പെരിയാർ ഞങ്ങൾ കടുങ്ങല്ലൂർകാർക്ക് എന്നും ഒരു കളിക്കൂട്ടുകാരൻ ആയിരുന്നു. കുട്ടിക്കാലം മുതൽ എല്ലാ വീട്ടിലും കേൾക്കുന്ന ഒരു പല്ലവിയുണ്ട് . ‘അമ്മേ ഞങ്ങൾ പുഴേപ്പോണൂ’ എന്നത് . അത്രയും സുരക്ഷിതമായ ഒരു കളിസ്ഥലമായിരുന്നു ശാന്തമായി ഒഴുകിയിരുന്ന പെരിയാർ .
2018 ആഗസ്ത് 14 .സ്വാതന്ത്ര ദിനത്തലേന്ന് രാത്രിയാണ് പുഴയിൽ വെള്ളം കയറുന്നു എന്ന ‘ സന്തോഷകരമായ ‘ വാർത്ത ഞങ്ങൾ അറിയുന്നത് . റോഡുകളിൽ, ഇടവഴികളിൽ മുട്ടോളം വെള്ളവുമായി വന്ന് പുഴ ഞങ്ങളെ വീട്ടിൽ വന്നു കണ്ട് തിരിച്ചുപോകുന്നത് ഒരു സ്ഥിരം പരിപാടി ആയത്കൊണ്ട് എല്ലാവരും സാധാരണ മട്ടിൽ ഒരുങ്ങിയിരുന്നു . പക്ഷേ , ഇത്തവണ കാര്യങ്ങൾ പന്തിയല്ലെന്ന് 15 – )൦ തീയതി പകലോടെ മനസ്സിലായി തുടങ്ങി . 99 ലെ വെള്ളപ്പൊക്കത്തിലെ വീരകഥകളും ദയനീയ സ്ഥിതിയും പുതുക്കി എഴുതുന്ന പ്രളയമാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങൾ ഓരോരുത്തരും ഭീതിയോടെ തിരിച്ചറിഞ്ഞു തുടങ്ങി . അപ്പോഴേക്കും പ്രദേശത്തെ വൈദ്യുതിബന്ധം വിശ്ചേദിക്കപ്പെട്ടിരുന്നു .
ഒരു നില മാത്രം ഉള്ള എന്റ്റെ വീടിനുള്ളിൽ വെള്ളം ഇരച്ചു കയറിയതോടെ ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ ഞങ്ങൾ ആറ൦ഗസംഘം തൊട്ടടുത്ത് ഇരുനിലയുള്ള തറവാട്ട് വീട്ടിലേക്ക് മാറി . അടുത്തുള്ള സ്വന്തക്കാരുടെ വീടുകളിലെ ഒരു ചെറുസംഘം കൂടി അങ്ങോട്ടെത്തി . 99 ലെ വെള്ളപ്പൊക്കത്തിൽ നടവരെ മാത്രം വെള്ളം കയറിയിരുന്ന ആ വീടിന്റെ രണ്ടാം നിലയിൽ ഇനിയെന്തുചെയ്യും എന്ന് കരുതി ഞങ്ങൾ കൂടിയിരുന്നു , സ്ത്രീകളും കുട്ടികളും അടക്കം 13 പേർ . എന്റ്റെ ചെറിയ മകൾ മുതൽ 82 വയസ്സുള്ള അച്ഛനും ഉൾപ്പെട്ട സംഘത്തിൽ യുവാക്കളായി ഞാനും ജേഷ്ഠനും മാത്രമാണുള്ളത് .
