ മുന്നിൽ അനാവരണം ചെയ്യപ്പെടും. ആധുനിക ലണ്ടനിൽ ആണ് ക്യാബിൻ സവാരി അവസാനിക്കുന്നത്.
18-ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജനിച്ച മേരി തുസാഡ്സിന് ചെറുപ്പത്തിലെ തന്നെ മെഴുക് പ്രതിമ ഉണ്ടാക്കുന്നതിൽ അഭിരുചി ഉണ്ടായിരുന്നു. പ്രശസ്തമായ ഫ്രഞ്ച് വിപ്ലവകാലത്തെ വധിക്കപ്പെട്ട ലൂയി പതിനാറാമൻ രാജാവ് ഉൾപ്പെടെയുള്ളവരുടെ മെഴുക് പ്രതിമകൾ നിർമ്മിക്കുന്നതിലൂടെയാണ് മേരി പ്രശസ്തയായത്. 1802 -ൽ മേരി തുസാഡ്സ് ലണ്ടനിലേയ്ക്ക് താമസം മാറി. അവൾ തൻറെ പ്രിയപ്പെട്ട മെഴുകുരൂപങ്ങളുടെ ശേഖരം തന്നോടൊപ്പം ലണ്ടനിലേയ്ക്ക് കൊണ്ടുവന്നിരുന്നു . ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശനം നടത്തി വൻ ജനപ്രീതി നേടിയ ശേഷമാണ് ലണ്ടനിൽ ബേക്കർ സ്ട്രീറ്റിൽ അവർ മ്യൂസിയം ആരംഭിച്ചത്.
സന്ദർശകരുടെ എണ്ണവും പ്രശസ്തിയും വർദ്ധിച്ചതോടെയാണ് 1884 ൽ മേരി തുസാഡ്സിൻ്റെ കൊച്ചുമകൾ മ്യൂസിയം ബേക്കർ റോഡിലെ നിലവിലെ സ്ഥലത്തേയ്ക്ക് മാറ്റിയത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് തീപിടുത്തം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിട്ടാണ് മ്യൂസിയം ഇന്നത്തെ നിലയിലെത്തിയത്. ഓരോ വർഷവും പുതിയ രൂപങ്ങളും സാങ്കേതികവിദ്യയും ഉൾപ്പെടുത്തി മ്യൂസിയം വിപുലീകരിക്കുന്നത് കൊണ്ട് ഓരോ സന്ദർശനവും സമ്മാനിക്കുന്നത് നമ്മൾക്ക് വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും. ലണ്ടനിൽ ആരംഭിച്ച മാഡം തുസാഡ്സ് മ്യൂസിയം ഇന്ന് ന്യൂയോർക്ക് ഉൾപ്പെടെയുള്ള ലോകത്തിലെ പ്രശസ്തമായ 24 നഗരങ്ങളിലെ സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമാണ്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്മൃതികൾ അതിഗംഭീരമായിക്കൊണ്ടിരിക്കുന്നു. യുകെ മലയാളികളുടെ ഓർമ്മ പുതുക്കലും കൂടിയാണിന്. ഒപ്പം യുകെയിൽ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ വിരണങ്ങൾ ഉപകാരപ്പെടും. പ്രിയ ലേഖകന്‍ അഭിനന്ദനങ്ങൾ നേരുന്നു.