കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകത്തെ മാറ്റിമറിച്ച പ്രധാന സംഭവങ്ങളില്‍ ഒന്നാണ് ഫേസ്ബുക്ക്. ഇന്ന് നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്. ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ് ഫേസ്ബുക്ക്. എന്നാൽ ഫേസ്ബുക്കിലെ ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതൊന്നുമല്ല. മാസങ്ങൾ മുമ്പ് തന്നെ ഫേസ്ബുക്ക് ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി റിപ്പോർട്ടുകൾ വന്നെങ്കിലും ഇന്നും അവരുടെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഫേസ്ബുക്ക് മോഡറേറ്റർമാരുടെ അവസ്ഥയും പരിതാപകരം തന്നെ. ബെർലിൻ ആസ്ഥാനമായുള്ള മോഡറേഷൻ സെന്ററിലെ കരാറുകാർ, തങ്ങളുടെ സഹപ്രവർത്തകർ ചിത്രരൂപത്തിലുള്ള ഉള്ളടക്കത്തിന് അടിമകളായെന്ന് വെളിപ്പെടുത്തി. അക്രമം, നഗ്നത, ഭീഷണിപ്പെടുത്തൽ എന്നിവ കണ്ടുകൊണ്ട് 8 മണിക്കൂറോളം ഒരു ദിനം ജോലി ചെയ്യേണ്ടി വരുന്നു. എന്നാൽ കിട്ടുന്ന വേതനവും കുറവാണെന്നു അവർ തുറന്ന് പറയുകയുണ്ടായി. മുതിർന്നവരും പ്രായപൂർത്തിയാകാത്തവരും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങൾ പരിശോധിക്കേണ്ടിവരുന്നതിൽ 90 ശതമാനവും ലൈംഗിക ചുവയുള്ളവയാണെന്ന് ഒരു മോഡറേറ്റർ പറഞ്ഞു. ” യുഎസിലെയും യൂറോപ്പിലെയും സമ്പന്നരായ പുരുഷന്മാർ ഫിലിപ്പീൻസിലെ പെൺകുട്ടികളുമായി സംസാരിച്ച് പത്തോ ഇരുപതോ ഡോളറിന് അവരുടെ നഗ്നചിത്രങ്ങൾ വാങ്ങുന്നു. ” അവർ കൂട്ടിച്ചേർത്തു. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഒരാളോട് ഇത്തരത്തിൽ ജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ കാര്യമല്ലെന്നും കരാറുകാരിയായ ഗിന അഭിപ്രായപ്പെട്ടു.
തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തികൊണ്ട് പലരും രംഗത്തെത്തി. ” മറ്റാരും ഈ കുഴിയിൽ വീഴാതിരിക്കാനാണ് ഞാൻ ഇത് തുറന്ന് പറയുന്നത്. ഈ ജോലിയെക്കുറിച്ച് ഒരു ചർച്ച ആരംഭിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ കഥകൾ ഞങ്ങൾ പങ്കുവെക്കേണ്ടതുണ്ട്. കാരണം ആളുകൾക്ക് ഞങ്ങളെക്കുറിച്ച്, ഞങ്ങളുടെ ജോലിയെക്കുറിച്ച്, ഉപജീവനത്തിനായി ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ല. ” കരാറുകാരനായ ജോൺ പറഞ്ഞു. ഫെബ്രുവരിയിൽ, ടെക്നോളജി സൈറ്റ് ‘ദി വേർജ്’ യുഎസ് ഫേസ്ബുക് കരാറുകാരുടെ ദുരനുഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജോലിഭാരങ്ങൾ കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ജീവനക്കാർ അനുഭവിക്കേണ്ടി വരുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാനായി ജർമനിയിലെയും അരിസോണയിലെയും മോഡറേറ്റർമാർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നു. ജോലിയുടെ സ്വഭാവം ബുദ്ധിമുട്ടുളവാക്കുന്നെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.”ഞങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിന് കൺടെന്റ് മോഡറേറ്റർമാർ സുപ്രധാനമായ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. അവർക്ക് ആവശ്യമായ എല്ലാ മാനസിക പിന്തുണയും നൽകുവാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്. ” ഫേസ്ബുക്ക് പ്രതികരിക്കുകയുണ്ടായി.
Leave a Reply