ഒരു എണ്ണവിളക്കിന്റെ വെളിച്ചത്തിൽ രാത്രി എല്ലാവരും വട്ടമിട്ടിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പുഴ പല പുതിയ കൈവഴികളായി വീടിന്റെ നാലുവശവും പരക്കുകയായിരുന്നു .മതിലുകൾ ഓരോന്നായി ഇടിഞ്ഞു വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം ഭീതിയോടെ ഞങ്ങൾ കേട്ടു . മൂന്നാം ദിവസം കുടിക്കാൻ ശേഖരിച്ചുവെച്ച മഴവെള്ളവും തീർന്നതോടെ എല്ലാവരുടെയും മുഖത്തും ഭീതിയുടെ നിഴലുകളായി . രണ്ടു പറമ്പുകൾക്കപ്പുറമായിരുന്ന പുഴ ഇതാ വീടിനു മുന്നിലൂടെ അനേകം ചുഴികളായി ഒഴുകുന്നത് നടുക്കത്തോടെ നോക്കി നിന്നു . രക്ഷാപ്രവർത്തകരുടെ വള്ളങ്ങൾ ദൂരെ റോഡിനെ മൂടിയ വെള്ളത്തിലൂടെ കണ്ട് കടും നിറത്തിലുള്ള ഉടുപ്പുകൾ ഉയർത്തി വീശി ഞങ്ങൾ കൂവി വിളിച്ചു .
പുഴയുടെ വളരെ അടുത്ത് ആയതിനാൽ വലിയ കുത്തൊഴുക്കോടെയാണ് വീടിനു മുന്നിലൂടെ കരയിലേക്കുവന്ന് പെരിയാർ രൗദ്ര ഭാവം പൂണ്ടത് . കുത്തൊഴുക്ക് കാരണം ഞങ്ങളുടെ വഴിയിലേക്ക് വള്ളം അടുപ്പിക്കാനുള്ള രക്ഷാപ്രവർത്തകരുടെ ശ്രെമം വിഫ ലമാകുന്നതും നോക്കി നിന്നു നെടുവീർപ്പിട്ടു .അടുത്ത വീടുകളിൽ നിന്ന് ഭക്ഷണവും വെള്ളവും തീർന്ന നില വിളികൾ ഞങ്ങൾ പുരപ്പുറത്തിരുന്നു കണ്ടും കെട്ടും അറിഞ്ഞു .എല്ലാവരും തീർത്തും നിസ്സഹായരായിരുന്നു, ദിവസങ്ങൾക്ക് ശേഷം പ്രദേശത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകരും ഹെലികോപ്റ്ററുകളും വള്ളങ്ങളും എത്തിത്തുടങ്ങി .
മത്സ്യത്തൊഴിലാളികളും തീരദേശപോലീസും ഉൾപ്പെടെയുള്ളവർ രക്ഷകരായെത്തി . ഇതിനിടെ എഞ്ചിൻ ഘടിപ്പിച്ച ഫൈബർ വള്ളങ്ങൾ ഒഴുക്കിൽപ്പെട്ട് മതിലിൽ ഇടിച്ചു തകർന്നു . വഞ്ചിക്കാരുടെയും ഹെലികോപ്ടറിന്റെയും ശ്രെദ്ധ കിട്ടാനായി ഞങ്ങൾ കൂടുതൽ സമയവും ടെറസിനു മുകളിൽ ആയിരുന്നു . ഞങ്ങളെക്കാൾ പുഴയോട് അടുത്തുള്ള ഉളിയന്നൂർ, ഏലൂക്കര ഭാഗങ്ങളിലെ വീടുകളിൽ ഹെലികോപ്റ്റർ മരങ്ങൾക്കിടയിലൂടെ അപകടകരമായ വിധത്തിൽ താഴ്നിറങ്ങി ഭക്ഷണപ്പൊതികൾ ഇട്ടുകൊടുക്കുന്നതും എയർ ലിഫ്റ്റ് ചെയ്യുന്നതും കണ്ടിരുന്നു .
നാലാം ദിവസം മത്സ്യത്തൊഴിലാളികളുടെ ഒരു വള്ളം ഞങ്ങളെ രക്ഷിക്കാനുള്ള ശ്രെമങ്ങൾ തുടങ്ങി . വള്ളം വീട്ടിലേക്ക് എത്തിക്കാനാവില്ലെന്നു ഉറപ്പായതോടെ വള്ളം റോഡിൽ കെട്ടിയിട്ട് ഒരു വലിയ വടം വീട്ടിലേക്ക് നീട്ടിക്കെട്ടി .വലിയ റബ്ബർ ട്യൂബിൽ ഓരോരുത്തരെ ഇരുത്തി അവർ വടത്തിൽ പിടിച്ച് നീന്തി വള്ളത്തിലെത്തിച്ചു . നാം പേരറിയാത്ത ഒരുപാട് പേരോട് ജീവിതം കൊണ്ട് കടപ്പെട്ടിരിക്കുന്നു എന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത് . ഈ ഒഴുക്കിൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രം സാധ്യമായ വഴക്കത്തോടെ ഓരോ വളവുകളും തിരിവുകളും പിന്നിട്ട് അവർ ഞങ്ങളെ ആലുവയിൽ എത്തിച്ചു .മൊബൈൽ ഫോൺ ചാർജ് ചെയ്തതോടെയാണ് ഞങ്ങളുടെ പരിസരങ്ങളിൽ ഇനിയും കൂടുതൽ ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന വിവരം അരിഞ്ഞത് . കടുങ്ങല്ലൂരിലെ ‘എസ് ‘ വളവ് എന്ന് വിളിപ്പേരുള്ള വളവിലൂടെ വള്ളം കൊണ്ടുപോകാൻ പറ്റുന്നില്ലെന്നു അറിഞ്ഞതോടെ അവിടെയുള്ളവരുടെ കാര്യം ഓർത്ത് കൂടുതൽ ഭീതിയിലായി .പലരെയും പിറ്റേദിവസം ഹെലികോപ്റ്ററുകളിലും നാവികസേനയുടെ ബോട്ടുകളിലും രക്ഷപ്പെടുത്തിയതായി പിറ്റേന്ന് അറിഞ്ഞു .
വെള്ളം സാവധാനം ഇറങ്ങിത്തുടങ്ങിയപ്പോൾ ഞാനും ജേഷ്ഠനും കടുങ്ങല്ലൂരിലേക്ക് മുട്ടോളം വെള്ളത്തിൽ നീന്തിയെത്തി .അപ്പോഴുള്ള കാഴ്ചയായിരുന്നു മനസ്സിന് കൂടുതൽ നടുക്കം തന്നത് . ആകാശത്തിലൂടെ ചില പക്ഷികൾ പറന്നു പോകുന്നത് ഒഴിച്ചാൽ ജീവനുള്ള ഒരാളെയോ ജീവിയെയോ അടുത്തെങ്ങും കാണാനില്ല . ഭയാനകമായ ഒരു നിശബ്ദത ആയിരുന്നു ചുറ്റിനും .ഭയം എന്ന വികാരം എന്താണെന്നു തിരിച്ചറിഞ്ഞ നിമിഷം . അകലെ കേട്ടറിവ് പോലും ഇല്ലാത്ത സ്ഥലത്തു സൃഷ്ടിച്ചെടുക്കുന്ന സയൻസ് ഫിക്ഷൻ കഥകളിൽ മാത്രം വായിച്ചതും , ‘അണു ബോംബിങ്ങിനു ശേഷം ‘ എന്ന അടിക്കുറിപ്പോടെ വന്ന ചിത്രങ്ങളിൽ മാത്രം കണ്ടതുമായ , മനസ്സിനെ നോവിപ്പിക്കുന്ന ആ വിജനതയുടെ രംഗം ഇതാ സ്വന്തം കണ്മുന്നിൽ .
പ്രളയം മുഴുവനായി മുക്കിക്കളഞ്ഞ് സർവ്വതും നാശമാക്കപ്പെട്ട എന്റെ വീടിനു ചുറ്റും കുഴഞ്ഞു മറിഞ്ഞ ചെളിയിൽ നടന്ന് ഞാൻ തറവാട് വീടിന്റെ ടെറസിനു മുകളിൽ കയറി. ചുറ്റും നോക്കി . എല്ലാ വീടുകളും അതുപോലെ തന്നെ നില്കുന്നു .ആരും അകത്തോ പുറത്തോ ഇല്ലെന്നു മാത്രം . മിക്ക വീടുകളിലും അകത്തും പുറത്തുമായി ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട് .മൊബൈലിൽ വന്ന സന്ദേശങ്ങൾ ഓരോന്നായി വായിച്ചു .
ആദ്യത്തെ അമ്പരപ്പിനും നിസ്സംഗതക്കും ശേഷം ഒന്നാലോചിച്ചപ്പോൾ മനസ്സിൽ ഒരുപാടുകാര്യങ്ങൾ ഇരച്ചുവന്നു . വില കൊടുത്തു വാങ്ങാവുന്ന സാധനങ്ങളേ പ്രളയത്തിൽ നഷ്ടമായിട്ടുള്ളൂ . വിലമതിക്കാനാകാത്ത കുടുംബം കൂട്ടുകാർ നാട്ടുകാർ എല്ലാം സുരക്ഷിതർ .നന്ദി എന്ന വാക്ക് ഒരാത്മഗതം പോലെ മനസ്സിൽ നിറഞ്ഞു തുളുമ്പി . അച്ഛൻ മത്സ്യത്തൊഴിലാളികളുടെ വള്ളത്തിലേക്ക് എത്താൻ റബ്ബർ ട്യൂബിൽ കയറാൻ നേരം അഴിച്ചിട്ട വെള്ളമുണ്ട് അടുത്ത് കിടപ്പുണ്ട്. അതെടുത്തു കീറി THANKS എന്ന് ടെറസിനു മുകളിൽ എഴുതി . ആരോടെന്നില്ലാതെ ആയിരങ്ങളുടെ മനസ്സിൽ നിറഞ്ഞ നന്ദിയോടെ ഉള്ള പ്രാർത്ഥന എന്നെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതായിരിക്കണം. ആ പ്രാർത്ഥനകളെയാണ് നമ്മൾ ദൈവം എന്നു വിളിക്കുന്നതെങ്കിൽ അത് ദൈവത്തിനും കൂടിയുള്ള നന്ദിയായിരുന്നു .
ആ അക്ഷരങ്ങളിൽ നമ്മുടെ മത്സ്യതൊഴിലാളികൾക്കും നാവിക സേനക്കും പോലീസുകാർക്കും പിന്നെ പേരും പദവിയും അറിയാത്ത രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഉള്ള നന്ദിയുണ്ട് .
നല്ല നാളെകളിലേക്ക് നോക്കിയിരിക്കാൻ ആ നന്ദിയുടെ പ്രകാശം നമ്മൾ മലയാളിയുടെ ചുറ്റും കൂടുതൽ തിളങ്ങിനിൽക്കട്ടെ …..
ധനപാൽ : ആലുവ കടുങ്ങല്ലൂരിൽ താമസം. എറണാകുളത്ത് ഐ. ടി കമ്പനിയിൽ പ്രോജക്ട് മാനേജർ ആണ് . ഭാര്യ ദീപ ചേർത്തല എൻ .എസ് .എസ് കോളേജിൽ അദ്ധ്യാപിക . 2 മക്കൾ, മൂത്ത മകൻ അർജുൻ 8 – ) o ക്ലാസ്സിൽ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ കാക്കനാടിൽ പഠിക്കുന്നു , ഇളയ മകൾ ഐശ്വര്യ 3 വയസ്സ് .
ധനപാൽ THANKS എന്ന് ടെറസിനു മുകളിൽ എഴുതിയത് നേവി ഫോട്ടോയെടുത്തു ഒഫീഷ്യൽ വെബ്സൈറ്റിറ്റിൽ നൽകിയിരുന്നത് ബിബിസി ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ മാധ്യമങ്ങൾ വളെരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെതിരുന്നു
അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.
തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും
ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.
Leave a Reply